മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, ഏകദിന ഫോര്‍മാറ്റിലും രോഹിത് ശര്‍മയ്ക്ക് മുന്നില്‍ വെല്ലുവിളിയുടെ നാളുകള്‍. ഈ വര്‍ഷം പാക്കിസ്ഥാനിലും യുഎഇയിലുമായി നടക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍, രോഹിത് ശര്‍മ ഇന്ത്യന്‍ നായകനായി ഉണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വിവരം. രോഹിത്തിനു പകരം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ട്വന്റി20 ലോകകപ്പിലെ കിരീടവിജയത്തോടെ രോഹിത് ശര്‍മ ആ ഫോര്‍മാറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സൂര്യകുമാര്‍ യാദവിനെ സിലക്ടര്‍മാര്‍ ഇന്ത്യന്‍ നായകനായി തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മയുടെ നാളുകള്‍ എണ്ണപ്പെട്ടെന്ന് ഏറെക്കുറേ ഉറപ്പായിരിക്കെ, ജസ്പ്രീത് ബുമ്രയാണ് പുതിയ നായകനായി പരിഗണിക്കപ്പെടുന്നത്.
രോഹിത്തിന്റെ അഭാവത്തില്‍ പെര്‍ത്തിലും ഇപ്പോള്‍ സിഡ്‌നിയിലും ടീമിനെ നയിക്കുന്നത് ബുമ്രയാണ്. മുപ്പത്തേഴുകാരനായ രോഹിത് ശര്‍മയുടെ മോശം ഫോമും പ്രായവും പ്രതികൂല ഘടകങ്ങളായി നില്‍ക്കെ, ഏകദിന ഫോര്‍മാറ്റിലും പുതിയ നായകനു വേണ്ടിയുള്ള അന്വേഷണം സിലക്ടര്‍മാര്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഗൗതം ഗംഭീറിനു കീഴില്‍ പുതിയൊരു ടീമിനെ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നായകനെയും നിയോഗിക്കാന്‍ ഒരുങ്ങുന്നത്.