രഞ്ജി ട്രോഫി: ഉത്തര്‍പ്രദേശിനെ 162 റണ്‍സില്‍ ഒതുക്കി കേരളം

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കേരളം ഉത്തര്‍പ്രദേശ് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. അഞ്ചുവിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയാണ് ഉത്തര്‍പ്രദേശിന് ഏറ്റവും പ്രഹരമേല്‍പ്പിച്ചത്.

author-image
Prana
New Update
kerala ranji

തിരുവനന്തപുരം തുമ്പ ഗ്രൗണ്ടില്‍ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ആദ്യദിനത്തില്‍ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിംഗ്‌സില്‍ 162 റണ്‍സിന് പുറത്താക്കി കേരളം. ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത കേരളം ഉത്തര്‍പ്രദേശ് ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. അഞ്ചുവിക്കറ്റുകള്‍ പിഴുത ജലജ് സക്‌സേനയാണ് ഉത്തര്‍പ്രദേശിന് ഏറ്റവും പ്രഹരമേല്‍പ്പിച്ചത്.
ഉത്തര്‍പ്രദേശ് ബാറ്റിങ് നിരയില്‍ ഒന്‍പതാമനായി ഇറങ്ങി 30 റണ്‍സ് (50 പന്ത്) എടുത്ത ശിവം ശര്‍മ്മയാണ് ടോപ് സ്‌കോറര്‍. ആര്യന്‍ ജുയാല്‍ 23 (53), നിതീഷ് റാണ 25 (46) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. ഒരു ഘട്ടത്തില്‍ 129 റണ്‍സെടുക്കുന്നതിനിടെ ഒന്‍പതു വിക്കറ്റ് നഷ്ടമായ ഉത്തര്‍പ്രദേശിനെ ശിവം ശര്‍മയാണ് 162ല്‍ എത്തിച്ചത്. കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്ത്തി. സര്‍വാതെ, ആസിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുത്തിട്ടുണ്ട്. 28 റണ്‍സെടുത്ത റോഹന്‍ കുന്നുമ്മലും 23 റണ്‍സുമായി വത്സല്‍ ഗോവിന്ദുമാണ് പുറത്തായത്. 21 റണ്‍സുമായി അപരാജിതും നാലു റണ്‍സുമായി സര്‍വാതെയുമാണ് ക്രീസില്‍. 
ആദ്യമത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം ജയിച്ചു. തുടര്‍ന്ന് ബംഗാള്‍, കര്‍ണാടക ടീമുകള്‍ക്കെതിരേ സമനിലയായി. മൂന്നുകളിയില്‍ എട്ട് പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ് കേരളം.

 

UP ranji trophy kerala