വീണ്ടും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍കിരീടവുമായി യാനിക് സിന്നര്‍

നേര്‍ക്കുനേര്‍ പോരാട്ടങ്ങില്‍ സിന്നറിനു മേലുള്ള ആധിപത്യവും മെല്‍ബണില്‍ സ്വരേവിനെ സഹായിച്ചില്ല. ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ നാലിലും സ്വരേവാണ് ജയിച്ചത്

author-image
Biju
New Update
DHTRHF

Ruthless Jannik Sinner defends Australian Open crown to script history Photograph: (Reuters)

മെല്‍ബണ്‍: ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനക്കാരനില്‍നിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിന്റെ കഠിനപ്രയത്‌നം തുടര്‍ച്ചയായ മൂന്നാം ഫൈനലിലും വിഫലം. കന്നിക്കിരീടം ലക്ഷ്യമിട്ട് മൂന്നാം ഗ്രാന്‍സ്ലാം ഫൈനലിന് ഇറങ്ങിയ ലോക രണ്ടാം നമ്പര്‍ താരത്തിന് ഇത്തവണയും തോല്‍വി. 

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ ഇറ്റലിയുടെ ഇരുപത്തിമൂന്നുകാരന്‍ താരം യാനിക് സിന്നറാണ്, സ്വരേവിന്റെ കന്നി കിരീടമെന്ന മോഹം ഇത്തവണ തകര്‍ത്തത്. ആവേശകരമായ കലാശപ്പോരില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്നര്‍ സ്വരേവിനെ വീഴ്ത്തിയത്. സ്‌കോര്‍: 63, 76 (74), 63.

ഇതോടെ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, ആന്ദ്രെ അഗാസി എന്നിവര്‍ക്കു ശേഷം ഈ നൂറ്റാണ്ടില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ പുരുഷ താരമായും സിന്നര്‍ മാറി. ഇറ്റാലിയന്‍ താരത്തിന്റെ മൂന്നാം ഗ്രാന്‍സ്‌ലാം കിരീടം കൂടിയാണിത്. 2024ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിനു പുറമേ, യുഎസ് ഓപ്പണിലും സിന്നര്‍ കിരീടം ചൂടിയിരുന്നു. മൂന്നു ഗ്രാന്‍സ്‌ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ ഇറ്റാലിയന്‍ താരം കൂടിയാണ് സിന്നര്‍.

ഇതിനു മുന്‍പു രണ്ടു തവണ ഗ്രാന്‍സ്ലാം ഫൈനലില്‍ കടന്നപ്പോഴും, രണ്ടാം സ്ഥാനക്കാരനാകാനായിരുന്നു സ്വരേവിന്റെ വിധി. 2020ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലും 2024ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലും തോറ്റ സ്വരേവ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്നറിനെതിരായ തോല്‍വിയോടെ റണ്ണര്‍ അപ്പ് എന്ന നിലയില്‍ ഹാട്രിക്ക് തികച്ചു.

നേര്‍ക്കുനേര്‍ പോരാട്ടങ്ങില്‍ സിന്നറിനു മേലുള്ള ആധിപത്യവും മെല്‍ബണില്‍ സ്വരേവിനെ സഹായിച്ചില്ല. ഇതിനു മുന്‍പ് ഇരുവരും ഏറ്റുമുട്ടിയ ആറു മത്സരങ്ങളില്‍ നാലിലും സ്വരേവാണ് ജയിച്ചത്. ഗ്രാന്‍സ്ലാം വേദികളില്‍ മൂന്നു തവണ കണ്ടുമുട്ടിയപ്പോള്‍, യുഎസ് ഓപ്പണില്‍ രണ്ടുതവണയും സ്വരേവും ഫ്രഞ്ച് ഓപ്പണില്‍ 2020ല്‍ സിന്നറും ജയിച്ചു. അതേസമയം, ഇതിനു മുന്‍പ് ഇരുവരും ഏറ്റവും ഒടുവില്‍ നേര്‍ക്കുനേര്‍ എത്തിയ സിന്‍സിനാറ്റി ടൂര്‍ണമെന്റിന്റെ സെമിയില്‍ സിന്നര്‍ സ്വരേവിനെ വീഴ്ത്തിയിരുന്നു.

നേരത്തേ, സെമിയില്‍ യുഎസിന്റെ ബെന്‍ ഷെല്‍ട്ടനെ തോല്‍പിച്ചാണ് നിലവിലെ ചാംപ്യനായ സിന്നര്‍ ഫൈനല്‍ ഉറപ്പിച്ചത്. സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ മറികടന്നായിരുന്നു സ്വരേവിന്റെ ഫൈനല്‍ പ്രവേശം. സെമിയില്‍ സ്വരേവ് ആദ്യ സെറ്റ് ജയിച്ചുനില്‍ക്കെ ജോക്കോവിച്ച് പരുക്കേറ്റ് മത്സരത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു. 

2019ല്‍ നൊവാക് ജോക്കോവിച്ച് സ്പാനിഷ് താരം റാഫേല്‍ നദാലിനെ തോല്‍പ്പിച്ച ശേഷം ഇതാദ്യമാണ് ഒന്നും രണ്ടും സീഡുകള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണല്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

 

australian open