സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്.ഇക്കാര്യം രോഹിത് സിലക്ടര്‍മാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ൃവെള്ളിയാഴ്ച സിഡ്‌നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയാകും ഇന്ത്യന്‍ നായകന്‍. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു.
പരമ്പരയില്‍ ഇന്ത്യ വിജയിച്ച ഏക ടെസ്റ്റും അതാണ്. രോഹിത് ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഒരു ടെസ്റ്റില്‍ നേരിയ വ്യത്യാസത്തിനാണ് ഫോളോഓണും തോല്‍വിയും ഒഴിവാക്കിയത്.
അഞ്ചാം ടെസ്റ്റില്‍ കളിക്കാനില്ല എന്നത് രോഹിത് ശര്‍മയുടെ വ്യക്തിപരമായ തീരുമാനമാണെന്നാണ് വിവരം. ഇതോടെ, ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ രോഹിത് ശര്‍മ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായി. രോഹിത് പിന്‍മാറിയ സാഹചര്യത്തില്‍ യുവതാരം ശുഭ്മന്‍ ഗില്‍ പ്ലേയിങ് ഇലവനില്‍ തിരിച്ചെത്തും. കെ.എല്‍. രാഹുല്‍ യശസ്വി ജയ്സ്വാള്‍ സഖ്യം ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യന്‍ ബാറ്റിങ് നിരയില്‍, വണ്‍ഡൗണായി ഗില്‍ കളിക്കും. പരുക്കേറ്റു പുറത്തായ പേസ് ബോളര്‍ ആകാശ്ദീപിനു പകരം പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തും.