/kalakaumudi/media/media_files/2025/01/24/UuDscQcJ6h87ux0xlyxJ.jpg)
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ഒന്നാമിന്നിങ്‌സ് ലീഡ്. 160 റണ്‍സ് എന്ന മധ്യപ്രദേശിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ കേരളം 167 റണ്‍സാണ് നേടിയത്. ഏഴു റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച മധ്യപ്രദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 140 എന്ന നിലയിലാണ്. ഇന്ന് കളി അവസാനിക്കുമ്പോള്‍ മധ്യപ്രദേശിന് 133 റണ്‍സിന്റെ നിര്‍ണായക ലീഡുണ്ട്.
വിക്കറ്റ് നഷ്ടപ്പെടാതെ 54 റണ്‍സ് എന്ന തലേദിവസത്തെ സ്‌കോറില്‍ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ രോഹന്‍ കുന്നുമ്മലിനെ (25) നഷ്ടമായി. രോഹന് തൊട്ടുപിന്നാലെ അക്ഷയ് ചന്ദ്രന്‍ (22), ഷോണ്‍ റോജര്‍ (1), സച്ചിന്‍ ബേബിള്‍ (2) എന്നിവരും കൂടാരം കയറിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി. പിന്നാലെ വന്ന സല്‍മാന്‍ നിസാറിന്റേയും മുഹമ്മദ് അസറുദ്ദീന്റേയും കൂട്ടുകെട്ടാണ് കേരളത്തിന് ജീവവായു ഏകിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 78 റണ്‍സ് ചേര്‍ത്തു.
68 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍ കേരളത്തിന്റെ ടോപ് സ്‌കോററായി. ഒരു സിക്‌സറും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു നിസാറിന്റെ ഇന്നിങ്‌സ്. മുഹമ്മദ് അസറുദ്ദീന്‍ 34 റണ്‍സെടുത്തു. 41ാം ഓവറില്‍ അസറുദ്ദീനും തൊട്ടടുത്ത ഓവറില്‍ നിസാറും പുറത്തായത് കേരളത്തിന് വന്‍ തിരിച്ചടിയായി. തൊട്ടുപിന്നാലെയെത്തിയ വാലറ്റം മധ്യപ്രദേശ് ബൌളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കാതെ തകര്‍ന്നടിഞ്ഞു. ഏഴ് റണ്‍സിന്റെ ലീഡാണ് കേരളത്തിന് ഉള്ളത്.
മധ്യപ്രദേശിന് വേണ്ടി ആര്യന്‍ പാണ്ഡെ, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സാരാംശ് ജെയിന്‍ രണ്ടും കുമാര്‍ കാര്‍ത്തികേയ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങിനിറങ്ങിയ മധ്യപ്രദേശിന് ഓപ്പണര്‍ ഗര്‍ഷ് ഗാവ്‌ലി(7)യെ തുടക്കത്തില്‍ തന്നെ നഷ്ടമായി. തുടര്‍ന്ന്, ഹിമന്‍ശു മന്ത്രിയും ശുഭം ശര്‍മ്മയും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തയര്‍ത്തി. എന്‍. ബേസില്‍ എറിഞ്ഞ് 15ാം ഓവറിലെ രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മന്ത്രി പുറത്താകുമ്പോള്‍ മധ്യപ്രദേശ് 582 എന്ന നിലയിലാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശുഭം ശര്‍മ്മ(46), രജത് പടിദാര്‍(50) എന്നിവരാണ് ക്രീസില്‍.