/kalakaumudi/media/media_files/2025/02/19/NrxjxC12r2d28ulWoaSX.jpg)
അഹമ്മദാബാദ് : രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്ത് മികച്ച സ്‌കോറിലേക്ക്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഗുജറാത്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നില്ക്കുന്ന ഓപ്പണര്‍ പ്രിയങ്ക് പഞ്ചലിന്റെ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്.
നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് 457 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന് പ്രിയങ്ക് പഞ്ചലും ആദ്യ ദേശായിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്കിയത്. ആര്യ ദേശായി ആക്രമിച്ച് മുന്നേറിയപ്പോള്‍ നിലയുറപ്പിച്ചുള്ള ഇന്നിങ്‌സായിരുന്നു പ്രിയങ്ക് പഞ്ചലിന്റേത്.
82 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ആര്യ ദേശായിയെ ബേസില്‍ എന്‍ പിയാണ് പുറത്താക്കിയത്. 73 റണ്‍സെടുത്ത ആര്യ ദേശായി ബേസിലിന്റെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. ബൌളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും തുടര്‍ന്ന് ഗുജറാത്ത് ബാറ്റിങ് നിരയില്‍ വിള്ളലുണ്ടാക്കാന്‍ കേരളത്തിനായില്ല. കളി നിര്‍ത്തുമ്പോള്‍ പ്രിയങ്ക് പഞ്ചല്‍ 117ഉം മനന്‍ ഹിങ് രാജിയ 30 റണ്‍സും നേടി ക്രീസിലുണ്ട്.
രാവിലെ ഏഴ് വിക്കറ്റിന് 418 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ ആദിത്യ സര്‍വാടെയുടെ വിക്കറ്റ് നഷ്ടമായി. 11 റണ്‍സെടുത്ത സര്‍വാടെ ചിന്തന്‍ ഗജയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡാവുകയായിരുന്നു. മറുവശത്ത് മൊഹമ്മദ് അസറുദ്ദീന്‍ മികച്ച ഷോട്ടുകളുമായി ബാറ്റിങ് തുടര്‍ന്നെങ്കിലും തുടര്‍ന്നെത്തിയവര്‍ക്ക് പിടിച്ചു നില്ക്കാനായില്ല.
അഞ്ച് റണ്‍സെടുത്ത നിധീഷ് എം ഡി റണ്ണൌട്ടായപ്പോള്‍ ഒരു റണ്ണെടുത്ത ബേസില്‍ എന്‍.പിയെ ചിന്തന്‍ ഗജ തന്നെ പുറത്താക്കി. 177 റണ്‍സുമായി മൊഹമ്മദ് അസറുദ്ദീന്‍ പുറത്താകാതെ നിന്നു. 341 പന്തുകളില്‍ നിന്ന് 20 ബൌണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിങ്‌സ്. ഗുജറാത്തിന് വേണ്ടി അര്‍സന്‍ നാഗ്‌സ്വെല്ല മൂന്നും ചിന്തന്‍ ഗജ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.