സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ശക്തരായ മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് 43 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത് കേരളം നേടിയ 234 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. ശ്രേയസ് അയ്യര്‍, ശാര്‍ദൂല്‍ താക്കൂര്‍, പൃഥി ഷാ, അജിന്‍ക്യ രഹാനെ തുടങ്ങിയ പേരുകേട്ട താരങ്ങളുമായി കളത്തിലിറങ്ങിയ മുംബൈയെ രോഹന്‍ കുന്നുമ്മലും സല്‍മാന്‍ നിസാറും ചേര്‍ന്നാണ് കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നിരാശയോടെയായിരുന്നു തുടക്കം. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വെറും നാലു റണ്‍സെടുത്ത് ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡ് ആയി. എന്നാല്‍ രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാറിനൊപ്പം വെടിക്കെട്ട് ബാറ്റിംഗ് തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. രോഹന്‍ 48 പന്തില്‍ ഏഴ് സിക്‌സറുകളും അഞ്ചു ഫോറുകളുമടക്കം 87 റണ്‍സ് നേടിയപ്പോള്‍ സല്‍മാന്‍ നിസാര്‍ 49 പന്തുകളില്‍ നിന്ന് എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും അടക്കം 99 റണ്‍സ് നേടി പുറത്താകാതെ നിന്നു. ശാര്‍ദുല്‍ താക്കൂര്‍ നാല് ഓവറില്‍ വഴങ്ങിയത് 69 റണ്‍സ്.
മറുപടി ബാറ്റിംഗില്‍ 35 പന്തില്‍ 68 റണ്‍സ് നേടി അജിന്‍ക്യ രഹാനെ പൊരുതിയെങ്കിലും 234 റണ്‍സെന്ന ലക്ഷ്യം ഏറെ അകലെയായിരുന്നു. പൃഥി ഷാ(23), ശ്രേയസ് അയ്യര്‍(32), ഹര്‍ദിക് തമോര്‍ (23) എന്നിവരും പൊരുതിയെങ്കിലും 191 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കേരളത്തിന് വേണ്ടി എം ഡി നിധീഷ് നാലും വിനോദ് കുമാറും ബാസിതും രണ്ട് വീതവും എന്‍ കെ ബാസില്‍ ഒരു വിക്കറ്റും നേടി. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ മൂന്നെണ്ണം ജയിച്ച കേരളം ഒന്നാം സ്ഥാനത്തെത്തി.
രോഹനും സല്‍മാനും മിന്നി; മുംബൈയെ കീഴടക്കി കേരളം
ശക്തരായ മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് 43 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത് കേരളം നേടിയ 234 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു.
New Update