നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ വരുത്തേണ്ടത് ഒരേയൊരു മാറ്റം;  നിര്‍ദേശവുമായി രഹാനെ

ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ താരം അജിങ്ക്യാ രഹാനെ.

author-image
Jayakrishnan R
New Update
RAHANE

RAHANE



 

മുംബൈ:ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിയോടെ മാഞ്ചസ്റ്ററില്‍ ബുധനാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റ് ഇന്ത്യക്ക് ജീവന്‍മരണപ്പോരാട്ടമായിരിക്കുകയാണ്. നാലാം ടെസ്റ്റില്‍ തോറ്റാല്‍ പരമ്പര കൈവിടുമെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. തോറ്റ രണ്ട് ടെസ്റ്റിലും ജയിക്കാവുന്ന സാഹചര്യങ്ങളിലാണ് ഇന്ത്യ കളി കൈവിട്ടത് എന്നതും ശ്രദ്ധേയമാണ്.

ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നിര്‍ദേശിക്കുകയാണ് മുന്‍ താരം അജിങ്ക്യാ രഹാനെ. നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണ് രഹാനെ നിര്‍ദേശിക്കുന്നത്. ഇന്ത്യ ഒരു ബൗളറെ കൂടി ടീമില്‍ കളിപ്പിക്കണമെന്നാണ് രഹാനെയുടെ നിര്‍ദേശം.

ടെസ്റ്റ് ജയിക്കണമെങ്കില്‍ 20 വിക്കറ്റ് എടുത്തേ മതിയാകു. അതിനായി ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെകൂടി ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് രഹാനെ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. 

ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം പന്തെറിയാന്‍ കഴിയുന്ന ഒരു ബൗളര്‍ കൂടി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വേണം. കാരണം, ഇംഗ്ലണ്ടിലെ പിച്ചുകളില്‍ നാലാം ദിനവും അഞ്ചാം ദിനവും ബാറ്റിംഗ് എളുപ്പമായിരിക്കില്ല.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മനോഹരമായി പന്തെറിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 70-80 റണ്‍സെങ്കിലും ലീഡ് നേടിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. വലിയ സ്‌കോര്‍ നേടാന്‍ ഇന്ത്യക്ക് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗ്‌സിലെ റിഷഭ് പന്തിന്റെ റണ്ണൗട്ടാണ് കളി മാറ്റിമറിച്ചത്. ലഞ്ചിന് തൊട്ടു മുമ്പായിരുന്നു സ്റ്റോക്‌സിന്റെ നേരിട്ടുള്ള ത്രോയില്‍ പന്ത് റണ്ണൗട്ടായത്. ആ റണ്ണൗട്ടാണ് കളിയുടെ ഗതി തീരുമാനിച്ചത്.

സാധാരണ ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുമ്പ് ഫീല്‍ഡര്‍മാരൊക്കെ അല്‍പം അലസരാവുന്ന ഘട്ടത്തിലാണ് സ്റ്റോക്‌സ് ആക്രമണോത്സുക ഫീല്‍ഡിംഗിലൂടെ റിഷഭ് പന്തിനെ റണ്ണൗട്ടാക്കിയത്. അവിടെയാണ് കളി ഇംഗ്ലണ്ടിന് അനുകൂലമായത്. അതുപോലെ രണ്ടാം ഇന്നിംഗ്‌സില്‍ 40-1 എന്ന നിലയിലാരുന്നും ഇന്ത്യ. ആ സമയത്ത് കരുണ്‍ നായരുടെ പുറത്താകലാണ് ഇംഗ്ലണ്ടിന് തിരിച്ചുവരവിനുള്ള അവസരം ഒരുക്കിയതെന്നും രഹാനെ പറഞ്ഞു.

 

 

cricket sports