മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റിനു മുന്നോടിയായുള്ള നെറ്റ്‌സ് പ്രാക്ടീസില്‍ ബുദ്ധിമുട്ടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പാര്‍ട് ടൈം സ്പിന്നര്‍ ദേവ്ദത്ത് പടിക്കലിനെ നേരിടാന്‍ പോലും രോഹിത് ശര്‍മ കഷ്ടപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരത്തെ രോഹിത് ശര്‍മ നേരിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഫോം കണ്ടെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്ന രോഹിത് ശര്‍മയ്ക്കു കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. പേസര്‍ ആകാശ്ദീപിന്റെ പന്തു നേരിടുന്നതിനിടെയാണു രോഹിത്തിനു കാല്‍മുട്ടില്‍ പന്തിടിച്ചു പരുക്കുണ്ടായത്.
ഇതോടെ മെല്‍ബണ്‍ ടെസ്റ്റില്‍ രോഹിത് കളിക്കുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്കു ഗുരുതരമല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. പരിക്കേറ്റതിന്റെ ബുദ്ധിമുട്ട് കൊണ്ടാകാം കളിക്കാന്‍ കഷ്ടപ്പെടുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.