/kalakaumudi/media/media_files/2025/03/02/AEHDumPbFYTfyVcvq65K.jpg)
നാഗ്പുര്‍: ജയം, പരാജയം.. ആരെങ്കിലും ഒന്ന് ജയിച്ചേപറ്റൂ... ആരെങ്കിലും ഒന്ന് തോറ്റേപറ്റൂ... അത്രമാത്രം നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ ഫൈനല്‍ കപ്പ് വിദര്‍ഭ അടിച്ചെടുത്തു. അപ്പോഴും കേരളത്തിലും മലയാളിക്കും അഭിമാനിക്കാനൊരാളുണ്ട്... നമ്മുടെ കരുണ്‍ നായര്‍. മലയാളിയാണല്ലോ... കേരളീയനാണല്ലോ... ഒപ്പം തന്നെ കേരളം ഒന്നുകണ്ടു. നമ്മുടെ കുട്ടികള്‍ അങ്ങ് പൊരുതി അതും റെക്കോഡുകളെല്ലാം പൊളിച്ചെഴുതി. കീരീടം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നമ്മളങ്ങ് പൊരുതി തോറ്റെങ്കിലും ജയിച്ചു. ഇനി ലക്ഷ്യം അടുത്ത മത്സരം മാത്രം അതിന് തായാറെടുക്കുകയാണ് കേകളാ താരങ്ങള്‍.
രഞ്ജി ട്രോഫിയിലെ കന്നി ഫൈനലെന്ന ചരിത്രനേട്ടത്തിന്, കന്നിക്കിരീടമെന്ന സ്വപ്നനേട്ടത്തിലേക്ക് വഴിവെട്ടാനാകാതെ പോയ കേരളത്തിനെതിരെ, സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭയ്ക്ക് കിരീടം. അവസാന ദിനം രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റുകള്‍ പിഴുത് മത്സരം പരമാവധി ആവേശകരമാക്കിയെങ്കിലും, പത്താം വിക്കറ്റില്‍ വിദര്‍ഭയുടെ പ്രതിരോധം ഒരിക്കല്‍ക്കൂടി നീണ്ടുപോയതോടെ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ഇതോടെ കേരളം രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയില്ല. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമാണിത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342.
പിഴച്ചില്ലെങ്കിലും എവിടെയാണ് ശ്രദ്ധക്കുറവുണ്ടായതെന്ന് നമ്മള്‍ ഇനി പരിഹരിക്കും. മത്സരം ഏറെക്കുറെ കൈവിട്ട മട്ടിലാണ് അവസാന ദിനമായ ഇന്ന് കളത്തിലിറങ്ങിയതെങ്കിലും, ആവേശകരമായ നിമിഷങ്ങള്‍ക്ക് ഒരു ഘട്ടത്തിലും പഞ്ഞമുണ്ടായില്ല. നാലു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച വിദര്‍ഭയ്ക്ക്, ഇന്ന് അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. സെഞ്ചറിയുമായി രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭയുടെ നട്ടെല്ലായി മാറിയ മലയാളി താരം കരുണ്‍ നായരുടെ വിക്കറ്റ് വീഴ്ത്തിയാണ് കേരളം രഞ്ജി കിരീടമെന്ന വിദൂര സാധ്യതയിലേക്ക് ആദ്യ ചുവടുവച്ചത്. 295 പന്തില്‍ 10 ഫോറും രണ്ടു സിക്‌സും സഹിതം 135 റണ്‍െസടുത്തായിരുന്നു കരുണിന്റെ മടക്കം.
