എല്ലാ കണ്ണുകളും കാര്യവട്ടത്തേക്ക്; സഞ്ജുവില്‍ പ്രതീക്ഷ

ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിങ് വിരുന്നിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ 4 മത്സരങ്ങളില്‍ 40 റണ്‍സ് മാത്രം നേടിയ സഞ്ജു ആ നഷ്ടക്കണക്കെല്ലാം സ്വന്തം നാട്ടില്‍ തീര്‍ക്കുമെന്നാണ് പ്രതീക്ഷ

author-image
Biju
New Update
sanju 3

തിരുവനന്തപുരം: കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍, നാല്‍പതിനായിരത്തിലേറെ കാണികളുടെ ആവേശത്തിനു നടുവില്‍ ഇന്ന് ടീം ഇന്ത്യയും സഞ്ജുവും കരുതിവച്ചിരിക്കുന്ന വിരുന്നെന്താവും? മത്സരം രാത്രി 7 മുതല്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ 3 മത്സരങ്ങളും ആധികാരികമായി ജയിച്ച ഇന്ത്യയ്ക്കു പക്ഷേ, വിശാഖപട്ടണത്ത് നടന്ന കഴിഞ്ഞ മത്സരത്തിലെ 50 റണ്‍സ് തോല്‍വി ആഘാതമായിരുന്നു. ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള അവസാന അങ്കം ജയിക്കാന്‍ 2 ടീമുകളും കച്ചകെട്ടുമ്പോള്‍ ഇന്നു ഗ്രൗണ്ടില്‍ പൊടിപാറുമെന്ന് തീര്‍ച്ച.

ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിങ് വിരുന്നിനായാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ 4 മത്സരങ്ങളില്‍ 40 റണ്‍സ് മാത്രം നേടിയ സഞ്ജു ആ നഷ്ടക്കണക്കെല്ലാം സ്വന്തം നാട്ടില്‍ തീര്‍ക്കുമെന്നാണ് പ്രതീക്ഷ. ഫോമിലാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനാവാതെ പോയ അഭിഷേകിനും നായകന്‍ സൂര്യകുമാര്‍ യാദവിനും ഇതു മടങ്ങിവരവിനുള്ള അവസരമാണ്.

ഇഷാന്‍ കിഷന്‍, ശിവം ദുബെ, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും വെടിക്കെട്ടു പ്രകടനക്കാര്‍. ബോളിങ്ങില്‍ ജസ്പ്രീത് ബുമ്ര, ഹാര്‍ദിക്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇന്ത്യയുടെ മുഖ്യ വിക്കറ്റ് വേട്ടക്കാര്‍.

ഫോം നിലനിര്‍ത്താന്‍ കിവീസ്‌ന്യൂസീലന്‍ഡ് ബാറ്റിങ് നിരയ്ക്കു കഴിഞ്ഞ കളിയില്‍ മാത്രമാണ് തിളങ്ങാനായത്. മധ്യനിരയുടെ തകര്‍ച്ചയാണ് അവരുടെ പ്രശ്‌നം. ഫോമിലുള്ളത് ഗ്ലെന്‍ ഫിലിപ്‌സ് മാത്രം. അദ്ദേഹത്തെക്കൂടാതെ പരമ്പരയില്‍ 100 റണ്‍സിലേറെ നേടിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ മാത്രം. പേസര്‍ ജേക്കബ് ഡഫിയും ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധിയുമാണ് ബോളിങ്ങില്‍ തുറുപ്പുചീട്ടുകള്‍. സ്പിന്നര്‍ കൂടിയായ സാന്റ്‌നറുടെ ഓള്‍റൗണ്ട് പ്രകടനം അവര്‍ക്കു നിര്‍ണായകം.

 കോഴിക്കോട് വടകരയില്‍ നിന്നു കൊണ്ടുവന്ന കളിമണ്ണ് ഉപയോഗിച്ച് പുതുക്കിയ പിച്ച് ബാറ്റര്‍മാര്‍ക്ക് തകര്‍ത്താടാന്‍ പോന്നതാണ്. തിരുവനന്തപുരത്തെ തന്നെ മണ്ണ് ഉപയോഗിച്ച് നിര്‍മിച്ചിരുന്ന ഈ പിച്ചില്‍ മുന്‍പ് രാജ്യാന്തര മത്സരങ്ങള്‍ നടന്നിട്ടുണ്ട്.

പിന്നീടാണ് വടകര മണ്ണ് ഉപയോഗിച്ച് നവീകരിച്ചത്. അതിനു ശേഷം ഇന്ത്യന്‍ പുരുഷ ടീം ഇവിടെ രാജ്യാന്തര മത്സരം കളിക്കുന്നത് ആദ്യമായാണെങ്കിലും കഴിഞ്ഞ മാസം ഇന്ത്യശ്രീലങ്ക വനിത ട്വന്റി20 പരമ്പരയിലെ 2 മത്സരങ്ങള്‍ ഈ പിച്ചില്‍ നടത്തിയിരുന്നു. ഇന്ത്യന്‍ ടീം ഒരു മത്സരത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാവുന്ന ബാറ്റിങ് പിച്ചാണിതെന്നാണ് കെസിഎ മുഖ്യ ക്യുറേറ്റര്‍ എ.എം.ബിജുവിന്റെ സാക്ഷ്യം.

ഇതുവരെ നടന്ന 9 രാജ്യാന്തര മത്സരങ്ങളില്‍ എട്ടിലും ജയിച്ച ഇന്ത്യയുടെ ഭാഗ്യ മൈതാനമാണ് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം. ഇവിടെ നടന്ന പുരുഷ ടീമിന്റെ 4 ട്വന്റി20 മത്സരങ്ങളില്‍ ഒരിക്കല്‍ വെസ്റ്റിന്‍ഡീസിനോട് മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.