ലിസ്ബണ്‍ : ഫുട്‌ബോള്‍ മൈതാനത്ത് ഞൊടിയിടയില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്ന അതേ മികവോടെ യുട്യൂബിലും വരവറിയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഔദ്യോഗിക ചാനലിന് 3.24 കോടി സബ്‌സ്‌ക്രൈബേഴ്‌സ്. മൂന്ന് ദിവസം കൊണ്ടുതന്നെ ഗോള്‍ഡന്‍ പ്ലെ ബട്ടണും സ്വന്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് പോര്‍ച്ചുഗല്‍ താരം തന്റെ സ്വന്തം യുട്യൂബ് ചാനലില്‍ വിഡിയോ പങ്കുവച്ചു തുടങ്ങിയത്. 19 വിഡിയോ പോസ്റ്റ് ചെയ്തപ്പോഴേക്കും യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ റെക്കോര്‍ഡുകളെല്ലാം ക്രിസ്റ്റ്യാനോയുടെ പക്കലെത്തി. വെറും 90 മിനിറ്റിനുള്ളില്‍ ഒരു മില്യന്‍ (10 ലക്ഷം) സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് സൂപ്പര്‍താരത്തിന്റെ ചാനലിനു ലഭിച്ചത്. ഒരു ഫുട്‌ബോള്‍ മത്സരത്തിന്റെ ദൈര്‍ഘ്യത്തിനിടെ യുട്യൂബിന്റെ ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ക്രിസ്റ്റാനോയുടെ ഷെല്‍ഫിലുമെത്തി. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 10 ലക്ഷത്തിലെത്തുമ്പോഴാണ് ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിക്കുക. യുട്യൂബ് അക്കൗണ്ട് തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ക്രിസ്റ്റ്യാനോയുടെ സബ്‌സ്‌ക്രൈബേഴ്‌സ് 2 കോടി കവിഞ്ഞിരുന്നു.
12 മണിക്കൂറിനുള്ളില്‍ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയെടുത്ത് യുട്യൂബ് റെക്കോര്‍ഡിട്ട പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ഈ നേട്ടത്തില്‍ പിന്നിലാക്കിയത് ക്രിപ്‌റ്റോ ഗെയിമിങ് പ്ലാറ്റ്‌ഫോം ആയ ഹാംസ്റ്റര്‍ കോബറ്റ് (7 ദിവസം), ബല്‍ജിയം ഇന്‍ഫ്‌ലുവന്‍സര്‍ സെലിന്‍ ഡെപ് (4 മാസം), മിസ്റ്റര്‍ ബീസ്റ്റ് ഗെയിമിങ് (7 മാസം) ചിലെ യുട്യൂബര്‍ ടോമി 11 (8 മാസം) എന്നിവരെയാണ്.