/kalakaumudi/media/media_files/2025/11/01/renji-2025-11-01-18-27-42.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ കര്‍ണ്ണാടക ശക്തമായ നിലയില്‍. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയിലാണ് കര്‍ണ്ണാടക. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായരുടെ പ്രകടനമാണ് കര്‍ണ്ണാടകയുടെ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.ഈ വേദിയില്‍ നടക്കുന്ന ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കൂടിയാണിത്.
ടോസ് നേടിയ കര്‍ണ്ണാടക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേരള ബൌളര്‍മാര്‍ കര്‍ണ്ണാടകത്തെ ഞെട്ടിച്ചു. അഞ്ച് റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളായിരുന്നു ആദ്യം മടങ്ങിയത്. എം ഡി നിധീഷിന്റെ പന്തില്‍ മൊഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്താണ് മായങ്ക് പുറത്തായത്. തൊട്ടു പിറകെ എട്ട് റണ്‍സെടുത്ത ഓപ്പണര്‍ കെ വി അനീഷിനെ ബേസില്‍ എന്‍ പിയും അസറുദ്ദീന്റെ കൈകളിലെത്തിച്ചു. രണ്ട് വിക്കറ്റിന് 13 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട കര്‍ണ്ണാടകയെ കരുണ്‍ നായരും കെ എല്‍ ശ്രീജിത്തും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
ക്ഷമയോടെ ബാറ്റു വീശിയ ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം കളി തുടങ്ങി ആദ്യ നിമിഷങ്ങളില്‍ തന്നെ കര്‍ണ്ണാടകയ്ക്ക് ശ്രീജിത്തിന്റെ വിക്കറ്റ് നഷ്ടമായി. 65 റണ്‍സെടുത്ത ശ്രീജിത്, ബാബ അപരാജിത്തിന്റെ പന്തില്‍ അഹ്മദ് ഇമ്രാന്‍ ക്യാച്ചെടുത്താണ് പുറത്തായത്. തുടര്‍ന്നെത്തിയ ആര്‍ സ്മരണ്‍ കരുണ്‍ നായര്‍ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതിനകം തന്നെ 183 റണ്‍സ് കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ചായയ്ക്ക് ശേഷം കളി തുടങ്ങി ഉടന്‍ തന്നെ കരുണ്‍ നായര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. കഴിഞ്ഞ മല്‌സരത്തിലും കരുണ്‍ സെഞ്ച്വറി നേടിയിരുന്നു. കളി നിര്‍ത്തുമ്പോള്‍ കരുണ്‍ നായര്‍ 142ഉം സ്മരണ്‍ 88 റണ്‍സുമായി ക്രീസിലുണ്ട്. 14 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു കരുണ്‍ നായരുടെ ഇന്നിങ്‌സ്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളുമായാണ് കേരളം കര്‍ണ്ണാടകയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. രോഹന്‍ കുന്നുമ്മലിന് പകരം കൃഷ്ണപ്രസാദിനെയും അങ്കിത് ശര്‍മ്മയ്ക്ക് പകരം എം യു ഹരികൃഷ്ണനെയുമാണ് ഉള്‍പ്പെടുത്തിയത്. വൈശാഖ് ചന്ദ്രനിലൂടെ ഒരു ബൌളറെ കൂടുതലായി ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
