രാജസ്ഥാൻ താരങ്ങളായ റിയാൻ പരാഗും യശ്വസി ജയ്‌സ്വാളും ബാറ്റിങ്ങിനിടെ
ഹൈദരാബാദ്: അവസാനപന്തു വരെ ആവേശം നീണ്ടുനിന്ന പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻറെ പോരാട്ടം രണ്ടു റൺസ് ബാക്കി നിൽക്കെ 200 റൺസിൽ അവസാനിച്ചു. ഹൈദരാബാദിന് ഒരു റൺസിൻറെ ത്രസിപ്പിക്കുന്ന ജയം. ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനെ വീഴ്ത്തിയത്.
13 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ അവസാന ഓവറിൽ വേണ്ടിയിരുന്നത്. റോവ്‌മൻ പവൽ (15 പന്തിൽ 27), ആർ.അശ്വിൻ (2 പന്തിൽ 2*) എന്നിവർ ക്രീസിൽ തുടർന്നു. ആദ്യ പന്തിൽ സിംഗിളെടുത്ത അശ്വിൻ, സ്ട്രൈക്ക് പവലിനു നൽകി. രണ്ടാം പന്തിൽ ഡബിളെടുത്ത പവൽ, മൂന്നാം പന്ത് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തിൽ വീണ്ടും ഡബിൾ വീതം അടിച്ചെടുത്തു. എന്നാൽ ഭുവനേശ്വർ എറിഞ്ഞ ഫുൾ ടോസ് പന്ത് പവലിൻറെ വിക്കറ്റ് എടുത്തു . എൽബിഡബ്യുയായി പവൽ പുറത്തായതോടെ ഹൈദരാബാദിന് ഒരു റൺസിൻറെ ജയം കൈക്കലായി.
മറുപടി ബാറ്റിങ്ങിൽ, രാജസ്ഥാനെ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് തകർത്തിരുന്നു. രണ്ടാം പന്തിൽ ജോസ് ബട്‌ലറിനെ (പൂജ്യം) ഭുവനേശ്വർ കുമാർ മാർക്കോ ജാൻസൻറെ കൈകളിലാക്കി . പിന്നാലെ കളത്തിലെത്തിയത് ക്യാപ്റ്റൻ സഞ്ജു സാംസൺ. പക്ഷേ നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജുവിനെ ഭുവനേശ്വർ ക്ലീൻ ബോൾഡാക്കി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച യശ്വസി ജയ്‌സ്വാൾ– റിയാൻ പരാഗ് സഖ്യം പതറാതെ രാജസ്ഥാനെ മുന്നോട്ടു നയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
