/kalakaumudi/media/media_files/2026/03/08/sanju-8-2026-03-08-21-39-34.jpg)
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഫൈനല്‍ വേദിയില്‍ സ്വപ്ന തുല്യമായി ബാറ്റ് വീശി സഞ്ജു സാംസണ്‍. തുടരെ തുടരെ മൂന്ന് മത്സരങ്ങളിലും 50 റണ്ണിന് മുകളില്‍ സ്‌കോര്‍ ചെയ്ത സഞ്ജു വിരാട് കോലിയുടെയും ഷഹീദ് അഫ്രീദിയുടെയും റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.
ഒരു ടി20 ലോകകപ്പിലെ സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോര്‍ഡാണ് സഞ്ജു ഇപ്പോള്‍ സ്വന്തം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നത്. 2009ല്‍ ഷാഹിദ് അഫ്രീദിയും 2014ല്‍ വിരാട് കോലിയും ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴിതാ സഞ്ജുവും ആ റെക്കോര്‍ഡിനൊപ്പമെത്തി.
ഫൈനലില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് പോലുള്ള പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുക്കുന്നത്. അഭിഷേക് ശര്‍മ്മ 18 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. രചിന്‍ രവീന്ദ്ര അഭിഷേകിനെ പുറത്താക്കിയെങ്കിലും സഞ്ജുവും പിന്നാലെ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു.
ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തകര്‍ത്തടിച്ചപ്പോള്‍ പിറന്നത് ഒരു ചരിത്ര റെക്കോര്‍ഡ് കൂടിയായിരുന്നു. പുരുഷ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഫൈനല്‍ മത്സരത്തില്‍ 50 റണ്‍സിന് മുകളില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന ജോഡികളായി സഞ്ജുവും അഭിഷേകും മാറിയിരുന്നു.
ഇതുവരെയുള്ള എട്ട് ടി20 ലോകകപ്പ് ഫൈനലുകളിലും ഒരു ടീമിനും ഓപ്പണിംഗില്‍ 50 റണ്‍സ് തികയ്ക്കാന്‍ സാധിച്ചിരുന്നില്ല. 2009-ല്‍ ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ ഓപ്പണര്‍മാരായ കമ്രാന്‍ അക്മലും ഷഹ്സൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് സ്‌കോര്‍. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ റെക്കോര്‍ഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിരുത്തിക്കുറിക്കപ്പെട്ടത്.
സെമി ഫൈനലിലെ മിന്നും ഫോം ഫൈനലിലും തുടരുന്ന സഞ്ജു സാംസണ്‍ കിവീസ് ബൗളര്‍മാരെ നിലംതൊടീക്കാതെയാണ് ശിക്ഷിക്കുന്നത്. മറുഭാഗത്ത് അഭിഷേക് ശര്‍മ്മ തന്റെ സ്വാഭാവിക ശൈലിയില്‍ അഭിഷേകും ബാറ്റ് വീശുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കുതിക്കുന്നു എന്നത് ആരാധകര്‍ക്ക് കണ്ണിന് കുളിര്‍മ്മയുള്ള കാഴ്ചയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
