/kalakaumudi/media/media_files/2026/01/03/newland-2026-01-03-08-22-31.jpg)
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ചര്‍ച്ചാവിഷയമായി ഒരുപിടി താരങ്ങളുടെ ഭാവിയും. ഏകദിനത്തില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത്, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരുടെ കാര്യമാണ് ആരാധകര്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ക്കു സാധ്യതയില്ലെങ്കില്‍ ചില നിര്‍ണായക ഒഴിവാക്കലുകളും ചില സര്‍പ്രൈസ് എന്‍ട്രികളുമുണ്ടാകുമെന്നും തന്നെയാണ് കണക്കുകൂട്ടലുകള്‍.
2025ല്‍ ഒരു ഏകദിന മത്സരം പോലും കളിക്കാത്ത പന്തിനെ, ടീമില്‍നിന്ന് ഒഴിവാക്കുമെന്നു തന്നെയാണ് ഇതുവരെയുള്ള സൂചനകള്‍. പകരം ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാനെ കിഷനെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇഷാന്റെ ക്യാപ്റ്റന്‍സിയിലാണ് ജാര്‍ഖണ്ഡ് കിരീടം നേടിയത്. ഇതിനു പിന്നാലെ ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനം നേടിയ താരം, വിജയ് ഹസാരെ ട്രോഫിയിലും ഉഗ്രന്‍ ഫോമിലാണ്. ടെസ്റ്റില്‍, പന്തിന്റെ രണ്ടാമനായ ധ്രുവ് ജുറേലും വിജയ് ഹസാരെയില്‍ 'ഡാഡി സെഞ്ചറി' (150+) ഉള്‍പ്പെടെ നേടി ഫോമിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ധ്രുവ് ജുറേലും ടീമിലുണ്ടായിരുന്നു.
ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറായാലും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറായാലും ടീം കോംബിനേഷന്‍ അനുസരിച്ച് താരങ്ങളെ ടീമിലെടുക്കുന്നതില്‍ കടുംപിടുത്തക്കാരാണ്. ട്വന്റി20 ലോകകപ്പിനുള്ള ടീമില്‍നിന്ന് ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയത് അതിനു തെളിവാണ്. ഓപ്പണറായി വിക്കറ്റ് കീപ്പര്‍ വേണമെന്നതിനാലാണ് സഞ്ജു സാംസാണെയും ഇഷാന്‍ കിഷനെയും ടീമില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു അഗാര്‍ക്കറുടെ വിശദീകരണം. ഏകദിനത്തില്‍ മധ്യനിരയില്‍ കളിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയാണ് ടീമിന് ആവശ്യം. കെ.എല്‍.രാഹുല്‍ അതുകൊണ്ടു തന്നെയാണ് സ്ഥിരം വിക്കറ്റ് കീപ്പറായതും.
ഋഷഭ് പന്തിനെയും അഞ്ചാമതോ ആറാമതോ പൊസിഷനില്‍ ബാറ്റിങ്ങിന് ഇറക്കാമെങ്കിലും താരത്തിന്റെ ഷോട്ട് സെലക്ഷനില്‍ ഗംഭീറിനും അഗാക്കറിനും അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഗുവാഹത്തി ടെസ്റ്റില്‍ പന്തു പുറത്തായ രീതിയാണ് ഇപ്പോള്‍ ഏകദിന ടീമില്‍നിന്നും പുറത്തേയ്ക്കുള്ള വാതില്‍ താരത്തിന് തുറന്നുകൊടുക്കുന്നതെന്നാണ് ബിസിസിഐയുടെ അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗംഭീര്‍ മുഖ്യ പരിശീലകനായതിനുശേഷം, 2024 ജൂലൈ മുതല്‍ 2025 ഡിസംബര്‍ വരെ പന്ത് ഒരു ഏകദിനം മാത്രമേ കളിച്ചിട്ടുള്ളൂ. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലടക്കം ബെഞ്ചിലായിരുന്നു പന്തിന്റെ സ്ഥാനം. 2018ല്‍ ഏകദിനത്തില്‍ അരങ്ങേറിയ പന്ത്, ഇതുവരെ ആകെ 31 മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.
