/kalakaumudi/media/media_files/2025/11/27/rohan-2025-11-27-10-24-55.jpg)
തിരുവനന്തപുരം: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ കാഴ്ച്ചക്കാരനാക്കി നിര്‍ത്തി ബാറ്റിങ് വെടിക്കെട്ട് നടത്തി കേരളത്തിന്റെ രോഹന്‍ കുന്നുമ്മല്‍. സിക്‌സ് മഴ പെയ്യിച്ച് രോഹന്‍ സെഞ്ചുറി നേടിയപ്പോള്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒഡീഷക്കെതിരെ കേരളത്തിന് 10 വിക്കറ്റ് ജയം.
10 ഫോറും 10 സിക്‌സും ആണ് രോഹന്റെ ബാറ്റില്‍ നിന്ന് പറന്നത്. ഒഡീഷ മുന്‍പില്‍ വെച്ച 177 എന്ന വിജയ ലക്ഷ്യം കേരളം മറികടക്കുമ്പോള്‍ രോഹന്റെ സ്‌കോര്‍ 60 പന്തില്‍ നിന്ന് 121 റണ്‍സ്. 201 ആണ് രോഹന്റെ സ്‌ട്രൈക്ക്‌റേറ്റ്. പവര്‍പ്ലേക്കുള്ളില്‍ കേരളത്തിന്റെ സ്‌കോര്‍ 60 കടന്നപ്പോള്‍ ആദ്യ ആറ് ഓവറിനുള്ളില്‍ രോഹന്‍ തന്റെ അര്‍ധ ശതകത്തിലേക്ക് എത്തി.
ഒരുവശത്ത് രോഹന്‍ കത്തി കയറുമ്പോള്‍ മറുവശത്ത് സ്ലോ ഇന്നിങ്‌സുമായി ക്യാപ്റ്റന്‍ സഞ്ജു അര്‍ധ ശതകം കണ്ടെത്തി. 41 പന്തില്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സ് ആണ് സഞ്ജു കണ്ടെത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 പന്തുകള്‍ ശേഷിക്കെ കേരളം വിജയ ലക്ഷ്യം മറികടന്നു.
കഴിഞ്ഞ സീസണില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനമായിരുന്നു കേരളത്തിന്റേത്. മുംബൈയും ആന്ധ്രയും മഹാരാഷ്ട്രയും സര്‍വ്വീസസും അടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് നേരിയ വ്യത്യാസത്തിലായിരുന്നു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടത്.
നവംബര്‍ 28ന് റെയില്‍വേസിന് എതിരെയാണ് ടൂര്‍ണമെന്റിലെ കേരളത്തിന്റെ അടുത്ത മത്സരം. എലൈറ്റ് ഗ്രൂപ്പ് എയിലുള്ള കേരളത്തിന് ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ജയം പിടിക്കാനായത് പ്രതീക്ഷ നല്‍കുന്നു. മാത്രമല്ല ഐപിഎല്‍ താര ലേലം ഡിസംബറില്‍ നടക്കാനിരിക്കെ സയിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനം കളിക്കാര്‍ക്ക് തുണയാവും.
സഞ്ജുവിനും വൈസ് ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാനുമൊപ്പം സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും വിഷ്ണു വിനോദും രോഹന്‍ കുന്നുമ്മലും അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിരയാണ് കേരളത്തിന്റേത്. ഓള്‍ റൗണ്ട് മികവുമായി അഖില്‍ സ്‌കറിയയും ഷറഫുദ്ദീനും അങ്കിത് ശര്‍മ്മയും സാലി സാംസനുമടക്കമുള്ള താരങ്ങളുമുണ്ട്. ഒപ്പം നിധീഷും കെ.എം ആസിഫും വിഘ്‌നേഷ് പുത്തൂരുമടങ്ങുന്ന ബൗളിങ് നിരയും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
