/kalakaumudi/media/media_files/2025/10/29/rohit-2025-10-29-16-24-40.jpg)
ദുബായ്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ പിന്തള്ളിയാണ് രോഹിത്തിന്റെ നേട്ടം.
കരിയറില്‍ ഇതാദ്യമായാണ് രോഹിത് ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. 38 വയസ്സും 182 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. ഇതോടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രോഹിത് ഒന്നാം റാങ്കിലെത്തിയത്. 781 റേറ്റിങ്ങാണ് നിലവില്‍ രോഹിത്തിനുള്ളത്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ് രണ്ടാം റാങ്കില്‍. ഗില്‍ 745 റേറ്റിങ്ങോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ് ധോനി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ശേഷം ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
അഡ്ലെയ്ഡില്‍ ഓസീസിനെതിരേ 97 പന്തില്‍ നിന്ന് 73 റണ്‍സും സിഡ്നിയില്‍ 125 പന്തില്‍ നിന്ന് 121 റണ്‍സും നേടിയ പ്രകടനങ്ങളാണ് രോഹിത്തിന് നേട്ടമായത്. പരമ്പരയിലെ താരവും രോഹിത്തായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
