ഏഷ്യാകപ്പില്‍ ബംഗ്ലദേശിനോട് തോറ്റ് ഇന്ത്യ പുറത്ത്

23 പന്തില്‍ 44 റണ്‍സടിച്ച ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയാണ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവംശി (15 പന്തില്‍ 38), ജിതേഷ് ശര്‍മ (23 പന്തില്‍ 33), നേഹല്‍ വധേര (29 പന്തില്‍ 32) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല

author-image
Biju
New Update
asia

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായി ഇന്ത്യ. സൂപ്പര്‍ ഓവറിലേക്കു നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ ബംഗ്ലദേശിനോടു തോറ്റാണ് ഇന്ത്യ പുറത്തായത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക പാക്കിസ്ഥാന്‍ മത്സരത്തിലെ എതിരാളികളെ ബംഗ്ലദേശ് നേരിടും. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണു നേടിയത്. സൂപ്പര്‍ ഓവറിലെ മോശം പ്രകടനം ഇന്ത്യയെ തോല്‍വിയിലേക്കു തള്ളി വിടുകയായിരുന്നു.

23 പന്തില്‍ 44 റണ്‍സടിച്ച ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയാണ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവംശി (15 പന്തില്‍ 38), ജിതേഷ് ശര്‍മ (23 പന്തില്‍ 33), നേഹല്‍ വധേര (29 പന്തില്‍ 32) എന്നിവരും തിളങ്ങിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. 53 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി വൈഭവ് സൂര്യവംശിയും പ്രിയന്‍ഷ് ആര്യയും ഇന്ത്യയ്ക്കു മികച്ച തുടക്കമാണു നല്‍കിയത്. നാലു സിക്‌സും രണ്ടു ഫോറുകളും അടിച്ച വൈഭവിനെ അബ്ദുല്‍ ഗാഫറിന്റെ പന്തില്‍ ജിഷന്‍ ആലം ക്യാച്ചെടുത്താണു പുറത്താക്കുന്നത്. വൈഭവിന്റെ ബാറ്റിങ് കരുത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.വൈഭവ് പുറത്തായതിനു പിന്നാലെയെത്തിയ നമന്‍ ധീറിനു തിളങ്ങാന്‍ സാധിച്ചില്ല. 

ഏഴു റണ്‍സ് മാത്രമെടുത്ത താരത്തെ അബു ഹൈദറിന്റെ പന്തില്‍ യാസിര്‍ അലി ക്യാച്ചെടുത്താണു പുറത്താക്കിയത്. പ്രിയന്‍ഷ് ആര്യയ്‌ക്കൊപ്പം ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ന്നു. 98ല്‍ നില്‍ക്കെ പ്രിയന്‍ഷ് ആര്യയെ റാക്കിബുല്‍ ഹസന്‍ പുറത്താക്കി. തുടര്‍ന്ന് ജിതേഷ് ശര്‍മയും നേഹല്‍ വധേരയും ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയി. രണ്ടു സിക്‌സും ഒരു ഫോറും ബൗണ്ടറി കടത്തിയ ജിതേഷ് ശര്‍മയെ 15ാം ഓവറിലെ അവസാന പന്തില്‍ അബു ഹൈദര്‍ പുറത്താക്കി. രമണ്‍ദീപ് സിങ് 17 റണ്‍സെടുത്തു മടങ്ങി.

അവസാന രണ്ടോവറുകളില്‍ 21 റണ്‍സാണ് ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പത്തൊന്‍പതാം ഓവറില്‍ അഞ്ചു റണ്‍സ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേടിയത്. 20ാം ഓവറില്‍ ഒരു സിക്‌സും ഫോറും ബൗണ്ടറി കടത്തിയ അശുതോഷ് ശര്‍മ ഇന്ത്യയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ റാക്കിബുല്‍ ഹസന്റെ അഞ്ചാം പന്തില്‍ അശുതോഷ് പുറത്തായി. ഇതോടെ അവസാന പന്തില്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. ഹര്‍ഷ് ദുബെ നേരിട്ട അവസാന പന്തില്‍ മൂന്ന് റണ്‍സ് ഓടിയെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു.

എന്നാല്‍ പൊരുതി നേടിയ സമനില പ്രകടനം സൂപ്പര്‍ ഓവറില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. റിപ്പോണ്‍ മൊണ്ടലിന്റെ ആദ്യ രണ്ടു പന്തുകളില്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും അശുതോഷ് ശര്‍മയും പുറത്തായി. ഇതോടെ സൂപ്പര്‍ ഓവറില്‍ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. മറുപടി ബാറ്റിങ്ങില്‍ സുയാഷ് ശര്‍മയുടെ ആദ്യ പന്തില്‍ ബംഗ്ലദേശ് ബാറ്റര്‍ യാസിര്‍ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് ഫൈനല്‍ ഉറപ്പിച്ചു. 

ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 194 റണ്‍സെടുത്തത്. അര്‍ധ സെഞ്ചറി നേടിയ ഓപ്പണര്‍ ഹബിബുര്‍ റഹ്‌മാനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട താരം 65 റണ്‍സെടുത്തു. 18 പന്തുകള്‍ നേരിട്ട മെഹറോബ് 48 റണ്‍സടിച്ചു പുറത്താകാതെനിന്നു. 14 പന്തില്‍ 26 റണ്‍സടിച്ച ജിഷന്‍ ആലവും ബംഗ്ലദേശിനായി തിളങ്ങി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഓപ്പണര്‍മാരായ ഹബിബുര്‍ റഹ്‌മാനും ജിഷന്‍ ആലമും േചര്‍ന്ന് മികച്ച തുടക്കമാണു ബംഗ്ലദേശിനു നല്‍കിയത്. 

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 26 റണ്‍സെടുത്ത ജിഷന്‍ ആലമിനെ ഗുര്‍ജന്‍പ്രീത് സിങ് നമന്‍ ധീറിന്റെ കൈകളിലെത്തിച്ചു. സവാദ് അബ്രാര്‍ (13), ക്യാപ്റ്റന്‍ അക്ബര്‍ അലി (ഒന്‍പത്), അബു ഹൈദര്‍ എന്നിവര്‍ തിളങ്ങാനാകാതെ പോയതോടെ 119 റണ്‍സെടുക്കുന്നതിനിടെ ബംഗ്ലദേശിനു നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവസാന ഓവറുകളില്‍ മെഹറോബ് തകര്‍ത്തടിച്ചതാണ് ബംഗ്ലദേശിനെ സുരക്ഷിതമായ സ്‌കോറിലെത്തിച്ചത്. ആറു സിക്‌സുകളാണു താരം ബൗണ്ടറി കടത്തിയത്. അവസാന രണ്ടോവറുകളില്‍ 50 റണ്‍സാണ് ബംഗ്ലദേശ് ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. ഗുര്‍ജന്‍പ്രീത് സിങ് രണ്ടും ഹര്‍ഷ് ദുബെ, സുയാഷ് ശര്‍മ, രമണ്‍ദീപ് സിങ്, നമന്‍ ധീര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.