/kalakaumudi/media/media_files/2025/11/17/renji-2025-11-17-18-13-01.jpg)
ഇന്‍ഡോര്‍: രഞ്ജി ട്രോഫിയില്‍ രണ്ടാംദിനം കേരളത്തിനെതിരേ മധ്യപ്രദേശ് പൊരുതുന്നു. സ്റ്റമ്പെടുക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ്. 41 റണ്‍സുമായി സാരന്‍ഷ് ജെയിനും 33 റണ്‍സോടെ ആര്യന്‍ പാണ്ഡിയുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്ന് ഉയര്‍ത്തിയ 54 റണ്‍സ് കൂട്ടുകെട്ടാണ് മധ്യപ്രദേശിനെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിലേക്കെത്തണമെങ്കില്‍ മധ്യപ്രദേശിന് ഇനിയും 126 റണ്‍സ് വേണം.
കേരളത്തിനായി എം.ഡി. നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. വി. അഭിജിത് പ്രവീണ്‍, ബാബ അപരാജിത് എന്നിവര്‍ക്ക് ഓരോ വിക്കറ്റുമുണ്ട്. ഓപ്പണര്‍ യഷ് ദുബെയെ (0) പുറത്താക്കി അഭിജിത് പ്രവീണാണ് കേരളത്തിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. പിന്നീട് ഹര്‍ഷ് ഗവാലി (21), ശുഭം ശര്‍മ (10), ഹര്‍പ്രീത് (0), ഹിമാന്‍ഷു മന്ത്രി (21), ഋഷഭ് ചൗഹാന്‍ (21) എന്നിവരും പുറത്തായി. 41 റണ്‍സ് നേടിയ സാരന്‍ഷ് ജെയിന്‍ ടോപ് സ്‌കോററായി ക്രീസില്‍ തുടരുന്നു.
നേരത്തേ ആദ്യ ഇന്നിങ്സില്‍ കേരളം 281-ന് പുറത്തായിരുന്നു. സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ പുറത്തായ ബാബ അപരാജിതിന്റെ (98) മികവിലാണ് കേരളം ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. അഭിജിത് പ്രവീണും (60) അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ അഭിഷേക് നായര്‍ (47) മികച്ച തുടക്കം നല്‍കി. മധ്യപ്രദേശിനായി അര്‍ഷദ് ഖാന്‍ നാലും സാരംശ് ജെയിന്‍ മൂന്നും വിക്കറ്റുകള്‍ നേടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
