/kalakaumudi/media/media_files/2025/11/17/sangaka-2025-11-17-16-13-25.jpg)
ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പരിശീലകനായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ നിയമിച്ചു. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് സംഗക്കാരയെത്തുന്നത്. പുതിയ സീസണിന് മുന്നോടിയായാണ് ഫ്രാഞ്ചൈസിയുടെ നീക്കം.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്നയാളാണ് സംഗക്കാര. ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതോടെ ഫ്രാഞ്ചൈസിയുടെ രണ്ട് പദവികള്‍ സംഗക്കാരയെ തേടിയെത്തി.
നേരത്തേ രാജസ്ഥാന്റെ പരിശീലകനായി മുന്‍ ലങ്കന്‍ താരം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതല്‍ 2024 വരെയാണ് പരിശീലകനായി പ്രവര്‍ത്തിച്ചത്. പിന്നാലെ 2025 സീസണില്‍ ദ്രാവിഡ് ടീമിനെ പരിശീലിപ്പിച്ചു. ദ്രാവിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ വീണ്ടും സംഗക്കാരയെ രാജസ്ഥാന്‍ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു.
അടുത്തിടെയാണ് നായകന്‍ സഞ്ജു സാംസണ്‍ ടീം വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് ഡീലുകളിലൊന്നിലൂടെയാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. പകരം ചെന്നൈയില്‍ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലെത്തി. വരാനിരിക്കുന്ന മിനിലേലത്തിലും താരങ്ങളെ റാഞ്ചി അടുത്ത സീസണിന് തയ്യാറെടുക്കുകയാണ് രാജസ്ഥാന്‍.
കഴിഞ്ഞ സീസണില്‍ ടീം മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്‍ 2025-ല്‍, കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
