രോഹിത്തും ജയ്‌സ്വാളും മുംബൈ രഞ്ജി ടീമിലേക്ക്

യശസ്വി ജയ്‌സ്വാള്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാന്‍ സന്നദ്ധനാണെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു

author-image
Prana
New Update
rohit and yashasvi

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പിന്നാലെ മുംബൈയ്ക്കായി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി കളിക്കാന്‍ സന്നദ്ധനാണെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. 23ന് നടക്കുന്ന ജമ്മു കശ്മീരിനെതിരായ മത്സരത്തിലാകും യശസ്വി മുംബൈക്കായി കളിക്കുക.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് യശസ്വി ജയ്‌സ്വാളിനെ പരിഗണിച്ചിരുന്നില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഈ മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് മുംബൈ ടീമിനും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കുമൊപ്പം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ രോഹിത് ശര്‍മ മുക്കാല്‍ മണിക്കൂറോളം ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. 2016ലാണ് രോഹിത് മുംബൈക്കായി അവസാനം രഞ്ജി ട്രോഫി കളിച്ചത്.
ആസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 31 റണ്‍സ് മാത്രമായിരുന്നു രോഹിത് നേടിയത്. അതേസമയം, അഞ്ച് മത്സരങ്ങളില്‍ 448 റണ്‍സടിച്ച യശസ്വി ജയ്‌സ്വാള്‍ പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയാറാവണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ബിസിസിഐയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ആസ്‌ട്രേലിയയില്‍ ഇന്ത്യക്കായി കളിച്ച ശുഭ്മാന്‍ ഗില്ലും പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിക്കായി കളിക്കുമോ എന്ന കാര്യത്തില്‍ വിരാട് കോലിയും റിഷഭ് പന്തും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

mumbai Yashasvi Jaiswal rohith sharma ranji trophy