കേരളത്തിന്റെ 74 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് വിജയത്തില്‍

നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനെതിരേ ഒന്നാമിന്നിങ്സിലെ നേരിയ ഒരു റണ്‍സ് ലീഡാണ് കേരളത്തെ സെമിയിലേക്കു മുന്നേറാന്‍ സഹായിച്ചത്. ഇപ്പോഴിതാ ഗുജറാത്തിനെതിരായ സെമിയില്‍ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ലീഡാണ് കേരളത്തിന്റെ ഫൈനലുറപ്പാക്കിയിരിക്കുന്നത്.

author-image
Biju
New Update
artjuuj

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ ആദ്യമായി ഫൈനലുറപ്പിച്ചിരിക്കുകയാണ് കേരളാ ടീം. ആവേശകരമായ സെമി ഫൈനലില്‍ കരുത്തരായ ഗുജറാത്തിനെതിരേ രണ്ടു റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയതോടെയാണ് കേരളം ചരിത്രത്തിലാദ്യമായി ഫൈനലുറപ്പാക്കിയത്. രഞ്ജിയില്‍ കിരീടപ്പോരിനു ഇറങ്ങുകയെന്ന കേരളത്തിന്റെ 74 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാവുന്നത്.

നേരത്തേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനെതിരേ ഒന്നാമിന്നിങ്സിലെ നേരിയ ഒരു റണ്‍സ് ലീഡാണ് കേരളത്തെ സെമിയിലേക്കു മുന്നേറാന്‍ സഹായിച്ചത്. ഇപ്പോഴിതാ ഗുജറാത്തിനെതിരായ സെമിയില്‍ രണ്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ലീഡാണ് കേരളത്തിന്റെ ഫൈനലുറപ്പാക്കിയിരിക്കുന്നത്. കേരളത്തിന്റെ ഒന്നാമിന്നിങ്സ് ടോട്ടലായ 457 റണ്‍സിനു മറുപടിയില്‍ ഗുജറാത്ത് അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്നു രാവിലെ 455 റണ്‍സിനു ഓള്‍ഔട്ടായി.

രണ്ടു റണ്‍സിന്റെ ലീഡുമായി വീണ്ടും ബാറ്റിങാരംഭിച്ച കേരളം ആറോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 20 റണ്‍സെടുത്തിട്ടുണ്ട്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്‍സരം സമനിലയില്‍ കലാശിക്കുമെന്നുറപ്പായിരിക്കുകയാണ്. അങ്ങനെ വന്നാല്‍ ആദ്യ ഇന്നിങ്സിലെ നേരിയ രണ്ടു റണ്‍സ് ലീഡുമായി കേരളം ഫൈനലില്‍ കടക്കുകയും ചെയ്യും.

നേരത്തേ ആദ്യ ഇന്നിങ്സില്‍ കേരളാ ടീമിന്റെ ഹീറോയായി മാറിയത് കാസര്‍കോഡുകാരനായ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ്. ആറാം നമ്പറില്‍ ബാറ്റിങിനിറങ്ങിയ അദ്ദേഹം വമ്പന്‍ സെഞ്ച്വറിയുമായി ടീമിനെ 457 റണ്‍സെന്ന വലിയ ടോട്ടലിലെത്തിക്കുകയായിരുന്നു. 177 റണ്‍സ് നേടിയാണ് അസ്ഹര്‍ ക്രീസ് വിട്ടത്. 341 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്സില്‍ 20 ഫോറും ഒരു സിക്സറുമുള്‍പ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69), സല്‍മാന്‍ നിസാര്‍ (52) എന്നിവരുടെ ഫിഫ്റ്റികളും കേരളാ ടീമിനു കരുത്തായി. മറുപടിയില്‍ ഗുജറാത്തും ശക്തമായി തിരിച്ചടിച്ചെങ്കിലും കേരളത്തിന്റെ ടോട്ടല്‍ മറികടക്കാനായില്ല.

455 റണ്‍സിനു അവരുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ പ്രിയങ്ക്് പാഞ്ചാലിന്റെ (148) സെഞ്ച്വറിയാണ് ഗുജറാത്തിനെ 450 കടത്തിയത്. ജയ്മീത് പതല്‍ 79ഉം ആര്യ ദേശായ് 73ഉം റണ്‍സുമായി തിളങ്ങി.

 

renji trophy