സഞ്ജുവന് വീണ്ടും പ്രതീക്ഷ; പ്ലെയിങ് ഇലവനിലേക്ക്

സിംബാബ് വെക്ക് എതിരായ അടുത്ത ടി20 ലോകകപ്പ് മത്സരത്തില്‍ സഞ്ജു കളിക്കും എന്ന വിധത്തിലാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റിന്റെ വാക്കുകള്‍ വന്നത്

author-image
Biju
New Update
Sanju Samson

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണിങ് ബാറ്റര്‍ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കും എന്ന് സൂചന. സിംബാബ് വെക്ക് എതിരായ അടുത്ത ടി20 ലോകകപ്പ് മത്സരത്തില്‍ സഞ്ജു കളിക്കും എന്ന വിധത്തിലാണ് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റിന്റെ വാക്കുകള്‍ വന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞതിന് പിന്നാലെയാണ് ഇത്. 

ടൂര്‍ണമെന്റില്‍ മികച്ച ബാറ്റിങ് പ്രകടനം അല്ല ഇന്ത്യയില്‍ നിന്ന് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ് ചെയ്തത്. നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് ജയിച്ചിട്ടും ചെയ്‌സിങ് ട്രൈ ചെയ്യാന്‍ സൂര്യകുമാര്‍ യാദവ് തയ്യാറായില്ല. സൂപ്പര്‍ എട്ടിലേക്ക് എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ചെയ്‌സിങ്ങിന് വിട്ട് എട്ടിന്റെ പണി തന്നു. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഇന്ത്യന്‍ ബാറ്റിങ് നിര ചെയ്‌സിങ്ങില്‍ തകര്‍ന്നടിഞ്ഞു. 

18.5 ഓവറില്‍ 111 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ഹാട്രിക് ഡക്കിന് ശേഷം അഭിഷേക് ശര്‍മ ഫോം വീണ്ടെടുത്തിട്ടില്ല. തിലക് വര്‍മ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തി കളിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് മത്സരത്തിലും ഇന്ത്യക്ക് ആദ്യ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ തിരിച്ചുവരവിലേക്ക് റയാന്‍ ഡോഷറ്റ് വിരല്‍ ചൂണ്ടുന്നത്. 

നമീബിയക്കെതിരെ കളിച്ച സഞ്ജുവിന് മികച്ച തുടക്കം ലഭിച്ചിരുന്നു. എട്ട് പന്തില്‍ നിന്ന് 22 റണ്‍സ് ആണ് സഞ്ജു സ്‌കോര്‍ ചെയ്തത്. റയാന്‍ ഡോഷെറ്റിന്റെ വാക്കുകള്‍ ഇങ്ങനെ, 'അഞ്ച് മത്സരങ്ങളില്‍ നാല് ടീമുകള്‍ ബോളിങ് ഓപ്പണ്‍ ചെയ്തത് പാര്‍ട് ടൈം ഓഫ് സ്പിന്നര്‍മാരെ വെച്ചാണ്. ഓരോ വട്ടവും വിക്കറ്റും ലഭിച്ചു. യുഎസ്എയ്ക്ക് എതിരെ അഭിഷേക് പൂജ്യത്തിനും പുറത്തായി. ഇത് കളിക്കാരുടെ മേലുള്ള സമ്മര്‍ദം കൂട്ടുന്നതാണ്.'

അടുത്ത രണ്ട് സൂപ്പര്‍ 8 മത്സരങ്ങള്‍ക്കുള്ള ടീം കോംപിനേഷന്‍ ടീം മാനേജ്‌മെന്റ് ചര്‍ച്ച ചെയ്യുമെന്നും റയാന്‍ വ്യക്തമാക്കി. 'ടീമിന് പരിചയസമ്പത്തില്ലായ്മ ഒരു പ്രശ്‌നമാണ്. വിസ്മയിപ്പിക്കുന്ന കളിക്കാരാണ് ഇവരെല്ലാം. അതുകൊണ്ട് ഈ കളിക്കാരെ നിലനിര്‍ത്തുമോ അതോ മാറ്റുമോ? കഴിഞ്ഞ 18 മാസം മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരെ ടീമില്‍ നിലനിര്‍ത്തുമോ അതോ ഇപ്പോള്‍ കുറച്ച് റണ്‍സ് കുറവുള്ള കളിക്കാരെ കൊണ്ടുവരുമോ?'

'മാറ്റം വരുത്തി സഞ്ജുവിനെ കൊണ്ടുവരുമോ? സഞ്ജു വളരെ മികച്ച കളിക്കാരനാണ്. മാത്രമല്ല സഞ്ജുവിനെ കൊണ്ടുവരുന്നത് തന്ത്രപരമായി ഗുണം ചെയ്യും. ടോപ് ഓര്‍ഡറില്‍ സഞ്ജുവിലൂടെ നമുക്കൊരു വലംകയ്യനെ ലഭിക്കും. അടുത്ത ദിവസങ്ങളില്‍ ഇത് വലിയൊരു ചര്‍ച്ചാ വിഷയമാവും എന്ന് എനിക്ക് അറിയാം,' ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് പറഞ്ഞു.