/kalakaumudi/media/media_files/2025/08/28/sanju-2025-08-28-16-47-28.jpg)
മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ ന്യൂസിലാന്‍ഡുമായി മത്സരിക്കുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചു കൊണ്ട് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് പക്ഷേ നാലാം മത്സരത്തില്‍ കാലിടറിയിരുന്നു. ഈ മത്സരങ്ങളില്‍ എല്ലാം തന്നെ സഞ്ജു സാംസണിന് കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാന്‍ ആയില്ലെന്ന് മാത്രമല്ല അദ്ദേഹം സമ്പൂര്‍ണ പരാജമായി മാറിയിരുന്നു.
ഇപ്പോഴിതാ ഗില്ലിന് പകരക്കാരനായി തിരിച്ചെത്തിയിട്ടും ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണിനെ പിന്തുണച്ച് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തിന് കാരണം മാനസിക സമ്മര്‍ദ്ദമാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. ടീമില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട യുസ്വേന്ദ്ര ചാഹലിന്റെ നിലപാടിന് വിപരീതമാണ് അശ്വിന്റെ ഈ അഭിപ്രായമെന്നതാണ് ശ്രദ്ധേയമായ കാര്യം.
തന്റെ ഫോം കണ്ടെത്താനായി സഞ്ജു സാംസണ്‍ വിഷമിക്കുന്ന ഘട്ടത്തിലാണ് അശ്വിന്റെ പിന്തുണ വന്നിരിക്കുന്നത്. ഈ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്, ശരാശരി 10 ആയി കുറഞ്ഞു. സ്‌ട്രൈക്ക് റേറ്റും നിരാശാജനകമായിരുന്നു. എന്നാല്‍ സഹതാരങ്ങളായ അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് എന്നിവര്‍ അതിന് വിപരീതമായി നല്ല പ്രകടനം കാഴ്ചവച്ചിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ നാലാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പ്രകടനം കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ ജയിച്ച ഇന്ത്യ, നാലാം മത്സരത്തില്‍ 50 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ടീമിന്റെ ബാറ്റിംഗ് നിരയുടെ കൂട്ടായ പരാജയം ഈ മത്സരത്തില്‍ പ്രകടമായി.
ഇതിന് പിന്നാലെയാണ് സഞ്ജുവിന്റെ ബാറ്റിംഗ് പ്രതിസന്ധിക്ക് പിന്നിലെ പ്രധാന കാരണം സമ്മര്‍ദ്ദമാണെന്ന് രവിചന്ദ്രന്‍ അശ്വിന്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 'ഒരു നല്ല കളിക്കാരനല്ലെങ്കില്‍ ഇവിടെയെത്താന്‍ കഴിയില്ല. നിങ്ങളുടെ മനസ് ചിന്തകളാല്‍ മൂടുമ്പോള്‍, ലെങ്തും ലൈനും തിരിച്ചറിയാന്‍ പ്രയാസമാകും. അവന്റെ മനസില്‍ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് എനിക്ക് തീര്‍ച്ചയാണ്' അശ്വിന്‍ പറഞ്ഞു.
കൂടാതെ ഒരു കളിക്കാരന് വേണ്ടി മാത്രമായി ടീമില്‍ പ്രത്യേക സ്ഥാനം സൃഷ്ടിക്കുന്നതിനെയും ആര്‍ അശ്വിന്‍ ചോദ്യം ചെയ്തു. ഇഷാന്‍ കിഷനെ അഭിഷേക് ശര്‍മ്മയോടൊപ്പം ഓപ്പണറായി പരിഗണിക്കുകയാണെങ്കില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നതിനോട് താന്‍ യോജിക്കുന്നുവെന്ന് അശ്വിന്‍ വ്യക്തമാക്കി.
'നമുക്കൊരു കളിക്കാരനുവേണ്ടി ഒരു 'സ്ലോട്ട്' ഉണ്ടാക്കാന്‍ കഴിയില്ല. കളിക്കാരനോട് ഒരു ഇടവേള എടുക്കാന്‍ പറയേണ്ടത് പ്രധാനമാണ്. പുറത്തിരുന്ന് ആലോചിക്കുന്നത് നിങ്ങളെ മികച്ച കളിക്കാരനാക്കും. അവനെ മധ്യനിരയിലേക്ക് തിരിച്ചയക്കുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഒരു കളിക്കാരനുവേണ്ടി ഒരു സ്ലോട്ട് ഉണ്ടാക്കിയാല്‍, മറ്റുള്ളവരെല്ലാം അതിന് ചുറ്റും കറങ്ങേണ്ടി വരും' എന്നായിരുന്നു അശ്വിന്റെ വാക്കുകള്‍.
സഞ്ജുവിന്റെ ബാറ്റിംഗ് രീതികളെയും അശ്വിന്‍ നിരീക്ഷിച്ചു. 'ബാക്ക്-ആന്‍ഡ്-അക്രോസ്സ് മൂവ്‌മെന്റ് ഇല്ലാത്തതിനാല്‍ ബൗളര്‍മാര്‍ സഞ്ജുവിന്റെ മിഡില്‍, ലെഗ് സ്റ്റമ്പുകളില്‍ പന്തെറിയുന്നു. ഇത് അവനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു' എന്നാണ് അശ്വിന്‍ പറയുന്നത്. എന്തായാലും അഞ്ചാമത്തെ ടി20യില്‍ സഞ്ജു സ്വന്തം നാട്ടില്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ തികഞ്ഞ പ്രതീക്ഷയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
