/kalakaumudi/media/media_files/2026/02/11/sachin-son-2026-02-11-12-38-12.jpg)
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നേരിട്ടെത്തി ക്ഷണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിനൊപ്പം ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയും വിവാഹം ക്ഷണിക്കുന്നതിനായി എത്തിയിരുന്നു.
പ്രധാനമന്ത്രി, രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സച്ചിന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. അര്‍ജുനും സാനിയക്കും നല്‍കിയ അനുഗ്രഹത്തിനും ഉപദേശത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായാണ് ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ കുറിച്ചത്.
മാര്‍ച്ച് അഞ്ചിന് മുംബൈയില്‍ വച്ചാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അര്‍ജുന്റേയും സാനിയയുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ.
ഇന്ത്യന്‍ ഡൊമസ്റ്റിക് ക്രിക്കറ്റിലും ഐപിഎല്ലിലും സജീവമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. കൂടുതല്‍ അവസരം ലഭിക്കുന്നതിനായി മുംബൈ ടീമില്‍ നിന്ന് മാറി ഗോവയ്ക്ക് വേണ്ടിയാണ് അര്‍ജുന്‍ കളിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന അര്‍ജുനെ ഇത്തവണ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കി.
2023ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ കളിച്ചായിരുന്നു അര്‍ജുന്റെ ഐപിഎല്‍ അരങ്ങേറ്റം. എന്നാല്‍ അധികം ഐപിഎല്‍ മത്സരങ്ങള്‍ കളിക്കാന്‍ അര്‍ജുന് അവസരം ലഭിച്ചിട്ടില്ല. ലക്‌നൗവിലേക്ക് മാറുന്നതോടെ കൂടതല്‍ അവസരം അര്‍ജുന് ലഭിക്കുമോ എന്നറിയണം. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അര്‍ജുന് ഐപിഎല്ലിന് വേണ്ടി ലക്‌നൗ സ്‌ക്വാഡിനൊപ്പം ചേരേണ്ടി വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
