സര്‍ഫറാസിനെ ഒഴിവാക്കി; പന്ത് ഇന്ത്യ എ ടീം ക്യാപ്റ്റന്‍

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണു പന്തിനു കാലിനു പരുക്കേറ്റത്. തുടര്‍ന്ന് താരത്തിന് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും നഷ്ടമായിരുന്നു

author-image
Biju
New Update
PNTT

മുംബൈ: പരുക്കുമാറി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരവിനൊരുങ്ങുന്ന ഋഷഭ് പന്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കി ബിസിസിഐ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ഋഷഭ് പന്ത് നയിക്കും. ഒക്ടോബര്‍ 30ന് ബെംഗളൂരുവിലാണ് പരമ്പരയിലെ ആദ്യ മത്സരം. പരമ്പരയിലെ രണ്ടു കളികളും ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കും.

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണു പന്തിനു കാലിനു പരുക്കേറ്റത്. തുടര്‍ന്ന് താരത്തിന് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനവും നഷ്ടമായിരുന്നു. കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടാം ടെസ്റ്റ് മുതല്‍ ഇന്ത്യ എ ടീമിനൊപ്പം ചേരും. സായ് സുദര്‍ശനാണ് ടീം വൈസ് ക്യാപ്റ്റന്‍. മലയാളി താരം ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്. അണ്ടര്‍ 19 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ആയുഷ് മാത്രെ ആദ്യ മത്സരത്തിനുള്ള ടീമില്‍ ഇടം കണ്ടെത്തി.

ഋഷഭ് പന്തിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തിയേക്കും. നവംബര്‍ 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടെസ്റ്റ്. അതേസമയം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഇടം കണ്ടെത്താന്‍ പരിശ്രമിക്കുന്ന സര്‍ഫറാസ് ഖാനെ എ ടീമിലേക്കു പരിഗണിച്ചിട്ടില്ല. ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുക ലക്ഷ്യമിട്ട് സര്‍ഫറാസ് ശരീരഭാരം കുറച്ചിരുന്നു. കഠിന പരിശീലനവും ഭക്ഷണനിയന്ത്രണവും ചെയ്താണ് സര്‍ഫറാസ് ഭാരം കുറച്ചത്. ജമ്മു കശ്മീരിനെതിരായ രഞ്ജി പോരാട്ടത്തില്‍ മുംബൈ താരമായ സര്‍ഫറാസിന് വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് മാത്രെ, എന്‍. ജഗദീശന്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീദാര്‍, ഹര്‍ഷ് ദുബെ, തനുഷ് കോട്യന്‍, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍, അന്‍ഷുല്‍ കാംബോജ്, യാഷ് താക്കൂര്‍, ആയുഷ് ബദോനി, സരന്‍ഷ് ജെയ്ന്‍.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ എ ടീം ഋഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കെ.എല്‍. രാഹുല്‍, ധ്രുവ് ജുറേല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്വാദ്, ഹര്‍ഷ് ദുബെ, തനുഷ് കോട്യന്‍, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്, ഗുര്‍നൂര്‍ ബ്രാര്‍, അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.