/kalakaumudi/media/media_files/2025/10/26/renji-2025-10-26-22-00-52.jpg)
ടിന്‍സുകിയ: രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരത്തില്‍ അസമിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് സര്‍വീസസ്. വെറും 90 ഓവര്‍ മാത്രം നീണ്ടുനിന്ന മത്സരത്തിലാണ് സീസണില്‍ സര്‍വീസസിന്റെ തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ അവര്‍ ത്രിപുരയെ തോല്‍പ്പിച്ചിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ അസം 17.2 ഓവറില്‍ 103 റണ്‍സിന് പുറത്തായി. അര്‍ജുന്‍ ശര്‍മയുടെയും മോഹിത് ജംഗ്രയുടെയും ഹാട്രിക് പ്രകടനമാണ് അസമിനെ തകര്‍ത്ത്. രഞ്ജി ട്രോഫി ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരത്തിന്റെ ഒരേ ഇന്നിങ്‌സില്‍ രണ്ടു ബോളര്‍മാര്‍ ഹാട്രിക് നേടുന്നതും. ഹാട്രിക്ക് അടക്കം 46 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് അര്‍ജുന്‍ ശര്‍മ വീഴ്ത്തിയത്.
എന്നാല്‍ അതേ നാണയത്തില്‍ അസം ബോളര്‍മാരും തിരിച്ചടിച്ചതോടെ ആദ്യ ഇന്നിങ്‌സില്‍ സര്‍വീസസും പതറി. കരിയറിലെ മികച്ച ബോളിങ് പ്രകടനവുമായി രാജ്യാന്തര താരം റിയാസ് പരാഗാണ് സര്‍വീസസ് ബാറ്റിങ് നിരയെ ചുരുട്ടിക്കെട്ടിയത്. കേവലം 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റാണ് പരാഗ് വീഴ്ത്തിയത്. രാഹുല്‍ സിങ് 4 വിക്കറ്റ് വീഴ്ത്തി. ഇതോടെ സര്‍വീസസ് 29.2 ഓവറില്‍ 108 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ 5 റണ്‍സിന്റെ മാത്രം ലീഡ്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ അസമിനെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. 29.3 ഓവറില്‍ 75 റണ്‍സിന് അസം ഓള്‍ഔട്ടായി. മൂന്നു ബാറ്റര്‍മാര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് പേര്‍ പൂജ്യത്തിനു പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും വീഴ്ത്തിയ അര്‍ജുന്‍ ശര്‍മ, മത്സരത്തിലാകെ 9 വിക്കറ്റ് വീഴത്തി. 71 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ സര്‍വീസസ്, 13.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എട്ടു വിക്കറ്റിന്റെ ജയം. റിയാന്‍ പരാഗാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്.
90 ഓവര്‍, അതായത് കേവലം 540 പന്തുകള്‍ മാത്രമാണ് മത്സരം നീണ്ടുനിന്നത്. ആദ്യ ദിനം 25 വിക്കറ്റുകള്‍ വീണപ്പോള്‍ രണ്ടം ദിനം ഏഴു വിക്കറ്റുകളും വീണു. 1962ല്‍ ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള മത്സരത്തില്‍ സ്ഥാപിച്ച 547 പന്തുകളുടെ റെക്കോര്‍ഡാണ് മറികടന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
