ദുബായില്‍ കുടുങ്ങിയ പി.വി സിന്ധു നാട്ടില്‍ തിരിച്ചെത്തി

ശാരീരികമായും മാനസികമായും തളര്‍ത്തിയ ഈ സാഹചര്യത്തില്‍ നിന്ന് മോചിതയാകാന്‍ തനിക്ക് വിശ്രമം ആവശ്യമാണെന്നും സിന്ധു വ്യക്തമാക്കി. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരം വരും ദിവസങ്ങളില്‍ തന്റെ അടുത്ത മത്സരക്രമങ്ങളെക്കുറിച്ച് തീരുമാനമെടുക്കും

author-image
Biju
New Update
sindhu

ബെംഗളുരു: മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ദുബായില്‍ കുടുങ്ങിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പി.വി സിന്ധു നാട്ടിലേക്ക് തിരിച്ചെത്തി. ചൊവ്വാഴ്ച നടക്കാനിരുന്ന സുപ്രധാന ടൂര്‍ണമെന്റായ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും താരം പിന്മാറി. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ താന്‍ ബംഗളൂരുവിലെ വീട്ടില്‍ എത്തിയ വിവരം സിന്ധു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

'ബംഗളൂരുവിലെ വീട്ടില്‍ സുരക്ഷിതയായി തിരിച്ചെത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ അങ്ങേയറ്റം സമ്മര്‍ദവും അനിശ്ചിതത്വവും നിറഞ്ഞതായിരുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ സഹായിച്ച ദുബൈ അധികൃതര്‍ക്കും, വിമാനത്താവള ജീവനക്കാര്‍ക്കും, ഇമിഗ്രേഷന്‍ വിഭാഗത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ' സിന്ധു എക്‌സില്‍ കുറിച്ചു.

ശനിയാഴ്ച മുതല്‍ ദുബൈയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു സിന്ധുവും സംഘവും. താരത്തിന്റെ താമസസ്ഥലത്തിന് സമീപം വലിയൊരു സ്‌ഫോടനം നടന്നുവെന്നും സിന്ധുവും ഇന്തോനേഷ്യന്‍ പരിശീലകന്‍ ഇര്‍വാന്‍സ്യാ ആദി പ്രതാമ ഉള്‍പ്പെടുന്ന സംഘവും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ വഴി ബിര്‍മിങ്ഹാമിലേക്ക് പോകാനിരുന്ന സിന്ധു, വിമാനത്താവളം അടച്ചതോടെയാണ് പ്രതിസന്ധിയിലായത്.

ശാരീരികമായും മാനസികമായും തളര്‍ത്തിയ ഈ സാഹചര്യത്തില്‍ നിന്ന് മോചിതയാകാന്‍ തനിക്ക് വിശ്രമം ആവശ്യമാണെന്നും സിന്ധു വ്യക്തമാക്കി. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ താരം വരും ദിവസങ്ങളില്‍ തന്റെ അടുത്ത മത്സരക്രമങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും കാരണം ഗള്‍ഫ് വ്യോമപാത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.