Rodri and Lamine Yamal win Player and Young Player of the euro 2024 Tournament awards
ബെർലിൻ: നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീമായ സ്പെയിനിന് വീണ്ടും നേട്ടം.യൂറോ കപ്പിലെ മികച്ച താരമായി സ്പെയിനിന്റെ മിഡ്ഫീൽഡ് എൻജിൻ റോഡ്രിയും യുവതാരമായി വിംഗർ ലമീൻ യമാലും തെരഞ്ഞെടുക്കപ്പെട്ടു.നാലാം തവണയും ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും.
ഇംഗ്ലണ്ടിനെ 2-1ന് പരാജയപ്പെടുത്തിയ കലാശപ്പോരിൽ മുട്ടുകാലിലെ പരിക്ക് കാരണം ഒന്നാം പകുതിക്ക് ശേഷം കയറേണ്ടി വന്നെങ്കിലും ടൂർണമെന്റിലുടനീളം നടത്തിയ മിന്നും പ്രകടനമാണ് റോഡ്രിക്ക് തുണയായത്. ജോർജിയക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഗോൾ നേടിയ മാഞ്ചസ്റ്റർ സിറ്റി താരം തകർപ്പൻ പാസുകളുമായി ടൂർണമെന്റിലുടനീളം കളം നിറഞ്ഞ് കളിച്ചിരുന്നു. സ്പെയിനിനൊപ്പം നേഷൻസ് ലീഗ് കിരീടം നേടിയ 28കാരൻ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും എഫ്.എ കപ്പും യുവേഫ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്.
മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ലമീൻ യമാൽ ഫ്രാൻസിനെതിരായ സെമിഫൈനലിൽ നിർണായക ഗോൾ നേടുകയും ടൂർണമെന്റിൽ നാല് അസിസ്റ്റുകളുമായി വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. ഫൈനലിൽ നികോ വില്യംസിന്റെ ഗോളിന് വഴിയൊരുക്കിയതും 17കാരൻ ആയിരുന്നു.ഏറ്റവും കൂടുതൽ ഗോൾ നേടിയതിനുള്ള ഗോൾഡർ ബൂട്ട് ആറ് താരങ്ങൾ പങ്കിട്ടു.
മൂന്ന് ഗോളുകൾ വീതം നേടിയ സ്പെയിനിന്റെ ഡാനി ഒൽമൊ, ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, നെതർലാൻഡിന്റെ കോഡി ഗാക്പോ, ജർമനിയുടെ ജമാൽ മുസിയാല, സ്ലൊവാക്യയുടെ ഇവാൻ ഷ്രാൻസ്, ജോർജിയയുടെ ജോർജെ മികോട്ടഡ്സെ എന്നിവരാണ് ടോപ് സ്കോറർ പട്ടികയിലുള്ളത്. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിന് ഫ്രാൻസിന്റെ മൈക് മെയ്ഗ്നൻ തെരഞ്ഞെടുക്കപ്പെട്ടു.