/kalakaumudi/media/media_files/2025/07/26/root-2025-07-26-12-31-13.jpg)
മാഞ്ചസ്റ്റര്‍: രോഹിത്തും വിരാടും ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയതോടെ സച്ചിന്റെ റെക്കോഡുകള്‍ സുരക്ഷിതമാണെന്നു പലരും കരുതി. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഒരു ഇംഗ്ലിഷുകാരന്‍ തന്റെ 38ാം ടെസ്റ്റ് സെഞ്ചറിയില്‍ ഇന്നലെ മുത്തമിട്ടു.
സെഞ്ചുറിക്കു പുറമേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും മുപ്പത്തിനാലുകാരന്‍ റൂട്ട് ഇന്നലെ സ്വന്തമാക്കി. ഒന്നാം സ്ഥാനത്തുള്ള സച്ചിനിലേക്ക് റൂട്ടിനുള്ള ദൂരം ഇനി 2512 റണ്‍സ് മാത്രം. റൂട്ടിന്റെ സെഞ്ചറിക്കരുത്തില്‍ (150) നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 7ന് 544 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 77 റണ്‍സുമായി ബെന്‍ സ്റ്റോക്‌സും 21 റണ്‍സുമായി ലിയാം ഡോസണുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ക്കിപ്പോള്‍ 186 റണ്‍സിന്റെ ലീഡുണ്ട്.
മൂന്നാം ദിനം 2ന് 225 നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് റൂട്ട് ഒലീ പോപ്പ് (71) സഖ്യത്തിന്റെ കരുത്തില്‍ അനായാസം സ്‌കോര്‍ ചെയ്തു മുന്നേറി. മൂന്നാം വിക്കറ്റില്‍ 144 റണ്‍സാണ് ഇരുവരും ചേര്‍ന്നു നേടിയത്. പോപ്പിനെ പുറത്താക്കിയ വാഷിങ്ടന്‍ സുന്ദറാണ് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നല്‍കിയത്. പിന്നാലെ, നിലയുറപ്പിക്കും മുന്‍പേ ഹാരി ബ്രൂക്കിനെ (3) കൂടി വീഴ്ത്തിയ വാഷിങ്ടന്‍ മത്സരത്തില്‍ ഇന്ത്യന്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച റൂട്ട് ബെന്‍ സ്റ്റോക്‌സ് സഖ്യം ഇന്ത്യയെ വീണ്ടും പ്രതിരോധത്തിലാക്കി.
തുടക്കത്തില്‍ താളം കണ്ടെത്താന്‍ സ്റ്റോക്‌സ് പ്രയാസപ്പെട്ടപ്പോള്‍ മറുവശത്ത് അനായാസം സ്‌കോര്‍ ചെയ്ത റൂട്ടാണ് ആതിഥേയരുടെ റണ്‍ നിരക്ക് കുറയാതെ നോക്കിയത്. രണ്ടാം സെഷനോടെ പിച്ച് ബാറ്റിങ്ങിന് പൂര്‍ണമായി അനുകൂലമാകുകയും ചെയ്തതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ ചിത്രത്തിലേ ഇല്ലാതായി. 142 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം ഇംഗ്ലണ്ട് ടോട്ടല്‍ 450 കടത്തി. പിന്നാലെ കാലിനു പരുക്കേറ്റ സ്റ്റോക്‌സ് റിട്ടയേഡ് ഹര്‍ട്ടായി ഗ്രൗണ്ട് വിടുകയും 2 ഓവര്‍ വ്യത്യാസത്തില്‍ റൂട്ടിനെ ജഡേജ വീഴ്ത്തുകയും ചെയ്തതോടെ ഇംഗ്ലണ്ട് അല്‍പമൊന്നു പരുങ്ങി. വൈകാതെ ജയ്മി സ്മിത്ത് (9), ക്രിസ് വോക്‌സ് (4) എന്നിവരെക്കൂടി വീഴ്ത്തിയ ഇന്ത്യ ആക്രമണം കടുപ്പിച്ചെങ്കിലും ക്രീസില്‍ തിരിച്ചെത്തിയ സ്റ്റോക്‌സ്, ലിയാം ഡോസണെ കൂട്ടുപിടിച്ച് മറ്റു പരുക്കുകള്‍ ഇല്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.
ബാസ്‌ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്താണ് ഇംഗ്ലിഷ് ഓപ്പണര്‍മാര്‍ തുടങ്ങിയതെങ്കില്‍ ഒരു ക്ലാസിക്കല്‍ ടെസ്റ്റ് ബാറ്ററുടെ പക്വതയോടെയാണ് റൂട്ട് തന്റെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകള്‍ പരമാവധി ഒഴിവാക്കി, വിക്കറ്റ് ടു വിക്കറ്റ് ലൈനില്‍ വരുന്ന പന്തുകളിലാണ് റൂട്ട് കൂടുതലായും റണ്‍ കണ്ടെത്തിയത്. ഇന്ത്യന്‍ പേസര്‍മാരുടെ ഇന്‍ സ്വിങ്ങറുകള്‍ അനായാസം ഫ്‌ലിക് ചെയ്ത് ബൗണ്ടറി കടത്തിയ റൂട്ട്, ഓഫ് സൈഡില്‍ പരമാവധി ബാക്ക് ഫൂട്ട് ഷോട്ടുകള്‍ കളിച്ച് അപകടം ഒഴിവാക്കി.
സ്പിന്നര്‍മാര്‍ക്കെതിരെ സ്റ്റെപ് ഔട്ട് ചെയ്തു കളിച്ച റൂട്ട്, സ്‌ട്രൈക്ക് റൊട്ടേഷന്‍ ഫലപ്രദമായി നടപ്പാക്കി. ടെസ്റ്റ് കരിയറിലെ 38ാം സെഞ്ചറിയാണ് ജോ റൂട്ട് ഇന്നലെ നേടിയത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം. ടെസ്റ്റിലെ സെഞ്ചറി നേട്ടത്തില്‍ ഇനി റൂട്ടിനു മുന്നിലുള്ളത് ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിങ് (41), ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് (45), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (51) എന്നിവര്‍ മാത്രം.