രഞ്ജി ട്രോഫി: കേരളം ഡ്രൈവിംഗ് സീറ്റില്‍

ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാംദിനം ആദ്യ സെഷനില്‍ 395 റണ്‍സിന് ഓള്‍ഔട്ടായി.

author-image
Prana
New Update
ranji

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് 233 റണ്‍സിന്റെ ഒന്നാം ഇന്നിംങ്‌സ് ലീഡ്. ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാംദിനം ആദ്യ സെഷനില്‍ 395 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഉത്തര്‍പ്രദേശ് ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 66 റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടമായി. 
സല്‍മാന്‍ നിസാര്‍ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ പുറത്തായി. 202 പന്തില്‍ ഒന്‍പത് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പടെ 93 റണ്‍സെടുത്ത സല്‍മാനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകള്‍ നേരിട്ട സച്ചിന്‍ എട്ടു ഫോറുകളോടെ 83 റണ്‍സെടുത്തു. ആക്വിബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. 
രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഉത്തര്‍പ്രദേശിന് സ്‌കോര്‍ 24ല്‍ എത്തിയപ്പോള്‍ ആദ്യ പ്രഹരം ഏറ്റു. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍ ജലജ് സക്‌സേനയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡ് ആയി. 22 റണ്‍സെടുത്ത പ്രിയം ഗാര്‍ഗ് ആസിഫിനു വിക്കറ്റ് സമ്മാനിച്ചു മടങ്ങിയതോടെ ഉത്തര്‍പ്രദേശ് പ്രതിരോധത്തിലായി. ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ എട്ടു വിക്കറ്റ് ശേഷിക്കേ ഉത്തര്‍പ്രദേശിന് 167 റണ്‍സ് കൂടി വേണം.  
നേരത്തെ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് 162 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഉത്തര്‍പ്രദേശിനെ തകര്‍ത്തത്.
ഓപണര്‍മാരായ വത്സല്‍ ഗോവിന്ദ് (62 പന്തില്‍ 23), രോഹന്‍ എസ് കുന്നുമ്മല്‍ (38 പന്തില്‍ 28), ബാബ അപരാജിത് (44 പന്തില്‍ 32), അക്ഷയ് ചന്ദ്രന്‍ (70 പന്തില്‍ 24), ജലജ് സക്‌സേന (77 പന്തില്‍ 35), മുഹമ്മദ് അസ്ഹറുദ്ദീന്‍ (43 പന്തില്‍ 40), ആദിത്യ സര്‍വതെ (40 പന്തില്‍14) എന്നീ താരങ്ങള്‍ കേരളത്തിന് വേണ്ടി ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഉത്തര്‍പ്രദേശിന് വേണ്ടി 18.1 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ആക്വിബ് ഖാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ആക്വിബിന് പുറമെ ശിവം മാവി, സൗരഭ് കുമാര്‍, ശിവം ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. പിയൂഷ് ചൗള ഒരു വിക്കറ്റും പിഴുതു.

ranji trophy utharpradesh kerala