ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കണ്ട ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാനോട് പ്രത്യേക ഇഷ്ടം ആരാധകര്‍ക്കുണ്ടെന്ന് തന്നെ പറയാം. മലയാളിയായ സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയത് രാജസ്ഥാന് വലിയ പിന്തുണ ലഭിക്കാന്‍ കാരണമായി. കുമാര്‍ സംഗക്കാര പരിശീലകനായിരിക്കെ രാജസ്ഥാന്‍ നായകനായി ടീമിനെ ഫൈനലിലേക്കെത്താന്‍ സഞ്ജുവിനായി.
ഇത്തവണ രാഹുല്‍ ദ്രാവിഡ് പരിശീലകനായി വന്നതോടെ രാജസ്ഥാന്‍ റോയല്‍സില്‍ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ നിലവാരത്തിനൊത്ത തുടക്കം രാജസ്ഥാന് ലഭിച്ചില്ലെന്ന് തന്നെ പറയാം. അഞ്ച് മത്സരത്തില്‍ മൂന്നിലും തോറ്റ ടീം ഏഴാം സ്ഥാനത്താണുള്ളത്. ഇത്തവണ പ്ലേ ഓഫിലേക്കെത്താന്‍ തുടര്‍ച്ചയായ ജയം തന്നെ രാജസ്ഥാന്‍ നേടിയെടുക്കേണ്ടതുണ്ട്. നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ ശക്തമായി തിരിച്ചെത്തിയത് ടീമിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ്.
നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ വളര്‍ച്ച എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതാണെന്ന് പറയാം. സൂപ്പര്‍ നായകന്മാരോടൊപ്പം നില്‍ക്കുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ നായകനായുള്ള വളര്‍ച്ചയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്.
സഞ്ജു സാംസണിനെ നായകസ്ഥാനം തേടിയെത്തിയത് വളരെ അപ്രതീക്ഷിതമായാണ്. രാജസ്ഥാനിലൂടെ വളര്‍ന്ന താരമാണ് സഞ്ജു. താരത്തിന്റെ മികവിനെ ഏറ്റവും നന്നായി അറിയാവുന്ന രാജസ്ഥാന് തെറ്റിയില്ല. മികച്ച നായകനായിത്തന്നെ വളര്‍ന്ന് വരാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. സഞ്ജു ക്യാപ്റ്റനായി ഇത്രയും മികച്ച നിലയിലേക്ക് എത്താന്‍ കാരണം സംശയങ്ങള്‍ ചോദിക്കാന്‍ മടി കാട്ടാത്തതുകൊണ്ടാണെന്ന് ദ്രാവിഡ് പറയുന്നത്. സഞ്ജുവിനെ രാജസ്ഥാനിലേക്ക് എത്തിച്ചത് ദ്രാവിഡായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മികവിനെക്കുറിച്ച് കൃത്യമായ ധാരണ ദ്രാവിഡിനുണ്ട്.
'ക്യാപ്റ്റന്‍സി എന്നത് സ്വാഭാവികമായി ഉണ്ടാകേണ്ട കാര്യമാണ്. സഞ്ജു സാംസണിന് ആ കഴിവുണ്ട്. സഞ്ജുവിന്റെ പ്രധാന സവിശേഷത അവന്‍ എപ്പോഴും ചോദ്യം ചോദിക്കുന്നവനാണ് എന്നതാണ്. മെച്ചപ്പെടാന്‍ എപ്പോഴും ആഗ്രഹിക്കുന്ന താരമാണവന്‍. അവന്റെ ക്യാപ്റ്റനെന്ന നിലയിലെ വളര്‍ച്ച വലിയ പ്രതീക്ഷ നല്‍കുന്നതാണ്. സഹതാരങ്ങളോട് എങ്ങനെ സംസാരിക്കണമെന്നും അവരെ കൈകാര്യം ചെയ്യണമെന്നും സഞ്ജുവിനറിയാം. താരങ്ങള്‍ക്കും ടീമിനും എന്താണ് വേണ്ടതെന്നും അവരുടെ ലക്ഷ്യമെന്താണെന്നും സഞ്ജുവിന് നന്നായി അറിയാം' ദ്രാവിഡ് പറഞ്ഞു.
സഞ്ജു സാംസണിന് മികച്ച നായകന്റെ എല്ലാ സവിശേഷതയുമുണ്ട്. ടി20 ക്രിക്കറ്റില്‍ ഏറ്റവും പ്രധാനപ്പെട്ടത് അവസരത്തിനൊത്ത് കൃത്യമായ തീരുമാനം എടുക്കുകയെന്നതാണ്. പല സൂപ്പര്‍ നായകന്മാര്‍ക്ക് പോലും സാധിക്കാത്ത കാര്യമാണിത്. പക്ഷെ സഞ്ജുവിന് ഇത് സാധിക്കുന്നുണ്ട്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ പോലും കൃത്യമായ തീരുമാനം എടുക്കാനും അത് കൃത്യമായി നടപ്പിലാക്കാനും സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്.