രഞ്ജി ട്രോഫിയില്‍ കണ്ണുനട്ട് ആരാധകര്‍

5ാം ദിനത്തിലേക്ക് ഒന്നാം ഇന്നിങ്‌സ് നീളുന്ന മത്സരത്തില്‍, നിര്‍ണായകമായ ഇന്നിങ്‌സ് ലീഡ് നേടാന്‍ 3 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിനു വേണ്ടത് 28 റണ്‍സ് മാത്രം

author-image
Biju
New Update
cfh

അഹമ്മദാബാദ്: സാധ്യതകള്‍ ഇരുഭാഗത്തേക്കും മാറിമറിയുന്ന ആവേശകരമായ സെമി ഫൈനലിന്റെ വിധി നിര്‍ണായക സൂപ്പര്‍ ക്ലൈമാക്‌സ് ഇന്ന് രാവിലെ പ്രതീക്ഷിക്കാം. 5ാം ദിനത്തിലേക്ക് ഒന്നാം ഇന്നിങ്‌സ് നീളുന്ന മത്സരത്തില്‍, നിര്‍ണായകമായ ഇന്നിങ്‌സ് ലീഡ് നേടാന്‍ 3 വിക്കറ്റ് ശേഷിക്കെ ഗുജറാത്തിനു വേണ്ടത് 28 റണ്‍സ് മാത്രം.

അതിനു മുന്‍പേ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി പിഴുതാല്‍ കേരളത്തിനു ചരിത്രം കുറിക്കാം. അവസാന ദിനം 2 ടീമുകളുടെയും രണ്ടാം ഇന്നിങ്‌സ് കൂടി പൂര്‍ത്തിയായി ഫലനിര്‍ണയത്തിനുള്ള സാധ്യത വിരളമായതിനാല്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ എത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്. 4 വിക്കറ്റ് വീഴ്ത്തി സ്പിന്നര്‍ ജലജ് സക്‌സേന കൈവിട്ടെന്നു കരുതിയ കളിയിലേക്കു കേരളത്തെ മടക്കിയെത്തിച്ചെങ്കില്‍ 8ാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടുകെട്ടുമായി പിടിച്ചു നില്‍ക്കുന്ന ജയ്മീത് പട്ടേലും (74) സിദ്ധാര്‍ഥ് ദേശായിയും (24) വീണ്ടും കേരളത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പിച്ചു.

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 457ന് എതിരെ മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 എന്ന ശക്തമായ നിലയിലായിരുന്ന ഗുജറാത്തിനെ വീണ്ടും പിന്‍സീറ്റിലാക്കി കേരളം ഡ്രൈവിങ് സീറ്റിലെത്തുന്ന കാഴ്ചയായിരുന്നു ഇന്നലെ ഉച്ച വരെ. പിച്ചിന്റെ ഒരു ഭാഗത്ത് ലഭിച്ച ടേണ്‍ മുതലാക്കിയ ജലജ് സക്സേനയാണ് അതിനു നേതൃത്വം നല്‍കിയത്.

ആദ്യം വീണതു മനന്‍ ഹിംഗ്രാജ (33). അംപയര്‍ നിഷേധിച്ച എല്‍ബിഡബ്ല്യു ഡിആര്‍എസിലൂടെ നേടിയ ജലജിന്റെ കടന്നാക്രമണമായിരുന്നു പിന്നീട്. പ്രിയങ്ക് പാഞ്ചാലിന്റെ (148) കുറ്റി തെറിപ്പിച്ചതിനു പിന്നാലെ അപകടകാരിയായ ഉര്‍വില്‍ പട്ടേലിനേയും (25) പുറത്താക്കി ജലജ് കേരളത്തിനു പ്രതീക്ഷ നല്‍കി.

ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ രവി ബിഷ്‌ണോയിക്കു പകരം കണ്‍സഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ ഹേമങ് പട്ടേലിനെ (27)എം.ഡി.നിധീഷ് പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ ചിന്തന്‍ ഗജയെ (2) ജലജ് തന്നെ വിക്കറ്റിനു മുന്നില്‍ കുടുക്കി. 87 റണ്‍സിനിടെയാണ് കേരളം 5 മുന്‍നിര വിക്കറ്റുകളും വീഴ്ത്തിയത്.

renji trophy