/kalakaumudi/media/media_files/2025/08/30/rahul-2025-08-30-15-06-36.jpg)
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് വിട്ട് രാഹുല്‍ ദ്രാവിഡ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതായുള്ള അഭ്യൂഹം ശക്തമായി നില്‍ക്കെയാണ് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറുന്നത്. 2025ലെ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്‍പതാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. 14 കളിയില്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം.
2024ലെ ട്വന്റി20 ലോകകപ്പ് ജയത്തോടെ ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിലേക്ക് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എത്തുന്നത്. രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിയതിന് പിന്നാലെ കാലിന് പരുക്കേറ്റ രാഹുല്‍ ദ്രാവിഡ് വീല്‍ച്ചെയറിലാണ് ഗ്രൗണ്ടില്‍ ടീമിന്റെ പരിശീലന സെഷനൊപ്പമെല്ലാം ചേര്‍ന്നത്.
'ഒരുപാട് വര്‍ഷം രാഹുല്‍ ദ്രാവിഡിനെ കേന്ദ്രീകരിച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മുന്‍പോട്ട് പോയത്. പല തലമുറകളിലെ കളിക്കാരെ ദ്രാവിഡ് സ്വാധീനിച്ചു, സ്‌ക്വാഡിനുള്ളില്‍ വ്യക്തമായ മൂല്യബോധം നിറച്ചു, ഫ്രാഞ്ചൈസിയുടെ സംസ്‌കാരത്തില്‍ മാറ്റപ്പെടാന്‍ സാധിക്കാത്ത ഒരു അടയാളം രേഖപ്പെടുത്തി. ഫ്രാഞ്ചൈസിയില്‍ മറ്റൊരു വലിയ പൊസിഷന്‍ ദ്രാവിഡിന് മുന്‍പില്‍ ഓഫര്‍ ചെയ്തു. എന്നാല്‍ അത് സ്വീകരിക്കേണ്ടതില്ല എന്നാണ് ദ്രാവിഡ് തീരുമാനിച്ചത്. രാജസ്ഥാന്‍ റോയല്‍സും കളിക്കാരും ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള കോടിക്കണക്കിന് ആരാധകരും രാഹുല്‍ ദ്രാവിഡിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു ' രാജസ്ഥാന്‍ റോയല്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നില്‍ രാഹുല്‍ ദ്രാവിഡുമായുള്ള ഭിന്നതയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച് പുതിയ അപ്‌ഡേറ്റ്‌സുകള്‍ ഒന്നുമില്ല. രണ്ട് വര്‍ഷം കൂടി രാജസ്ഥാനുമായി സഞ്ജുവിന് കരാര്‍ ഉണ്ട്. സഞ്ജുവിനെ ട്രേഡ് ചെയ്യേണ്ടതില്ല, താര ലേലത്തിലേക്ക് റിലീസ് ചെയ്യേണ്ടതില്ല എന്ന് രാജസ്ഥാന്‍ തീരുമാനിച്ചാല്‍ താരത്തിന് മുന്‍പില്‍ മറ്റ് ഓപ്ഷനുകള്‍ ഇല്ല.
സഞ്ജു സാംസണിനെ വിട്ടുനല്‍കണം എങ്കില്‍ ഋതുരാജ് ഗയ്ക് വാദ്, രവീന്ദ്ര ജഡേജ എന്നിവരെ കൈമാറണം എന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. സഞ്ജുവിനെ സ്വന്തമാക്കാന്‍ താത്പര്യം ഉണ്ടോ എന്ന് മറ്റ് ഐപിഎല്‍ ഫ്രാഞ്ചൈസികളോടും രാജസ്ഥാന്‍ റോയല്‍സ് ആരാഞ്ഞതായി ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമ മനോജ് നേരിട്ടാണ് സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നത് എന്നും ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
രവീന്ദ്ര ജഡേജ, ഋതുരാജ് ഗയ്ക് വാദ് എന്നിവര്‍ക്ക് പുറമെ ശിവം ദുബെയുടെ പേരും രാജസ്ഥാന്‍ മുന്‍പോട്ട് വെച്ചതായാണ് വിവരം. എന്നാല്‍ തങ്ങളുടെ ഈ മൂന്ന് പ്രധാന കളിക്കാരേയും വിട്ടുനല്‍കാന്‍ തയ്യാറല്ല എന്ന നിലപാടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. അങ്ങനെയെങ്കില്‍ സഞ്ജുവിനെ സ്വന്തമാക്കാനുള്ള ശ്രമം ചെന്നൈ ഉപേക്ഷിച്ചേക്കും.