13 വര്‍ഷത്തിന് ശേഷം 'മലയാളി ഫ്രം ഇന്ത്യ'; സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ സ്ഞ്ജു, ലോകകപ്പിലെ മൂന്നാം മലയാളി താരം

നിങ്ങള്‍ ഒരു കാര്യം മനസ്സിരുത്തി ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ അതു സാധ്യമാക്കുന്നതിനായി ഗൂഢാലോചന നടത്തും' എന്ന പൗലോ കൊയ്ലോ വചനം സത്യമാണെന്ന് മലയാളി ക്രിക്കറ്റ് ആരാധകരും സഞ്ജു സാംസണും ഇന്നലെ തിരിച്ചറിഞ്ഞു!

author-image
Athira Kalarikkal
New Update
Sanju Samson

Sanju Samson

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമില്‍നിന്ന് സ്ഥാനം നഷ്ടമായപ്പോള്‍ സഞ്ജു സാംസണ്‍ നടത്തിയ പ്രതികരണത്തില്‍ ഫലം കണ്ടിരിക്കുകയാണ്. ''അത് അങ്ങനെയാണ്. മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനം'' എന്നാണ് സഞ്ജു പറഞ്ഞ വാക്കുകള്‍. ഒരുപാട് കാലത്തെ കാത്തിരിപ്പിനൊടുവിലാണ് താരത്തിന് ക്രിക്കറ്റ് ലോകത്ത് അര്‍ഹിക്കപ്പെട്ട അംഗീകാരം കിട്ടുന്നത്.

കുറെ കാലത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിന്റെയും ഫലമാണ് സഞ്ജുവിന്റെ ലോകകപ്പിലേക്കുള്ള പ്രവേശനം. നിങ്ങള്‍ ഒരു കാര്യം മനസ്സിരുത്തി ആഗ്രഹിച്ചാല്‍ ലോകം മുഴുവന്‍ അതു സാധ്യമാക്കുന്നതിനായി ഗൂഢാലോചന നടത്തും' എന്ന പൗലോ കൊയ്ലോ വചനം സത്യമാണെന്ന് മലയാളി ക്രിക്കറ്റ് ആരാധകരും സഞ്ജു സാംസണും ഇന്നലെ തിരിച്ചറിഞ്ഞു!

 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ജുവിലൂടെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഒരു മലയാളി ഇടംപിടിച്ചിരിക്കുന്നു. 1983 ഏകദിന ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന സുനില്‍ വല്‍സനും 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് ടീമുകളില്‍ കളിച്ച ശ്രീശാന്തിനു ശേഷം ഇതാദ്യമായാണ് ഒരു മലയാളി താരം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്നത്. കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ദിനേശ് കാര്‍ത്തിക് അടക്കമുള്ളവരെ പിന്തള്ളിയാണ് സഞ്ജു 15 അംഗ ടീമില്‍ ഇടംപിടിച്ചത്.രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഋഷഭ് പന്തിനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 2 മുതല്‍ 29 വരെ വെസ്റ്റിന്‍ഡീസിലും യുഎസിലുമായി നടക്കുന്ന ലോകകപ്പില്‍ ജൂണ്‍ 5ന്, അയര്‍ലന്‍ഡിനെതിരായാണ് ഇന്ത്യയുടെ ആദ്യ മത്സരം.

9 മത്സരങ്ങള്‍, 77 ശരാശരിയില്‍ 385 റണ്‍സ്, 4 അര്‍ധ സെഞ്ചറി, സ്‌ട്രൈക്ക് റേറ്റ് 161 ഈ ഐപിഎല്‍ സീസണിലെ മിന്നും ഫോം കൂടിയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വഴി തുറന്നത്. ഋഷഭ് പന്ത് (398) കഴിഞ്ഞാല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് സഞ്ജു. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ദിനേശ് കാര്‍ത്തികിന് (195) പിന്നിലായി രണ്ടാം സ്ഥാനത്ത് സഞ്ജുവുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നതിലുപരി ക്യാപ്റ്റന്‍സി മികവിലും സഞ്ജു ശ്രദ്ധിക്കപ്പെട്ട സീസണാണ് ഇത്.

