pak legend shoaib akhtar backs india to win t20 world cup 2024
കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്‌ത്തി ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇടംനേടിയിരിക്കുകയാണ് ടീം ഇന്ത്യ.ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് വഴങ്ങിയ തോൽവിയ്‌ക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും ഈ ജയം.
നിരവധി പേരാണ് ഇന്ത്യയ്ക്ക് അഭിനന്ദങ്ങളുമായെത്തിയത്. ഇപ്പോഴിതാ ടീം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ മുൻ താരം ഷൊയ്ബ് അക്തർ. ഇന്ത്യയുടെ ലോകകപ്പാണിതെന്നാണ് ഷൊയ്ബ് പറയുന്നത്. ഓസ്‌ട്രേലിയയെ വീഴ്‌ത്തി ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ഷൊയ്ബ് അക്തറിന്റെ പ്രതികരണം.
‘വെൽ ഡൺ ഇന്ത്യ, ഇത് നിങ്ങളുടെ ലോകകപ്പാണ്. ഈ ടി20 ലോകകപ്പ് നിങ്ങൾ തന്നെ നേടണം.അതോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ലോകകിരീടമെത്തും. മുമ്പ് നിങ്ങൾ ലോകജേതാക്കളായിട്ടുണ്ടെങ്കിലും ഈ ലോകകപ്പിന്റെ അവകാശികൾ നിങ്ങളാണ്. 100 ശതമാനവും നിങ്ങളതിന് യോഗ്യരാണ്. ഞാൻ നിങ്ങളെ പൂർണ്ണമായും പിന്തുണയ്‌ക്കുന്നു. ഓസീസിനെതിരെ രോഹിത് ശർമ്മയുടെ ഉദ്ദേശ്യം മികച്ചതായിരുന്നു. ടി20 കിരീടം നേടാൻ രോഹിത് ശർമ്മ അർഹനാണ്”. അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
2023-ലെ ഏകദിന ലോകകപ്പിൽ ജയിക്കേണ്ട ടീമായിരുന്നു ടീം ഇന്ത്യ. ഓസ്‌ട്രേലിയയോട് തോറ്റതോടെ ഇന്ത്യൻ ടീം മാനസികമായി തകർന്നിരുന്നു. അതുകൊണ്ടു തന്നെ ഓസീസിന് മറുപടി നൽകാൻ ടീം ഇന്ത്യ ആഗ്രഹിച്ചിട്ടുണ്ടാകണമെന്നും അക്തർ കൂട്ടിച്ചേർത്തു. 24 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.