രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ സച്ചിന്‍ ബേബിക്ക് അര്‍ധസെഞ്ചുറി

ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.

author-image
Biju
New Update
asdSa

Sachin Baby

അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലു വിക്കറ്റ് നഷ്ടം. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ കേരളം 69 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. 51 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് അസറുദ്ദീനും ക്രീസില്‍.

30 റണ്‍സ് വീതമെടുത്ത അക്ഷയ് ചന്ദ്രന്റെയും രോഹന്‍ കുന്നുമ്മലിന്റെയും ജലജ് സക്‌സേനയുടെയും 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹനും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് 60 റണ്‍സടിച്ച് കേരളത്തിന് നല്ല തുടക്കമിട്ടിരുന്നു. 71 പന്തില്‍ 30 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ റണ്ണൗട്ടായത് കേരളത്തിന് തിരിച്ചടിയായി. 

പിന്നാലെ 68 പന്തില്‍ 30 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ രവി ബിഷ്‌ണോയ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ വരുണ്‍ നായനാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. 55 പന്തില്‍ 10 റണ്‍സെടുത്ത വരുണ്‍ നായനാരെ പ്രീയാജിത്സിംഗ് ജഡേജ പുറത്താക്കി. 86-3 എന്ന നിലയില്‍ പതറിയ കേരളത്തെ നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റി. എന്നാല്‍ ആദ്യ ദിനം ചായക്ക് മുമ്പ് 83 പന്തില്‍ 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ നാഗ്വസ്വാല പുറത്താക്കിയത് കേരളത്തി് തിരിച്ചടിയായി.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.

ഗുജറാത്ത് പ്ലേയിംഗ് ഇലവന്‍: പ്രിയങ്ക് പഞ്ചാല്‍, ആര്യ ദേശായി, സിദ്ധാര്‍ത്ഥ് ദേശായി, മനന്‍ ഹിംഗ്രാജിയ, ജയ്മീത് പട്ടേല്‍, ഉര്‍വില്‍ പട്ടേല്‍, ചിന്തന്‍ ഗജ(ക്യാപ്റ്റന്‍), വിശാല്‍ ജയ്സ്വാള്‍, രവി ബിഷ്നോയ്, അര്‍സന്‍ നാഗ്വാസ്വല്ല, പ്രിയജിത്സിംഗ് ജഡേജ.

കേരളം പ്ലേയിംഗ് ഇലവന്‍: അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), ജലജ് സക്സേന, വരുണ്‍ നായനാര്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, ആദിത്യ സര്‍വതെ, എം.ഡി. നിധീഷ്, എന്‍ പി ബേസില്‍.

 

renji trophy