/kalakaumudi/media/media_files/2025/02/16/waLJMB0xbPpV6eBbquKQ.jpg)
Salman Nizar during the practice session ahead of Semi Final of Ranji Trophy
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമിഫൈനല്‍ മത്സരം നാളെ. ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. ഗുജറാത്തിനെ ആണ് സെമിയില്‍ നേരിടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം. ജിയോഹോട്സ്റ്റാറില്‍ മത്സരം തത്സമയം കാണാനാകും.
ഒരു റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലാണ് സെമിഫൈനലിലേക്ക് ടിക്കറ്റെടുത്തത്. 2017ന് ശേഷം ആദ്യ ഫൈനല്‍ ലക്ഷ്യമിടുന്ന ഗുജറാത്തിനെ അവരുടെ തട്ടകത്തില്‍ മറികടക്കുകയെന്ന വലിയ വെല്ലുവിളിയാണ് സച്ചിന്‍ ബേബിക്കും സംഘത്തിനും മുന്നിലുള്ളത്.
ഗുജറാത്തിനെതിരെ ഇറങ്ങുമ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ നിന്ന് കേരളം കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം രോഹന്‍ കുന്നുമ്മലും, ഷോണ്‍ റോജറും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും റണ്‍സ് കണ്ടെത്തണം. അതിഥി താരങ്ങളായ ജലജ് സക്സേനയുടേയും ആദിത്യ സര്‍വേതേയുടെയും ഓള്‍റൗണ്ട് മികവും കരുത്താവും.
2019ല്‍ രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ തകര്‍ത്താണ് കേരളം ഫൈനലിലേക്ക് എത്തിയത്. ഇതേ ആത്മവിശ്വാസത്തോടെയാണ് നാളെയും കളിക്കളക്കിലേക്ക് ടീം ഇറങ്ങുന്നത്. അതിഥി താരങ്ങള്‍ കേരളത്തിന് കൂടുതല്‍ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.