കേരളത്തിന് ടോസ്, വിദര്‍ഭയെ ബാറ്റിങ്ങിന് അയച്ചു

മികച്ച ഫോമില്‍ കളിക്കുന്ന സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയുമുള്‍പ്പെട്ട മധ്യനിരയിലാണു കേരളത്തിന്റെ ബാറ്റിങ് കരുത്ത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ സച്ചിനും ഫോമിലേക്കുയര്‍ന്നു.

author-image
Biju
New Update
hgg

നാഗ്പുര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭ  കേരളം മത്സരം ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിലും, നിര്‍ണായകമാകാന്‍ സാധ്യതയുള്ള ടോസ് 'ജയിച്ച്' മികച് തുടക്കമിട്ട് കേരളം. ടോസ് നേടിയ കേരള നായകന്‍ സച്ചിന്‍ ബേബി വിദര്‍ഭയെ ബാറ്റിങ്ങിന് അയച്ചു. സെമിഫൈനലില്‍ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ കേരള ടീമില്‍ ഒരു മാറ്റമുണ്ട്. വരുണ്‍ നായനാര്‍ക്കു പകരം യുവ പേസര്‍ ഏദന്‍ ആപ്പിള്‍ ടോം ടീമില്‍ ഇടംപിടിച്ചു. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റാണെങ്കിലും ഈര്‍പ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബോളറെ കൂടി കേരളം ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ദിനം മുതല്‍ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കും.

ഓറഞ്ച് നഗരമായ നാഗ്പുരില്‍ രഞ്ജി ട്രോഫി വിജയമെന്ന കന്നിമധുരം നുകരാനാണ് കേരളം ഇന്നിറങ്ങുന്നത്. കഴിഞ്ഞ രഞ്ജിയില്‍ ഫൈനലിലെത്തിയിട്ടും പരാജയത്തിന്റെ പുളിപ്പു നുകരേണ്ടിവന്ന വിദര്‍ഭയാണു കേരളത്തിന്റെ എതിരാളി. അവരുടെ ഹോം ഗ്രൗണ്ടായ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ 9.30നു മത്സരം തുടങ്ങും. സീസണില്‍ ഉജ്വല ഫോമില്‍ കളിക്കുന്ന ബാറ്റര്‍മാരുടെ കരുത്തുറ്റ നിരയുള്ള വിദര്‍ഭയെ കീഴടക്കാന്‍ കൃത്യമായ ഹോംവര്‍ക്ക് നടത്തിയാണു കേരളം എത്തുന്നത്.

ആദ്യ 2 ദിവസങ്ങളില്‍ പേസര്‍മാര്‍ക്കും ബാക്കിയുള്ള 3 ദിവസങ്ങളില്‍ സ്പിന്നര്‍മാര്‍ക്കും പിച്ചിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചേക്കാമെങ്കിലും പൊതുവേ ബാറ്റര്‍മാരെ അകമഴിഞ്ഞു സഹായിക്കാനാണു സാധ്യത. രഞ്ജി ചരിത്രത്തില്‍ ആദ്യമായാണു കേരളം ഫൈനല്‍ കളിക്കുന്നത്. കിരീടം നേടാനായാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഹതാരങ്ങളും ചരിത്രത്തില്‍ ഇടംപിടിക്കും.

മികച്ച ഫോമില്‍ കളിക്കുന്ന സല്‍മാന്‍ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയുമുള്‍പ്പെട്ട മധ്യനിരയിലാണു കേരളത്തിന്റെ ബാറ്റിങ് കരുത്ത്. കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ക്യാപ്റ്റന്‍ സച്ചിനും ഫോമിലേക്കുയര്‍ന്നു. മുന്‍നിരയ്ക്കു മികച്ച തുടക്കം നല്‍കാനായാല്‍ മത്സരഫലം അനുകൂലമാക്കാന്‍ കഴിയുമെന്നു ടീം പ്രതീക്ഷിക്കുന്നു. ബോളിങ്ങില്‍ എം.ഡി.നിധീഷും ജലജും സ്പിന്നര്‍ ആദിത്യ സര്‍വതെയും ഉള്‍പ്പെട്ട സഖ്യം ഏതു ബാറ്റിങ് ലൈനപ്പും തകര്‍ക്കാന്‍ കെല്‍പുള്ളവരാണ്.

അതേസമയം ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തുടരുന്ന, പഴുതടച്ച മികവാണു വിദര്‍ഭയുടെ കരുത്ത്. 8 വര്‍ഷത്തിനിടെ 3 രഞ്ജി ഫൈനല്‍ കളിക്കുകയും 2 വട്ടം കിരീടം ഉയര്‍ത്തുകയും ചെയ്തവരാണവര്‍. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള യഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, അക്ഷയ് വാഡ്കര്‍, കരുണ്‍ നായര്‍ തുടങ്ങിയവര്‍ വിദര്‍ഭയുടെ ശക്തിയേറ്റുന്നു.

സീസണില്‍ 933 റണ്‍സ് അക്കൗണ്ടിലുള്ള റാത്തോഡിന് 17 റണ്‍സ് കൂടി നേടാനായാല്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താം. 66 വിക്കറ്റ് നേടിയ ഹര്‍ഷ് ദുബെയ്ക്ക് 3 വിക്കറ്റ് കൂടി നേടിയാല്‍ റെക്കോര്‍ഡ് കുറിക്കാമെന്നതു വിദര്‍ഭയുടെ ബോളിങ് കരുത്തും വ്യക്തമാക്കുന്നു.

കേരളം: അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, ആദിത്യ  സര്‍വതെ, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍

വിദര്‍ഭ: ധ്രുവ് ഷോറെ, പാര്‍ഥ് രേഖഡെ, ഡാനിഷ് മാലേവാര്‍, കരുണ്‍ നായര്‍, യാഷ് റാത്തോഡ്, അക്ഷയ് വാഡ്കര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), അക്ഷയ് കര്‍നേവാര്‍, ഹര്‍ഷ് ദുബെ, നചികേത് ഭൂട്ടെ, ദര്‍ശന്‍ നല്‍കാണ്ഡെ, യാഷ് താക്കൂര്‍.

renji trophy