കരുണിനു പുറമേ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ഷയ് വഡ്കര്‍ (108 പന്തില്‍ 25), ഹര്‍ഷ് ദുബെ (നാല്), അക്ഷയ് കര്‍നേവാര്‍ (70 പന്തില്‍ 30), നചികേത് ഭൂതെ (മൂന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. വിദര്‍ഭയുടെ മുന്‍ താരവും മത്സരം നടക്കുന്ന നാഗ്പുര്‍ സ്വദേശിയുമായ സ്പിന്നര്‍ ആദിത്യ സര്‍വാതേയ്ക്കാണ് അതില്‍ മൂന്നു വിക്കറ്റുകളും ലഭിച്ചത്. ഒടുവില്‍ പത്താം വിക്കറ്റില്‍ ദര്‍ശന്‍ നല്‍കണ്ഡെ യഷ് ഠാക്കൂര്‍ സഖ്യത്തിന്റെ പ്രതിരോധം നീണ്ടുപോയതോടെയാണ് കേരളം സമനിലയ്ക്ക് സമ്മതിച്ചത്. അപ്പോഴേക്കും ലീഡ് 412ല്‍ എത്തിയിരുന്നു. നാല്‍കണ്ഡെ 51 റണ്‍സോടെയും ഠാക്കൂര്‍ 29 പന്തില്‍ എട്ടു റണ്‍സോടെയും പുറത്താകാതെ നിന്നു..
ഇന്ന് മത്സരം പുനരാരംഭിച്ച അധികം വൈകാതെ ആദിത്യ സര്‍വാതേയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്റ്റംപ് ചെയ്താണു കരുണ്‍ നായരെ പുറത്താക്കിയത്. അക്ഷര്‍ വഡ്കറിനെ സര്‍വാതേ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ഏദന്‍ ആപ്പില്‍ ടോമിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി ഹര്‍ഷ് ദുബെയും മടങ്ങി.
പിന്നീട് അക്ഷയ് കര്‍നേവാറും ദര്‍ശന്‍ നല്‍കണ്ഡെയും ചേര്‍ന്ന് 124 പന്തുകള്‍ പ്രതിരോധിച്ചുനിന്നതോടെയാണ് അവസാന ദിവസം കേരളത്തിന്റെ സാധ്യതകള്‍ പ്രതിരോധത്തിലായത്. ഇത്രയും പന്തുകള്‍ ചെറുത്തുനിന്ന വിദര്‍ഭ ബാറ്റര്‍മാര്‍ അടിച്ചത് 48 റണ്‍സ് മാത്രം. സ്‌കോര്‍ 331ല്‍ നില്‍ക്കെ കര്‍നേവാറിനെ ബേസില്‍ ബൗള്‍ഡാക്കിയത് കേരളത്തെ വീണ്ടും മത്സരത്തിലേക്കു തിരികെയെത്തിച്ചു. നചികേത് ഭൂതെ കേരളത്തിനു വെല്ലുവിളിയുയര്‍ത്താതെ മടങ്ങി.
പ്രതീക്ഷ നല്‍കുന്ന തുടക്കമാണു നാലാം ദിനം രാവിലെ കേരളത്തിനു ലഭിച്ചത്. ടേണുള്ള പിച്ചില്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ ജലജ് സക്‌സേനയുടെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രഖഡെയുടെ കുറ്റി തെറിച്ചു. കുത്തിത്തിരിയാതെ ഉയര്‍ന്നുപൊന്തിയ ഡിപ് ബോളില്‍ രഖഡെയുടെ പ്രതിരോധമതില്‍ വിണ്ടു. ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് സ്റ്റംപെടുത്തു.തൊട്ടടുത്ത ഓവറില്‍ രണ്ടാം ആനന്ദമെത്തി. ഓഫ് സ്റ്റംപിനു പുറത്ത് എം.ഡി.നിധീഷിന്റെ ഫുള്‍ ലെങ്ത് ബോളില്‍ ഓഫ് ഡ്രൈവിനു ശ്രമിച്ച ധ്രുവ് ഷോറിയുടെ ബാറ്റില്‍ത്തട്ടി ഒന്നാം സ്‌ലിപ്പിലേക്കു പന്ത് തെറിച്ചു.
വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഴുനീള ഡൈവിലൂടെ പന്ത് ഗ്ലൗസിലൊതുക്കി. വിദര്‍ഭ രണ്ടു വിക്കറ്റിന് 7 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ സമാന സ്ഥിതിയില്‍ വീണുപോയ വിദര്‍ഭയെ രക്ഷിച്ച കരുണ്‍ നായരും ഡാനിഷ് മലേവറും ക്രീസില്‍ ഒന്നിച്ചത് അപ്പോഴാണ്. എല്ലാം അനുകൂലമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ കേരളം കുലുങ്ങിയില്ല. അടുത്ത ഓവറില്‍ മലേവറിനെതിരെ ജലജിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവില്‍ നിരസിക്കപ്പെട്ടു.
