രഞ്ജി ട്രോഫി മത്സരം: ഫൈനലിൽ കേരളത്തിനു ടോസ്, വിദർഭയ്ക്കെതിരെ കേരളത്തിന് തുടക്കം

ടോസ് നേടി വിദർഭയെ ബാറ്റിങ്ങിന് അയച്ച കേരളം, രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് അവരെ ഞെട്ടിച്ചിരുന്നു. ഇന്നിങ്സിലെ രണ്ടാമത്തെ തന്നെ പന്തിൽ വിദർഭ ഓപ്പണർ പാർഥ് രേഖാഡെയാണ് പുറത്തായത്.

author-image
Rajesh T L
New Update
cricket

രഞ്ജി ട്രോഫി ഫൈനലിൽ ടോസ് ഭാഗ്യം അനുഗ്രഹിച്ചതിനു പിന്നാലെ, 11 റൺ‌സിനിടെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വിദർയ്ക്കെതിരെ തുടക്കമിട്ട് കേരളം. ഓപ്പണർ പാർഥ് രേഖാഡെ (0), ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദ...
ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ (ഒന്ന്) എന്നിവരാണ് പുറത്തായത്. കേരളത്തിന്റെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ എം.ഡി. നിധീഷാണ് രണ്ടു പേരെയും പുറത്താക്കിയത്. ഏഴ് ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിലാണ് വിദർഭ. ധ്രുവ് ഷോറെ (ഒൻപത്), ഡാനിഷ് മാലേവാർ (0) എന്നിവർ ക്രീസിൽ

ടോസ് നേടി വിദർഭയെ ബാറ്റിങ്ങിന് അയച്ച കേരളം, രണ്ടാം പന്തിൽത്തന്നെ വിദർഭയുടെ ആദ്യ വിക്കറ്റെടുത്ത് അവരെ ഞെട്ടിച്ചിരുന്നു. ഇന്നിങ്സിലെ രണ്ടാമത്തെ തന്നെ പന്തിൽ വിദർഭ ഓപ്പണർ പാർഥ് രേഖാഡെയാണ് പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയായിരുന്നു രേഖാഡെയുടെ മടക്കം. എൽബിക്കായുള്ള അപ്പീൽ അംപയർ നിരസിച്ചെങ്കിലും, ഡിആർഎസിലൂടെയാണ് അർഹിച്ച വിക്കറ്റ് കേരളം ‘പിടിച്ചുവാങ്ങിയത്.

അപകടം മണത്ത വിദർഭ, വൺഡൗണായി ദർശൻ നൽകാണ്ഡെയെ ഇറക്കിയതോടെ പ്രതിരോധമാണ് ലക്ഷ്യമെന്ന് വ്യക്തമായി. പ്രതീക്ഷകൾ കാത്ത് 20 പന്തുകൾ ദർശൻ വിജയകരമായി പ്രതിരോധിച്ചെങ്കിലും, 21–ാം പന്തിൽ നിധീഷിനു മുന്നിൽ പ്രതിരോധം പാളി. 21 പന്തിൽ ഒറ്റ റൺ മാത്രമെടുത്ത ദർശനെ, എൻ.പി. ബേസിൽ ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യം ബോൾ ചെയ്ത നാല് ഓവറും മെയ്ഡനാക്കിയാണ് നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ഇതിനിടെ തുടർ ബൗണ്ടറികളുമായി ആക്രമണം കേരള ക്യാംപിലേക്ക് നയിക്കാൻ ശ്രമിച്ച ധ്രുവ് ഷോറെ ഒരുവേള ഭീഷണി ഉയർത്തിയെങ്കിലും, ആ ഭീഷണി കേരളത്തിന്റെ യുവ പേസ് ബോളർ ഏദൻ ആപ്പിൾ ടോം വേരോടെ പിഴുതു. 13–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിൽ പുറത്താകുമ്പോൾ, 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു രേഖാഡെയുടെ സമ്പാദ്യം.

നേരത്തെ, നിർണായകമാകാൻ സാധ്യതയുള്ള ടോസ് ‘ജയിച്ചത്’ കേരളത്തിന് ആത്മവിശ്വാസമായി. ടോസ് നേടിയ കേരള നായകൻ സച്ചിൻ ബേബി വിദർഭയെ ബാറ്റിങ്ങിന് അയയ്ക്കുകയും ചെയ്തു. സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമിൽ ഒരു മാറ്റമുണ്ട്. വരുൺ നായനാർക്കു പകരം യുവ പേസർ ഏദൻ ആപ്പിൾ ടോം ടീമിൽ ഇടംപിടിച്ചു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമിലുൾപ്പെട‍ുത്തിയത്. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണയ്ക്കും.

