രാമനവമി ആഘോഷങ്ങൾ കാരണം സിറ്റി പോലീസ് സുരക്ഷാ അനുമതി നൽകാത്തതിനാൽ ഏപ്രിൽ 6 ന് ഈഡൻ ഗാർഡൻസിൽ നടക്കാനിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ഐപിഎൽ ഹോം മത്സരം പുനഃക്രമീകരിക്കാൻ സാധ്യത. രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിൽ 20,000 ത്തിലധികം ഘോഷയാത്രകൾ നടക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു നേരത്തെ പ്രഖ്യാപിച്ചിരുന്നു,
ചൊവ്വാഴ്ച സിറ്റി പോലീസുമായി ചർച്ചകൾ നടത്തിയ ശേഷം, മത്സരത്തിന് "അധികൃതർ അനുമതി നൽകിയിട്ടില്ല" എന്ന് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ (സിഎബി) പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി സ്ഥിരീകരിച്ചു. "മതിയായ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊലീസ് സംരക്ഷണം ഇല്ലെങ്കിൽ, 65,000 പേരടങ്ങുന്ന ജനക്കൂട്ടത്തെ ഉൾക്കൊള്ളുക അസാധ്യമാകും," സ്നേഹാശിഷ് പറഞ്ഞു.
ബിസിസിഐയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്, അന്തിമ തീരുമാനം എടുക്കാൻ ഇനിയും സമയമുണ്ട്. കഴിഞ്ഞ വർഷം രാമനവമി ദിനത്തിൽ നടക്കേണ്ടിയിരുന്ന ഐപിഎൽ മത്സരം പുനഃക്രമീകരിക്കേണ്ടി വന്നിരുന്നു .
2025 ലെ ഐപിഎൽ സീസൺ മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ ആരംഭിക്കും, നിലവിലെ ചാമ്പ്യന്മാരായ കെകെആർ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.
മത്സരത്തിന് മുമ്പ് 35 മിനിറ്റ് നീണ്ടുനിൽക്കുന്ന ഉജ്ജ്വലമായ ഉദ്ഘാടന ചടങ്ങ് നടക്കും