കേരളത്തിന്റെ ദൗര്‍ഭാഗ്യ പരമ്പരയുടെ തുടക്കം അതായിരുന്നു. മലേവര്‍ വീണ്ടും എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയെങ്കിലും വീണ്ടും റിവ്യൂവില്‍ നിരസിക്കപ്പെട്ടു. കരുണ്‍ നായരുടെ ക്യാച്ച് സ്‌ലിപ്പില്‍ അക്ഷയ് ചന്ദ്രനു കയ്യിലൊതുക്കാനായില്ല. പിച്ചില്‍നിന്നു സ്പിന്നര്‍മാര്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ സ്വിച്ചിട്ട പോലെ ഇല്ലാതായി. പന്തെറിഞ്ഞ ശേഷമുള്ള ഫോളോത്രൂ സമയത്തു പിച്ചിനു നടുവിലെ 'ഡേഞ്ചര്‍ ഏരിയ'യില്‍ കൂടി ഓടിയതിനു ബേസിലിനും നിധീഷിനും അംപയറുടെ അന്തിമ താക്കീതു ലഭിച്ചു.വരണ്ടു മരുഭൂമിയായ പിച്ചില്‍ ബാറ്റര്‍മാര്‍ക്കു മാത്രം മരുപ്പച്ച തെളിഞ്ഞു.
ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 6 ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും മലേവര്‍ കരുണ്‍ കൂട്ടുകെട്ടു പൊളിക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ കണ്ടതുപോലെ ഓവറിലൊരു ബൗണ്ടറി എന്ന നിലയില്‍ സമാധാനപരമായി ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അമിത പ്രതിരോധത്തിലേക്കും സമ്മര്‍ദത്തിലേക്കും കേരളം വീണു. തുടര്‍ച്ചയായി സ്‌ലിപ്പില്‍ ഫീല്‍ഡറില്ലാതെയായി. വിക്കറ്റ് വീഴ്ത്തലെന്ന പ്രതീക്ഷ മങ്ങിയ മട്ടിലായി. കരുണ്‍ അര്‍ധ സെഞ്ചറി തികച്ചതിനു പിന്നാലെ വിദര്‍ഭയുടെ സ്‌കോര്‍ 100 കടന്നു.
കഴിഞ്ഞ ഇന്നിങ്‌സില്‍ റണ്ണൗട്ടായി സെഞ്ചറി നഷ്ടപ്പെട്ട കരുണിന് ഇത്തവണ പിഴച്ചില്ല. ജലജിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്കു തിരിച്ചുവിട്ടു നേടിയ സിംഗിളിലൂടെ സെഞ്ചറി തികച്ചു. 2 വിക്കറ്റിനു 189 റണ്‍സ് എന്ന ശക്തമായ നില. 9 പന്തുകള്‍ക്കു ശേഷം മലേവര്‍ 73 റണ്‍സില്‍ അക്ഷയിന്റെ പന്തില്‍ പുറത്തായെങ്കിലും വിദര്‍ഭ ക്യാംപില്‍ ആശങ്കയുണ്ടായില്ല. പകരമെത്തിയ യഷ് റാത്തോഡ് 24 റണ്‍സ് നേടിയെങ്കിലും സര്‍വതെയുടെ പന്തില്‍ എല്‍ബിഡബ്ല്യു.
അക്ഷയ് വാഡ്കറും കരുണും ചേര്‍ന്നു കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം പൂര്‍ത്തിയാക്കി. സ്പിന്നര്‍മാരുടെ പറുദീസയാകുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും പിച്ച് പൂര്‍ണമായും ബാറ്റര്‍മാര്‍ക്ക് അനുകൂലമായതാണു കളി തിരിച്ചത്. നിധീഷ്, ജലജ്, സര്‍വതെ, അക്ഷയ് എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
-
Feb 27, 2025 19:56 IST
കേരളത്തെ പിടിച്ചുകയറ്റി ആദിത്യ സര്‍വാതെ
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറിയ കേരളം നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. 66 റണ്‍സുമായി ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ക്രീസില്‍. വിദര്‍ഭക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാന്‍ ഏഴ് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന് ഇനിയും 249 റണ്‍സ് കൂടി വേണം. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്. വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ രണ്ടും യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി.
