രോഹിത് ശര്‍മയുടെ ദുബായിലെ ക്രിക്കറ്റ് അക്കാദമി അടച്ചുപൂട്ടി

ദുബായിലെ ഗ്രാസ് സ്‌പോര്‍ട്‌സ് അക്കാദമിയായിരുന്നു രോഹിത് ശര്‍മയുയുടെ അക്കാദമിയുമായി ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്.

author-image
Jayakrishnan R
New Update
rohith

rohith



 

ദുബായ്:ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദുബായിലെ ക്രിക്കറ്റ് അക്കാദമി മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍. ഒരുവര്‍ഷം മുമ്പ് ദുബായിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അക്കാദമി കഴിഞ്ഞ മെയ് അവസാനമാണ് അടച്ചുപൂട്ടിയത്. 2024 സെപ്റ്റംബര്‍ 24ന് തുടങ്ങിയ അക്കാദമി കെടുകാര്യസ്ഥത മൂലമാണ് അടച്ചുപൂട്ടിയതെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുപോലും നിര്‍ത്തിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദുബായിലെ ഗ്രാസ് സ്‌പോര്‍ട്‌സ് അക്കാദമിയായിരുന്നു രോഹിത് ശര്‍മയുയുടെ അക്കാദമിയുമായി ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അക്കാദമിയില്‍ 35ഓളം പേര്‍ പരിശീനം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രോഹിത് ശര്‍മയുടെ അക്കാദമി എന്നതായിരുന്നു കുട്ടികളെ അക്കാദമിയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം.

എന്നാല്‍ കഴിഞ്ഞ ഏപ്രിലോടെ തന്നെ അക്കാദമിയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്നും പരിശീലന സെഷനുകള്‍ പലതും മുടങ്ങിയെന്നും രക്ഷിതാക്കള്‍ പറയുന്നു. മെയ് 28ന് രാവിലെയാണ് രക്ഷിതാക്കള്‍ക്ക് അക്കാദമി അടച്ചുപൂട്ടുകയാണെന്നും ഫീസിനത്തില്‍ നല്‍കിയ തുക  റീഫണ്ട് ചെയ്യുമെന്നും അറിയിച്ച് സന്ദേശം ലഭിച്ചു.
 എന്നാല്‍ പല രക്ഷിതാക്കള്‍ക്കും പണം തിരികെ ലഭിക്കാതിരുന്നതോടെയാണ് പ്രശ്‌നങ്ങള്‍ വാര്‍ത്തയായത്.

അക്കാദമിയില്‍ പരിശീലനത്തിന് എത്തിയിരുന്ന പല പരിശീലകര്‍ക്കും കഴിഞ്ഞ വര്‍ഷം ഡിസംബറിനുശേഷം പ്രതിഫലം പോലും നല്‍കിയിട്ടില്ലെന്നും ഇത് മൂലം താമസിക്കുന്ന വീടിന്റെ വാടക പോലും കൊടുക്കാന്‍ ബുദ്ധിമുട്ടുന്നവരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തില്‍ രോഹിത് ശര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല. മെയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ നിലവില്‍ ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്.

 

sports rohith sharma