/kalakaumudi/media/media_files/2025/04/02/kLSQg6Iz3DWpAXYZckkd.jpg)
ബെംഗളൂരു: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണ്‍ ഉടന്‍ ചുമതലയേല്‍ക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാന്‍ ബിസിസിഐ അനുമതി നല്‍കി. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി സഞ്ജു ബെംഗളൂരുവിലെ 'സെന്റര്‍ ഓഫ് എക്‌സലന്‍സില്‍' എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണു സഞ്ജു സാംസണു വിരലിനു പരിക്കേറ്റത്.
പരിക്കുമാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകാന്‍ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഇംപാക്ട് പ്ലേയറുടെ റോളിലായിരുന്നു സഞ്ജു കളിച്ചത്.
ബെംഗളൂരുവില്‍ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സഞ്ജു ഉടന്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാംപിലേക്കു മടങ്ങും. ശനിയാഴ്ച പഞ്ചാബ് കിങ്‌സിനെതിരെ രാജസ്ഥാന് കളിയുണ്ട്. ഈ മത്സരത്തില്‍ സഞ്ജു രാജസ്ഥാനെ നയിക്കും.
പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സീസണിലെ ആദ്യ മത്സരങ്ങളില്‍ യുവതാരം റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും തോറ്റ രാജസ്ഥാന്‍ ചെന്നെ സൂപ്പര്‍ കിങ്‌സിനെതിരെ ആറു റണ്‍സ് വിജയവും സ്വന്തമാക്കി.
രണ്ടു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് രാജസ്ഥാന്‍ നിലവിലുള്ളത്. സഞ്ജു വരുന്നതോടെ ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പറുടെ റോളില്‍നിന്നു മാറി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ രാജസ്ഥാന്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ആദ്യ മത്സരങ്ങള്‍ തോറ്റതോടെ ടീമിനെതിരെ വന്‍ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. ജോസ് ബട്‌ലറും ട്രെന്റ് ബോള്‍ട്ടും ഉള്‍പ്പടെയുള്ള വിദേശ താരങ്ങളെ നിലനിര്‍ത്താതിരുന്ന രാജസ്ഥാന്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു വേണ്ടിയാണു കൂടുതല്‍ തുക ചെലവഴിച്ചത്. താരലേലത്തിലും വലിയ താരങ്ങളെ ടീമിലെത്തിക്കാന്‍ രാജസ്ഥാനു സാധിച്ചിരുന്നില്ല.