വിദര്‍ഭയെ 379 ല്‍ പിടിച്ചുകെട്ടിയ ആവേശത്തില്‍ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ദര്‍ശന്‍ നാല്‍ക്കണ്ഡെയുടെ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. തന്റെ രണ്ടാം ഓവറിലും വിക്കറ്റ് വീഴ്ത്തിയ നാല്‍ക്കണ്ഡെ കേരളത്തെ ബാക്ക് ഫൂട്ടിലാക്കി. 11 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ സഹിതം 14 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെയാണ് നാല്‍ക്കണ്ഡെ മടക്കിയത്. ഇതോടെ 14-2ലേക്ക് വീണ കേരളം പൂര്‍ണമായും പ്രതിരോധത്തിലായി.
എന്നാല്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് പകരം ഇറങ്ങിയ അഹമ്മദ് ഇമ്രാനെ കൂട്ടുപിടിച്ച് മുന്‍ വിദര്‍ഭ താരം കൂടിയായ ആദിത്യ സര്‍വാതെ പൊരുതിയതോടെ കേരളം ഭേദപ്പെട്ട സ്‌കോറിലെത്തി. 90 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സര്‍വാതെ അഹമ്മദ് ഇമ്രാനുമൊത്ത് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തെ 100 കടത്തി. എന്നാല്‍ തൊട്ടുപിന്നാലെ അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദര്‍ഭയ്ക്കായി മുന്‍തൂക്കം തിരിച്ചുപിടിച്ചു. പിന്നീടെത്തി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ കൂട്ടപിടിച്ച് സര്‍വാതെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കേരളത്തെ 131ല്‍ എത്തിച്ചു. 120 പന്തില്‍ 10 ബൗണ്ടറികളോടെയാണ് സര്‍വാതെ 66 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നത്.
നേരത്തെ നാല് വിക്കറ്റിന് 254 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച വിദര്‍ഭയെ 379 റണ്‍സിന് പുറത്താക്കിയാണ് കേരളം ശക്തമായി തിരിച്ചുവന്നത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ എം ഡി നിധീഷും ഏദന്‍ ആപ്പിള്‍ ടോമും രണ്ട് വിക്കറ്റെടുത്ത എന്‍ പി ബേസിലും ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന്റെ തിരിച്ചുവരവിന് നേതൃത്വം നല്‍കിയത്.
രണ്ടാം ദിനം തുടക്കത്തിലെ ബ്രേക്ക് ത്രൂ നേടിയാണ് കേരളം മത്സരത്തില്‍ തിരിച്ചെത്തിയത്. വിദര്‍ഭയുടെ സെഞ്ചുറിവീരന്‍ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാകകുകയായിരുന്നു. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ ഇന്നലത്തെ നൈറ്റ് വാച്ച്മാന്‍ യാഷ് താക്കൂറിനെ ബേസില്‍ എല്‍ബിയിലും കുടുക്കി. യാഷ് 60 പന്തില്‍ 25 റണ്‍സ് പേരിലാക്കി. പിന്നാലെ യഷ് റാത്തോഡിനെ (3*) ബേസിലും അക്ഷയ് കനെവാറിനെ(12) ജലജ് സസ്‌കേനയും പുറത്താക്കി.
ക്യാപ്റ്റന്‍ അക്ഷയ് വാഡ്കറെ(23) ഏദന്‍ ആപ്പിള്‍ ടോം പുറത്താക്കിയതോടെ വിദര്‍ഭ 335-9ലേക്ക് വീണെങ്കിലും പതിനൊന്നമനായി ക്രീസിലിറങ്ങിയ നചികേത് ഭൂതെ തകര്‍ത്തടിച്ചതോടെ വിദര്‍ഭ വിലപ്പെട്ട 44 റണ്‍സ് കൂടി അവസാന വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. 38 പന്തില്‍ 32 റണ്‍സെടുത്ത നചികേത് ഭൂതെ ഒരു ഫോറും രണ്ട് സിക്‌സും പറത്തി. ഒടുവില്‍ നചികേതിനെ പുറത്താക്കി എം ഡി നിധീഷാണ് വിദര്‍ഭയുടെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.
