വീണ്ടും രഹാനെ; മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ഫൈനലില്‍

ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടിയില്‍ 98 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ കരുത്തില്‍ മുംബൈ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

author-image
Prana
New Update
rahane

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ ഉജ്വല ഫോം തുടരുന്ന അജിന്‍ക്യ രഹാനെ സെമിഫൈനലിലും തകര്‍ത്തടിച്ചതോടെ മുംബൈ ഫൈനലില്‍. സെമി ഫൈനലില്‍ ബറോഡയെ ആറു വിക്കറ്റിനു തോല്‍പ്പിച്ചാണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടിയില്‍ 98 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയുടെ കരുത്തില്‍ മുംബൈ 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടപ്പോള്‍ സെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ രഹാനെ ഔട്ട് ആയതു മാത്രമാണ് മുംബൈക്ക് ദുഖകരമായത്. 
നേരത്തെ ടോസ് നേടിയ മുംബൈ ബറോഡയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പുറത്താകാതെ 36 റണ്‍സെടുത്ത ശിവലിക് ശര്‍മയാണ് ബറോഡ നിരയിലെ ടോപ് സ്‌കോറര്‍. ഓപണര്‍ ശശാവത് റാവത്ത് 33 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സും സംഭാവന ചെയ്തു. മുംബൈ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ മുംബൈയ്ക്ക് എട്ട് റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ രഹാനെ-ശ്രേയസ് അയ്യര്‍ സഖ്യമാണ് മുംബൈ സ്‌കോര്‍ മുന്നോട്ട് നയിച്ചത്. 30 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 46 റണ്‍സെടുത്താണ് ശ്രേയസ് പുറത്തായത്. പിന്നാലെ രഹാനെ സെഞ്ച്വറിയിലേക്ക് നീങ്ങിയെങ്കിലും 98 റണ്‍സുമായി പുറത്തായി. 56 പന്തില്‍ 11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതാണ് രഹാനെയുടെ ഇന്നിംഗ്‌സ്. രഹാനെ പുറത്താകുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. സൂപ്പര്‍താരം സൂര്യകുമാര്‍ യാദവും അതേ സ്‌കോറില്‍ മടങ്ങിയെങ്കിലും സൂര്യാന്‍ഷ് ഷെഡ്ജ് സിക്‌സറിലൂടെ വിജയറണ്‍സ് നേടി.
സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണില്‍ റണ്‍വേട്ടയിലും അജിന്‍ക്യ രഹാനെയാണ് മുന്നില്‍. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറിയടക്കം 424 റണ്‍സ് രഹാനെ സ്വന്തമാക്കി കഴിഞ്ഞു.

mumbai final Syed Mushtaq Ali Trophy T20 tournament