/kalakaumudi/media/media_files/2025/08/06/rohit-and-gill-2025-08-06-20-01-17.webp)
ദില്ലി: ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ ശുഭ്മാന്‍ ഗില്‍ പാകമായതായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മുഹമ്മദ് കൈഫ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 2-2 സമനില പിടിക്കാന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും ഗില്‍ ആയിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ വിരമിച്ചതിന് ശേഷം നടന്ന ആദ്യ പരമ്പര ആയിരുന്നിത്. ഗില്ലിന്റെ കീഴില്‍ ഇന്ത്യന്‍ ടീമിന് തിളങ്ങാന്‍ കഴിയില്ലെന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ 25 കാരനായ ഗില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് വിമര്‍ശകരുടെ വായടപ്പിച്ചു.
പിന്നാലെയാണ് കൈഫ്, ഗില്ലിന്റെ നേതൃപാടവത്തെ കുറിച്ച് സംസാരിച്ചത്. കൈഫിന്റെ വാക്കുകള്‍... ''ഗില്‍ വളരെ ശാന്തനായ ക്യാപ്റ്റനായിരുന്നു. സമ്മര്‍ദ്ദഘട്ടങ്ങളിലും അദ്ദേഹം സംയമനത്തോടെയാണ് നയിച്ചത്. രോഹിത് ശര്‍മ എത്രകാലം ക്യാപ്റ്റനായി തുടരുമെന്ന് വ്യക്തയില്ല. ഇപ്പോള്‍ ഗില്ലിന് ഏകദിന ടീമിനെ നയിക്കാനുള്ള പ്രാപ്തി കൂടി വന്നിട്ടുണ്ട്. വൈറ്റ്-ബോളില്‍ അദ്ദേഹം റണ്‍സ് കണ്ടെത്തുന്നുണ്ട്. ടെസ്റ്റുകളില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്തു. മുന്നില്‍ നിന്ന് നയിച്ചു.ഒരു യുവ ടീമിനൊപ്പം പോകുമ്പോള്‍, നിങ്ങള്‍ രണ്ടും ചെയ്യണം. മൊത്തത്തില്‍ അദ്ദേഹത്തിന് ഇംഗ്ലണ്ട് പര്യടനം നല്ല അനുഭവമാണുണ്ടാക്കിയത്.'' കൈഫ് പറഞ്ഞു.
''ക്യാപ്റ്റന്‍ എന്ന നിലയില്‍ ഗില്‍ പരമ്പരയില്‍ ടീമിനെ നന്നായി നയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതെന്ന് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. യുവ ടീമിനൊപ്പം വളരെയധികം സമ്മര്‍ദ്ദത്തിലാണ് ഗില്‍ ഇംഗ്ലണ്ടിലെത്തിയത്. അദ്ദേഹം തന്റെ ബാറ്റ് ഉപയോഗിച്ച് ഉത്തരം നല്‍കി. ഡോണ്‍ ബ്രാഡ്മാന്റെ റെക്കോല്‍ഡിന് അടുത്തെത്താന്‍ പോലും ഗില്ലിന് സാധിച്ചു.'' കൈഫ് കൂട്ടിച്ചേര്‍ത്തു. പത്ത് ഇന്നിംഗ്‌സുകളില്‍ നിന്ന് 75.4 ശരാശരിയില്‍ നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 754 റണ്‍സ് ഗില്‍ നേടി.
ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ 147 റണ്‍സോടെയാണ് അദ്ദേഹം പരമ്പര ആരംഭിച്ചത്. എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 430 റണ്‍സ് (269, 161) അടിച്ചെടുത്തു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന നാലാം ടെസ്റ്റില്‍ അദ്ദേഹം 103 റണ്‍സ് നേടി. മത്സരം സമനിലയിലാക്കാന്‍ സഹായിച്ചതും ഗില്ലിന്റെ പ്രകടനമായിരുന്നു.