-
Feb 27, 2025 09:57 IST
കൊണ്ടും കൊടുത്തും രഞ്ജി ട്രോഫി
നാഗ്പുര്‍ : ബാറ്റിങ് വിക്കറ്റില്‍ ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത കേരളം, ഈര്‍പ്പമുള്ള വിക്കറ്റില്‍ ആദ്യ സെഷനില്‍ പേസര്‍മാരെ നേരിടുകയെന്ന 'റിസ്‌കി'ല്‍ നിന്നു തങ്ങളുടെ ടോപ് ഓര്‍ഡറിനെ രക്ഷിക്കാന്‍ ഓള്‍റൗണ്ടര്‍മാരെ പറഞ്ഞയച്ച വിദര്‍ഭ. രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യദിനം കണ്ടത് അപ്രതീക്ഷിത തന്ത്രങ്ങളും അതിനെ വെട്ടാന്‍ മറുതന്ത്രങ്ങളും. 4 വിക്കറ്റ് നഷ്ടമായെങ്കിലും ടൂര്‍ണമെന്റിലെ കരുത്തുറ്റ ബാറ്റര്‍മാര്‍ വിദര്‍ഭയുടെ ലൈനപ്പില്‍ വരാനിരിക്കുന്നതേയുള്ളൂ എന്നതാണു കേരളം ഇന്നു നേരിടാന്‍ പോകുന്ന വെല്ലുവിളി.
ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെയാണു കേരളം ബോളിങ് തിരഞ്ഞെടുത്തത്. വിദര്‍ഭയടക്കം ഈ തീരുമാനത്തില്‍ ഞെട്ടിയെന്നു താരങ്ങളുടെ ശരീരഭാഷ വ്യക്തമാക്കി. കേരളത്തിന്റെ തീരുമാനം ശരിയെന്നു തെളിയിക്കുന്ന വിധമായിരുന്നു കളിയുടെ തുടക്കം. പേസര്‍മാര്‍ ഞൊടിയിടയില്‍ 3 വിക്കറ്റ് വീഴ്ത്തി. എന്നാല്‍, ഇതില്‍ രണ്ടുപേര്‍ വിദര്‍ഭയുടെ 'നൈറ്റ് വാച്ച്മാന്‍'മാര്‍ മാത്രമായിരുന്നെന്നു മനസ്സിലാക്കാന്‍ ലൈനപ്പ് നോക്കിയാല്‍ മതി.
933 റണ്‍സുമായി സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയിലെ നാലാമനായ യഷ് റാത്തോഡ്, 674 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അക്ഷയ് വാദ്കര്‍, ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബെ തുടങ്ങിയ കരുത്തര്‍ ഇറങ്ങാനിരിക്കുന്നതേയുള്ളൂ. കരുണ്‍ നായര്‍ റണ്ണൗട്ടായപ്പോള്‍ പകരം ഇറക്കിയ യഷ് ഠാക്കൂറും നൈറ്റ് വാച്ച്മാനാണ്.. ഇന്നത്തെ ആദ്യ സെഷനില്‍ പിച്ചിലെ ഈര്‍പ്പത്തില്‍ അപകടം വിതയ്ക്കാന്‍ സാധ്യതയുള്ള പന്തുകള്‍ക്കു മുന്നില്‍ നിന്നു ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ രക്ഷിക്കുകയാണ് യഷിന്റെയും ദൗത്യം.
-
Feb 26, 2025 17:13 IST
പ്രതീക്ഷയോടെ കേരളം
നാഗ്പുര്‍: എഴുപതോളം ഓവറുകള്‍ ക്രീസില്‍നിന്ന് 'തലവേദന' സൃഷ്ടിച്ച കരുണ്‍ നായര്‍ ഡാനിഷ് മാലേവാര്‍ കൂട്ടുകെട്ട് ഒടുവില്‍ കേരളം പൊളിച്ചു. അതും റണ്ണൗട്ടിന്റെ സഹായത്തോടെ. മൂന്നിന് 24 റണ്‍സ് എന്ന നിലയില്‍നിന്ന് വിദര്‍ഭയെ ഡ്രൈവിങ് സീറ്റിലിരുത്തിയ സെഞ്ചറി കൂട്ടുകെട്ടിന് ഒടുവില്‍, അവരുടെ മലയാളി താരം കരുണ്‍ നായര്‍ പുറത്ത്.