 

കേരളം: അക്ഷയ് ചന്ദ്രൻ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി (ക്യാപ്റ്റൻ), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, ആദിത്യ സർവതെ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ

 

വിദർഭ: ധ്രുവ് ഷോറെ, പാർഥ് രേഖഡെ, ഡാനിഷ് മാലേവാർ, കരുൺ നായർ, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കർ (വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ), അക്ഷയ് കർനേവാർ, ഹർഷ് ദുബെ, നചികേത് ഭൂട്ടെ, ദർശൻ നൽകാണ്ഡെ, യാഷ് താക്കൂർ. ഓറഞ്ച് നഗരമായ നാഗ്പുരിൽ രഞ്ജി ട്രോഫി വിജയമെന്ന കന്നിമധുരം നുകരാനാണ് കേരളം ഇന്നിറങ്ങുന്നത്. കഴിഞ്ഞ രഞ്ജിയിൽ ഫൈനലിലെത്തിയിട്ടും പരാജയത്തിന്റെ പുളിപ്പു നുകരേണ്ടിവന്ന വിദർഭയാണു കേരളത്തിന്റെ എതിരാളി. അവരുടെ ഹോം ഗ്രൗണ്ടായ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നു രാവിലെ 9.30നു മത്സരം തുടങ്ങും. സീസണിൽ ഉജ്വല ഫോമിൽ കളിക്കുന്ന ബാറ്റർമാരുടെ കരുത്തുറ്റ നിരയുള്ള വിദർഭയെ കീഴടക്കാൻ കൃത്യമായ ഹോംവർക്ക് നടത്തിയാണു കേരളം എത്തുന്നത്.

ആദ്യ 2 ദിവസങ്ങളിൽ പേസർമാർക്കും ബാക്കിയുള്ള 3 ദിവസങ്ങളിൽ സ്പിന്നർമാർക്കും പിച്ചിന്റെ ആനുകൂല്യങ്ങൾ ലഭിച്ചേക്കാമെങ്കിലും പൊതുവേ ബാറ്റർമാരെ അകമഴിഞ്ഞു സഹായിക്കാനാണു സാധ്യത. രഞ്ജി ചരിത്രത്തിൽ ആദ്യമായാണു കേരളം ഫൈനൽ കളിക്കുന്നത്. കിരീടം നേടാനായാൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും സഹതാരങ്ങളും ചരിത്രത്തിൽ ഇടംപിടിക്കും.

മികച്ച ഫോമിൽ കളിക്കുന്ന സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്സേനയുമുൾപ്പെട്ട മധ്യനിരയിലാണു കേരളത്തിന്റെ ബാറ്റിങ് കരുത്ത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റൻ സച്ചിനും ഫോമിലേക്കുയർന്നു. മുൻനിരയ്ക്കു മികച്ച തുടക്കം നൽകാനായാൽ മത്സരഫലം അനുകൂലമാക്കാൻ കഴിയുമെന്നു ടീം പ്രതീക്ഷിക്കുന്നു. ബോളിങ്ങിൽ എം.ഡി.നിധീഷും ജലജും സ്പിന്നർ ആദിത്യ സർവതെയും ഉൾപ്പെട്ട സഖ്യം ഏതു ബാറ്റിങ് ലൈനപ്പും തകർക്കാൻ കെൽപുള്ളവരാണ്.

അതേസമയം ബാറ്റ‍ിങ്ങിലും ബോളിങ്ങിലും ഒരുപോലെ തുടരുന്ന, പഴുതടച്ച മികവാണു വിദർഭയുടെ കരുത്ത്. 8 വർഷത്തിനിടെ 3 രഞ്ജി ഫൈനൽ കളിക്കുകയും 2 വട്ടം കിരീടം ഉയർത്തുകയും ചെയ്തവരാണവർ. റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള യഷ് റാത്തോഡ്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, കരുൺ നായർ തുടങ്ങിയവർ വിദർഭയുടെ ശക്തിയേറ്റുന്നു.

സീസണിൽ 933 റൺസ് അക്കൗണ്ടിലുള്ള റാത്തോഡിന് 17 റൺസ് കൂടി നേടാനായാൽ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്താം. 66 വിക്കറ്റ് നേടിയ ഹർഷ് ദുബെയ്ക്ക് 3 വിക്കറ്റ് കൂടി നേട‍ിയാൽ റെക്കോർഡ് കുറിക്കാമെന്നതു വിദർഭയുടെ ബോളിങ് കരുത്തും വ്യക്തമാക്കുന്നു.

കേരളത്തിന്റെ സെമിഫൈനൽ വിജയത്തിനു നിമിത്തമായ സൽമാൻ നിസാറിന്റെ ഹെൽമറ്റ് ഫൈനൽ മത്സരത്തിലും മൈതാനത്തെത്തും. ഹെൽമറ്റിനു തകരാറൊന്നുമില്ലാത്തതിനാൽ ഇതു തന്നെയാകും സൽമാൻ ഫൈനലിലും ധരിക്കുക.

ഫൈനലിനു ശേഷം ഹെൽമറ്റ് ചില്ലിട്ടു സൂക്ഷിക്കുമെന്നു കെസിഎ നേരത്തെ അറിയിച്ചിരുന്നു.

രഞ്ജി ട്രോഫി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾ നാഗ്പുരിൽ എത്തും. കേരള അണ്ടർ 14, എ, ബി, അണ്ടർ 16 ടീമുകളിലെ താരങ്ങൾക്കാണ് ഫൈനൽ മത്സരം കാണാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ അവസരം ഒരുക്കുന്നത്.

ടീമംഗങ്ങൾ നാളെ നാഗ്പുരിലെത്തും. ഈ അവസരം കൗമാര താരങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ കൈവരിക്കാൻ പ്രചോദനമാകുമെന്നു കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ പറഞ്ഞു.

sports cricket match