/kalakaumudi/media/media_files/2026/01/20/saina-2026-01-20-08-40-22.jpg)
ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ഇന്ത്യക്ക് അഭിമാനമായ സൈന നെഹ്‌വാള്‍ വിരമിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും ശാരീരിക ബുദ്ധിമുട്ടുകളും കാരണമാണ് 35ാം വയസിലെ വിരമിക്കലിക്കലിന് കാരണം.
കഴിഞ്ഞ രണ്ടു വര്‍ഷമായി കടുത്ത മുട്ടുവേദനയെ തുടര്‍ന്ന് സൈന മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കഠിനമായ ശാരീരിക പരിശീലനങ്ങള്‍ താങ്ങാന്‍ തന്റെ ശരീരത്തിന് ഇനി കഴിയില്ലെന്ന് വ്യക്തമാക്കിയാണ് താരം വിരമിക്കില്‍ സ്ഥിരീകരിച്ചത്. പോഡ്കാസ്റ്റിലൂടെയാണ് ഇക്കാര്യം താരം അറിയിച്ചത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സൈന, ബാഡ്മിന്റണ്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. രണ്ടു പതിറ്റാണ്ടോളം നീണ്ട സൈനയുടെ കരിയര്‍ ബാഡ്മിന്റണെ ഇന്ത്യയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കുന്നതിനും നിര്‍ണായകമായിരുന്നു.
തന്റേതായ നിബന്ധനകളിലാണ് കായികരംഗത്തേക്ക് വന്നതെന്നും ഇപ്പോള്‍ അതേ കാരണങ്ങളാലാണ് പോകുന്നതെന്നുമാണ് സൈന പോഡ് കാസ്റ്റിലൂടെ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ വലിയൊരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന തോന്നിയെന്നും സൈന പറഞ്ഞു. 2023ലെ സിംഗപ്പൂര്‍ ഓപ്പണിലാണ് താരം അവസാനമായി ഒരു മത്സരത്തില്‍ പങ്കെടുത്തത്.
തന്റെ മുട്ടിലെ തരുണാസ്ഥി പൂര്‍ണമായും നശിച്ചുവെന്നും തനിക്ക് ആര്‍ത്രൈറ്റിസ് ബാധിച്ചുവെന്നും സൈന വെളിപ്പെടുത്തി. മുമ്പ് എട്ടു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ പരിശീലിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ രണ്ടു മണിക്കൂര്‍ പരിശീലിക്കുമ്പോഴേക്കും മുട്ട് വേദന കഠിനമാകുകയാണെന്നും താരം പറഞ്ഞു. 2016ലെ റിയോ ഒളിമ്പിക്‌സിനിടെ ഉണ്ടായ പരിക്കാണ് സൈനയുടെ കരിയറില്‍ വലിയ ആഘാതമായത്. അതിനുശേഷം 2017ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും 2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