188 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം 86 റണ്‍സെടുത്ത കരുണ്‍ നായര്‍ റണ്ണൗട്ടായി. ഏദന്‍ ആപ്പിള്‍ ടോമിന്റെ പന്തില്‍ ഇല്ലാത്ത റണ്ണിനോടിയ കരുണ്‍, ഡാനിഷുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടാവുകയായിരുന്നു. 84 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ. സെഞ്ചറി നേടിയ ഡാനിഷ് മാലേവാറും (134), യഷ് താക്കൂറും (ഒന്ന്) ക്രീസില്‍.
168 പന്തില്‍ 12 ഫോറും രണ്ടു സിക്‌സും സഹിതമാണ് ഡാനിഷ് സെഞ്ചറി പൂര്‍ത്തിയാക്കിയത്. കേരളത്തിനായി എം.ഡി. നിധീഷ് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി. ഓപ്പണര്‍മാരായ പാര്‍ഥ് രേഖാഡെ (0), ധ്രുവ് ഷോറെ (35 പന്തില്‍ 16), സ്ഥാനക്കയറ്റം കിട്ടി വണ്‍ഡൗണായി എത്തിയ ദര്‍ശന്‍ നല്‍കാണ്ഡെ (21 പന്തില്‍ ഒന്ന്) എന്നിവരാണ് വിദര്‍ഭ നിരയില്‍ പുറത്തായത്. രേഖാഡെ, നല്‍കാണ്ഡെ എന്നിവരെ എം.ഡി. നിധീഷും ധ്രുവ് ഷോറെയെ ഈ മത്സരത്തില്‍ അവസരം ലഭിച്ച ഏദന്‍ ആപ്പിള്‍ ടോമും പുറത്താക്കി.
ടോസ് നേടി വിദര്‍ഭയെ ബാറ്റിങ്ങിന് അയച്ച കേരളം, രണ്ടാം പന്തില്‍ത്തന്നെ വിദര്‍ഭയുടെ ആദ്യ വിക്കറ്റെടുത്ത് അവരെ ഞെട്ടിച്ചിരുന്നു. ഇന്നിങ്‌സിലെ രണ്ടാമത്തെ തന്നെ പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയാണ് പുറത്തായത്. എം.ഡി. നിധീഷിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയായിരുന്നു രേഖാഡെയുടെ മടക്കം. എല്‍ബിക്കായുള്ള അപ്പീല്‍ അംപയര്‍ നിരസിച്ചെങ്കിലും, ഡിആര്‍എസിലൂടെയാണ് അര്‍ഹിച്ച വിക്കറ്റ് കേരളം 'പിടിച്ചുവാങ്ങിയത്.
അപകടം മണത്ത വിദര്‍ഭ, വണ്‍ഡൗണായി ദര്‍ശന്‍ നല്‍കാണ്ഡെയെ ഇറക്കിയതോടെ പ്രതിരോധമാണ് ലക്ഷ്യമെന്ന് വ്യക്തമായി. പ്രതീക്ഷകള്‍ കാത്ത് 20 പന്തുകള്‍ ദര്‍ശന്‍ വിജയകരമായി പ്രതിരോധിച്ചെങ്കിലും, 21ാം പന്തില്‍ നിധീഷിനു മുന്നില്‍ പ്രതിരോധം പാളി. 21 പന്തില്‍ ഒറ്റ റണ്‍ മാത്രമെടുത്ത ദര്‍ശനെ, എന്‍.പി. ബേസില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യം ബോള്‍ ചെയ്ത നാല് ഓവറും മെയ്ഡനാക്കിയാണ് നിധീഷ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
ഇതിനിടെ തുടര്‍ ബൗണ്ടറികളുമായി ആക്രമണം കേരള ക്യാംപിലേക്ക് നയിക്കാന്‍ ശ്രമിച്ച ധ്രുവ് ഷോറെ ഒരുവേള ഭീഷണി ഉയര്‍ത്തിയെങ്കിലും, ആ ഭീഷണി കേരളത്തിന്റെ യുവ പേസ് ബോളര്‍ ഏദന്‍ ആപ്പിള്‍ ടോം വേരോടെ പിഴുതു. 13ാം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചില്‍ പുറത്താകുമ്പോള്‍, 35 പന്തില്‍ മൂന്നു ഫോറുകളോടെ 16 റണ്‍സായിരുന്നു രേഖാഡെയുടെ സമ്പാദ്യം.
