വനിതാ പ്രീമിയര്‍ലീഗില്‍ ആര്‍സിബിക്ക് രണ്ടാം കിരീടം

വഡോദര സ്റ്റേഡിയത്തിലെ ഉയര്‍ന്ന വിജയലക്ഷ്യം ഉയര്‍ത്തിയാണ് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ബെംഗളൂരുവിനെ വെല്ലുവിളിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ (9) ഷിനല്ലി ഹെന്റി പുറത്താക്കിയതോടെ ഡല്‍ഹി ടീം കൂടുതല്‍ ആവേശത്തിലായി

author-image
Biju
New Update
rcb

വഡോദര: ഫൈനലില്‍ തോല്‍ക്കുകയെന്ന ഡല്‍ഹിയുടെ വിധി ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, വനിതാ പ്രിമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്രോഫിക്കൊപ്പം സ്മൃതി മന്ഥനയുടെയും സംഘത്തിന്റെയും മന്ദഹാസം! അവസാന ഓവര്‍ വരെ ആവേശകരമായ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 6 വിക്കറ്റ് വിജയവുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ഡബ്ല്യുപിഎല്‍ ജേതാക്കളായി. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ബാക്കിനില്‍ക്കെയാണ് ബെംഗളൂരു കീഴടക്കിയത്. ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെയും (41 പന്തില്‍ 87) ജോര്‍ജിയ വോളിന്റെയും (54 പന്തില്‍ 79) ഇന്നിങ്‌സുകള്‍ ബെംഗളൂരുവിനു കരുത്തായി. ഡബ്ല്യുപിഎലില്‍ ആര്‍സിബിയുടെ രണ്ടാം കിരീടമാണിത്. ഡല്‍ഹിക്കു തുടര്‍ച്ചയായ നാലാം ഫൈനലിലും തോല്‍വി എന്ന അപൂര്‍വ വിധിയും! ഫൈനലിലെ താരവും  ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും (377) സ്മൃതി മന്ഥനയാണ്. 

സ്‌കോര്‍: ഡല്‍ഹി 20 ഓവറില്‍ 4ന് 203; ബെംഗളൂരു  19.4 ഓവറില്‍ 4ന് 204.

വഡോദര സ്റ്റേഡിയത്തിലെ ഉയര്‍ന്ന വിജയലക്ഷ്യം ഉയര്‍ത്തിയാണ് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ബെംഗളൂരുവിനെ വെല്ലുവിളിച്ചത്. രണ്ടാം ഓവറില്‍ ഓപ്പണര്‍ ഗ്രേസ് ഹാരിസിനെ (9) ഷിനല്ലി ഹെന്റി പുറത്താക്കിയതോടെ ഡല്‍ഹി ടീം കൂടുതല്‍ ആവേശത്തിലായി. എന്നാല്‍ ജോര്‍ജിയ വോളും (79) സ്മൃതി മന്ഥനയും (87) ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഡല്‍ഹിയുടെ വിജയ സ്വപ്നങ്ങള്‍ക്കു മുന്നില്‍ മതില്‍കെട്ടി മുന്നേറി. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ബോളര്‍മാരെ അടിച്ചൊതുക്കി മുന്നേറിയ സഖ്യം 92 പന്തില്‍ അടിച്ചെടുത്തത് 165 റണ്‍സ്. വനിതാ പ്രിമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ട്. ബെംഗളൂരു അനായാസ വിജയത്തിലേക്കു മുന്നേറുന്നതിനിടെ 17ാം ഓവറില്‍ ജോര്‍ജിയ വോളിനെ പുറത്താക്കിയ മിന്നു മണി ഡല്‍ഹിക്കു പ്രതീക്ഷ നല്‍കി. 18ാം ഓവറില്‍ റിച്ച ഘോഷും (6) മടങ്ങി. ഷിനല്ലി ഹെന്റിയുടെ 19ാം ഓവറിലെ നാലാം പന്തില്‍ സ്മൃതി പുറത്തായപ്പോള്‍ ബെംഗളൂരു ഒന്നു വിറച്ചു. രാധ യാദവ് ഉയര്‍ത്തിയടിച്ച തൊട്ടടുത്ത പന്ത് കവറില്‍ മിന്നു മണിയുടെ കയ്യില്‍നിന്നു ചോര്‍ന്നതോടെ ബെംഗളൂരുവിന് 'ശ്വാസം' തിരിച്ചുകിട്ടി. ജയിക്കാന്‍ 10 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ തുടരെ 2 ഫോറുകളുമായി രാധ യാദവ് ആര്‍സിബിയുടെ കിരീടം ഉറപ്പിച്ചു.

നേരത്തേ ക്യാപ്റ്റന്‍ ജമീമ റോഡ്രീഗ്‌സിന്റെ അര്‍ധ സെഞ്ചറിയുടെ (37 പന്തില്‍ 57) കരുത്തിലാണ്, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി മികച്ച സ്‌കോര്‍ നേടിയത്. ലിസ് ലീ (30 പന്തില്‍ 37), ഷഫാലി വര്‍മ (13 പന്തില്‍ 20), ലോറ വോള്‍വാര്‍ട്ട് (25 പന്തില്‍ 44), ഷിനല്ലി ഹെന്റി (15 പന്തില്‍ 35 നോട്ടൗട്ട്) എന്നിവരും ഡല്‍ഹി ബാറ്റിങ്ങില്‍ തിളങ്ങി. 16ാം ഓവറിലെ അവസാന പന്തില്‍ ജമീമ പുറത്താകുമ്പോള്‍ 148 റണ്‍സായിരുന്നു ഡല്‍ഹിയുടെ അക്കൗണ്ടില്‍. ഡെത്ത് ഓവറില്‍ തകര്‍ത്തടിച്ച ഷിനല്ലി ഹെന്റിയും ലോറ വോള്‍വര്‍ട്ടും ചേര്‍ന്ന് അവസാന 4 ഓവറില്‍ നേടിയത് 68 റണ്‍സാണ്.