/kalakaumudi/media/media_files/2025/08/24/rinku2-2025-08-24-16-33-55.jpg)
ലക്‌നൗ: പ്രണയമെന്ന പേരില്‍ ഞരമ്പുരോഗികളായ ചിലര്‍ പെണ്‍കുട്ടികള്‍ക്കെതിരെ പലവിധത്തില്‍ പെരുമാറുമ്പോഴും അത് വിവാദമാകുമ്പോഴുമുള്ള സാഹചര്യത്തിലാണ് ഒരു ലൈക്കിന്റെ പേരില്‍ നടക്കുന്ന വലിയൊരുവിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഭാവിവധു പ്രിയ സരോജുമായുള്ള അടുപ്പത്തെക്കുറിച്ചു മനസ്സു തുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്. സമാജ്‌വാദി പാര്‍ട്ടിയുടെ ലോക്‌സഭാംഗമായ പ്രിയ സരോജും റിങ്കു സിങ്ങും തമ്മിലുള്ള വിവാഹ നിശ്ചയച്ചടങ്ങുകള്‍ കഴിഞ്ഞ ജൂണില്‍ നടന്നിരുന്നു. ഈ വര്‍ഷം നവംബറില്‍ തീരുമാനിച്ചിരുന്ന വിവാഹം പിന്നീട് മാറ്റിവച്ചിരുന്നു. ഒരു ഫാന്‍ ഗ്രൂപ്പില്‍ പ്രിയയുടെ ഫോട്ടോ കണ്ട് അങ്ങോട്ട് മെസേജ് അയച്ചതാണ് ബന്ധത്തിന്റെ തുടക്കമെന്ന് റിങ്കു സിങ് ഒരു ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.
''കോവിഡിന്റെ സമയത്ത് മുംബൈയില്‍ ഐപിഎല്‍ നടക്കുമ്പോഴാണ് ഞാന്‍ പ്രിയയെക്കുറിച്ച് അറിയുന്നത്. ഗ്രാമത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രിയയുടെ ഒരു ഫോട്ടോ ഞാന്‍ ഫാന്‍ ഗ്രൂപ്പില്‍ കണ്ടിരുന്നു. എനിക്കു ചേരുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നിയിരുന്നു. പക്ഷേ ഞാന്‍ അങ്ങോട്ട് മെസേജ് അയക്കുന്നതു മോശമല്ലെ എന്നായിരുന്നു ചിന്ത.''
''എന്നാല്‍ പ്രിയ സരോജ് എന്റെ ചില ഫോട്ടോകള്‍ ലൈക്ക് ചെയ്തു. ഇതോടെ ഞാന്‍ തന്നെ മെസേജ് അയച്ചു. അങ്ങനെയാണു ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. പിന്നീട് സ്ഥിരമായി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മുന്‍പു വരെ സംസാരിക്കുമായിരുന്നു. അങ്ങനെയാണു ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. പകല്‍ സമയങ്ങളില്‍ പ്രിയ തിരക്കായിരുന്നതിനാല്‍ രാത്രിയായിരുന്നു സംസാരം.'' റിങ്കു സിങ് വ്യക്തമാക്കി.
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റിങ്കു സിങ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാണ്. റിങ്കു സിങ്ങിന് ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടായതിനാലാണു താരത്തിന്റെ വിവാഹം മാറ്റിവച്ചത്. പുതിയ തീയതി ഏതാണെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.