-
Feb 26, 2025 15:58 IST
ഡാനിഷ് മലേവാറിന് സെഞ്ചുറി
നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ശക്തമായ തിരിച്ചുവരവ്. ഒരുവേള 24-3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ടിരുന്ന വിദര്‍ഭ ആദ്യ ദിനം രണ്ടാം സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 58 ഓവറില്‍ 170-3 എന്ന നിലയില്‍ കരുത്താര്‍ജിച്ചു. സെഞ്ചുറി നേടിയ 21 വയസുകാരന്‍ ഡാനിഷ് മലേവാറിന്റെ കരുത്തിലാണ് വിദര്‍ഭയുടെ തിരിച്ചുവരവ്. 171 പന്തില്‍ 104* റണ്‍സ് എടുത്ത ഡാനിഷിനൊപ്പം കരുണ്‍ നായരും (121 പന്തില്‍ 47*) ക്രീസിലുണ്ട്. ഡാനിഷ്-കരുണ്‍ സഖ്യം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ പുറത്താവാതെ 146 റണ്‍സ് ഇതിനകം ചേര്‍ത്തുകഴിഞ്ഞു.
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 32 ഓവറില്‍ 81-3 എന്ന നിലയിലായിരുന്ന വിദര്‍ഭ രണ്ടാം സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സ് കൂടി ചേര്‍ത്തു. 168 പന്തിലാണ് ഡാനിഷ് മലേവാര്‍ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചത്.
നേരത്തെ ആദ്യ സെഷനില്‍ 12.5 ഓവറിനിടെ വിദര്‍ഭയുടെ മൂന്ന് വിക്കറ്റുകള്‍ കേരള ബൗളര്‍മാര്‍ വീഴ്ത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയ്ക്ക് രണ്ടാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ പാര്‍ഥ് രേഖഡെയെ എം ഡി നിധീഷ് എല്‍ബിയില്‍ കുടുക്കി. രണ്ട് പന്ത് ക്രീസില്‍ നിന്ന പാര്‍ഥിന് അക്കൗണ്ട് തുറക്കാനായില്ല. പിന്നാലെ ഇന്നിംഗ്സിലെ ഏഴാം ഓവറിലെ മൂന്നാം പന്തില്‍ വണ്‍ഡൗണ്‍ ബാറ്റര്‍ ദര്‍ശന്‍ നാല്‍ക്കണ്ടെയെയും പറഞ്ഞയച്ച് നിധിഷ് വിദര്‍ഭക്ക് ഇരട്ട പ്രഹരം നല്‍കി. എന്‍ പി ബേസിലിനായിരുന്നു ക്യാച്ച്. 21 പന്ത് ക്രീസില്‍ ചിലവഴിച്ചിട്ടും ദര്‍ശന് ഒരു റണ്ണേ നേടാനായുള്ളൂ.
പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച സഹ ഓപ്പണര്‍ ധ്രുവ് ഷോറെയെ, ഏദന്‍ ആപ്പിള്‍ ടോം വിക്കറ്റിന് പിന്നില്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ചതോടെ വിദര്‍ഭ കൂട്ടത്തകര്‍ച്ചയിലായി. ഇന്നിംഗ്സിലെ 13-ാം ഓവറിലായിരുന്നു ഈ വിക്കറ്റ്. 35 ബോളുകള്‍ ക്രീസില്‍ നിന്ന ധ്രുവ് 16 റണ്‍സേ പേരിലാക്കിയുള്ളൂ. ഇതോടെ വിദര്‍ഭ 12.5 ഓവറില്‍ 24-3 എന്ന നിലയില്‍ പ്രതിരോധത്തിലാവുകയായിരുന്നു.