ഒന്‍പതില്‍ 8 മത്സരങ്ങളും ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഇതിനോടകം പ്ലേഓഫ് ഏറക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. സീസണില്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ജയം, ഏറ്റവുമധികം റണ്‍സ്, അര്‍ധ സെഞ്ചറി, സ്‌ട്രൈക്ക് റേറ്റ് എന്ന റെക്കാര്‍ഡും സഞ്ജുവിന്റെ പേരിലാണ്. 

ആദ്യ മത്സരങ്ങളില്‍ മികച്ച ഫോമിലാവുകയും പിന്നീട് അത് നഷ്ടപ്പെടുന്ന താരമാണ് സഞ്ജു എന്നാണ് വിമര്‍ശകര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 2024ലെ ഐപിഎല്ലിലെ മികച്ച പ്രകടത്തിലൂടെ അത് മാറ്റി പറയിപ്പിച്ചിരിക്കുകയാണ് താരം. രാജഡസ്ഥാന്‍ റോയല്‍സിലെ ക്യാപ്റ്റന്‍സിയില്‍ എല്ലാവരെയും കൈയിലെടുത്തിരിക്കുകയാണ് താരം. 2015-ല്‍ സിംബാബ്വേക്കെതിരായ ട്വന്റി-20 പരമ്പരയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സഞ്ജു ആദ്യമായാണ് ലോകകപ്പ് ടീമിലെത്തുന്നത്. മുമ്പ് രണ്ടുവട്ടം ലോകകപ്പ് ടീമിന്റെ പടിവാതില്‍ക്കലെത്തിയെങ്കിലും അവസാനനിമിഷം തഴയപ്പെട്ടു.

2022-ല്‍ ഓസ്ട്രേലിയന്‍ ട്വന്റി-20 ലോകകപ്പായിരുന്നു അതില്‍ ആദ്യം. ആ ടൂര്‍ണമെന്റിന് മുന്നോടിയായി സഞ്ജുവിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ പ്രശംസിച്ചിരുന്നു. സഞ്ജുവിന്റെ പുള്‍ ഷോട്ടും കട്ട് ഷോട്ടും ടീമിന് മുതല്‍ക്കൂട്ടാകുമെന്നു പറഞ്ഞ രോഹിത് ഇങ്ങനെ കളിക്കുന്നവരെ ടീമില്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ പ്രസ്താവനയ്ക്കു ശേഷംനടന്ന ഐ.പി.എലിലും സഞ്ജു തിളങ്ങി. 146.76 സ്ട്രൈക്ക് റേറ്റില്‍ 458 റണ്‍സ്. എന്നാല്‍, ഐ.പി.എലിനുശേഷം വലംകൈ ബാറ്ററെ അവഗണിച്ചു.

അതിനുശേഷം ഇന്ത്യ ആറ് ദ്വിരാഷ്ട്ര പരമ്പരയും ഏഷ്യാകപ്പും കളിച്ചു. ഇതില്‍ അവസരം കിട്ടിയത് രണ്ടുതവണ മാത്രം. ഈ രണ്ടിലും തിളങ്ങിയെങ്കിലും ടീമിലെടുത്തില്ല. ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും ഓസ്ട്രേലിയയിലേക്കുള്ള വിമാനം കയറി. രണ്ടുപേരും ആ ലോകകപ്പില്‍ തിളങ്ങിയതുമില്ല. ഒരുപാട് അവഗണനകളെ മറികടന്നാണ് സഞ്ജുവിന്റെ ഇപ്പോഴത്തെ ടീം പ്രവേശനം. നിരവധി പേരാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരിക്കുന്നത്. 

 

Sanju Samson t20 world cup 2024 ipl 2024 season 17