കിവീസിനെതിരെ പേസര്‍മാര്‍ ആരൊക്കെയാകും എന്നതിലും ആകാംക്ഷയുണ്ട്. പേസര്‍ ജസ്പ്രതീ ബുമ്രയ്ക്കും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഏകദിനത്തില്‍ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും കുറച്ചുകാലമായി ഇന്ത്യയുടെ ഏകദിന ടീമിന്റെ ഭാഗമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവരായിരുന്നു പേസര്‍മാര്‍. ഇതില്‍ അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിര്‍ക്കും വിശ്രമം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ വീണ്ടും ടീമിലേക്ക് എത്തും. അര്‍ഷ്ദീപും ഹര്‍ഷിതും ടീമിലുണ്ടെങ്കിലും പ്രസിദ്ധ് കൃഷ്ണയെ പരിഗണിച്ചില്ലെങ്കില്‍ സിറാജിനോ ഷമിക്കോ എന്നിവരിലൊരാള്‍ക്കു ടീമിലേക്കു സാധ്യതയുണ്ട്. ചാംപ്യന്‍സ് ട്രോഫി ടീമില്‍, സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സിറാജിനെ ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഷമിയാക്കട്ടെ, ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുമില്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിറാജ് ഉണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരത്തിനെ വീണ്ടും പുറത്താക്കുകയായിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ നാല് റൗണ്ടുകളിലും സിറാജ് കളിച്ചിട്ടില്ല. എന്നാല്‍ അവസാന മൂന്നു റൗണ്ടുകളിലെ രണ്ടെണ്ണത്തില്‍ ഹൈദരാബാദിനായി താരം കളത്തിലിറങ്ങുമെന്നാണ് വിവരം. 2023 ലോകകപ്പ് വരെ ഏകദിന ടീമില്‍ സ്ഥിരാംഗമായിരുന്ന സിറാജിനെ ഒഴിവാക്കിയത് അതിശയകരമാണ്. ന്യൂസിലന്‍ഡിനെ എതിരെയും പരിഗണിച്ചില്ലെങ്കില്‍ താരത്തിന്റെ ഏകദിന ഭാവി ചോദ്യചിഹ്നത്തിലാകും. ചാംപ്യന്‍സ് ട്രോഫിക്ക് പിന്നാലെ പരുക്കിനെ തുടര്‍ന്നു പുറത്തായ ഷമി, ആഭ്യന്തര മത്സരങ്ങളില്‍ തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് ഇതുവരെ തിരിച്ചുവരവ് സാധ്യമായിട്ടില്ല. ഷമിയും സെലക്ഷന്‍ കമ്മിറ്റിയും തമ്മില്‍ നടക്കുന്ന ആശയവിനിമയത്തെക്കുറിച്ച് ഇതുവരെയും വ്യക്തതയില്ല.
വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുംപ്രകടനം നടത്തുന്ന ചിലരും ദേശീയ ടീമിലേക്ക് വിളി കാത്തിരിപ്പുണ്ട്. സര്‍ഫറാസ് ഖാന്‍ (നാലാം നമ്പറില്‍), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (ഓപ്പണര്‍) എന്നിവരാണ് അതിലെ പ്രമുഖര്‍. ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ ഓപ്പണിങ് സ്ലോട്ടില്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ ദേവ്ദത്ത് പടിക്കലിന് ടീമിലേക്കുള്ള പ്രവേശനം കഠിനമായിരിക്കും.
വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഒഴിവില്‍ നാലാം നമ്പറില്‍ സര്‍ഫറാസ് ഖാനെ പരിഗണിക്കാമെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചറി നേടിയ ഋതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കാന്‍ സെലക്ഷന്‍ കമ്മിറ്റി മുതിര്‍ന്നേക്കില്ല. അതുകൊണ്ടു തന്നെ സര്‍ഫറാസ് ഖാനും ഇനിയും കാത്തിരിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചാലും എല്ലാം ഊഹാപോഹങ്ങളും വെറുതെയാവും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
