പിആര്‍ ബലത്തില്‍ ടീമിലെത്തുന്നു; സഞ്ജുവിനെതിരെ ആരാധകര്‍

ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20യില്‍ ഏഴ് പന്തില്‍ നിന്ന് 10 റണ്‍സും രണ്ടാം ടി20യില്‍ അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സുമാണ് സഞ്ജുവിന് കണ്ടെത്താനായത്. ഇതോടെ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റണം എന്ന മുറവിളി ഉയര്‍ന്ന് കഴിഞ്ഞു

author-image
Biju
New Update
prr

മുംബൈ: ന്യൂസിലന്‍ഡിന് എതിരായ ആദ്യ രണ്ട് ടി20യിലും ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ സഞ്ജുവിനെതിരെ രൂക്ഷ വിമര്‍ശനം. പിആര്‍ നടത്തി ടീമിലെത്തുന്നു എന്നെല്ലാമുള്ള പരിഹാസങ്ങളും ആരോപണങ്ങളുമാണ് മലയാളി താരത്തിനെതിരെ ഉയരുന്നത്. 

ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20യില്‍ ഏഴ് പന്തില്‍ നിന്ന് 10 റണ്‍സും രണ്ടാം ടി20യില്‍ അഞ്ച് പന്തില്‍ നിന്ന് ആറ് റണ്‍സുമാണ് സഞ്ജുവിന് കണ്ടെത്താനായത്. ഇതോടെ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റണം എന്ന മുറവിളി ഉയര്‍ന്ന് കഴിഞ്ഞു. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന വാദങ്ങളാണ് ശക്തമാകുന്നത്. 

രണ്ടാം ടി20യില്‍ ഇഷാന്‍ കിഷന്‍ 32 പന്തില്‍ നിന്ന് 76 റണ്‍സ് അടിച്ചെടുത്തിരുന്നു. സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം മോശമാകുന്നതോടെ ടീമില്‍ നിന്ന് മാറ്റുന്നു. പിആര്‍ ടീമിന്റെ സഹായത്താല്‍ വീണ്ടും ടീമിലെടുക്കുന്നു. വിരമിക്കാന്‍ സമയമായിരിക്കുന്നു. ഏറ്റവും ഫ്രോഡായ കളിക്കാരന്‍ എന്നെല്ലാമുള്ള വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടം നേടിയിട്ടുണ്ട്. ടി20 വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിട്ടും മികവ് കാണിക്കാനാവാതെ വന്നതോടെയാണ് പുറത്താക്കിയത്. ഗില്ലിന് വേണ്ടി സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റുകയും ലോവര്‍ ഓര്‍ഡറില്‍ ഇറക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്ലേയിങ് ഇലവനില്‍ നിന്നും പുറത്താക്കി. ഇതോടെ വലിയ വിമര്‍ശനമാണ് സെലക്ഷന്‍ കമ്മറ്റിക്ക് നേരെ ഉയര്‍ന്നത്. 

വിമര്‍ശനങ്ങള്‍ കടുത്തതോടെ വൈസ് ക്യാപ്റ്റനെ ഒഴിവാക്കി സെലക്ടര്‍മാര്‍ ടി20 ലോകകപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ റോള്‍ സഞ്ജുവിന് ലഭിച്ചു. പക്ഷേ അത് ഉപയോഗപ്പെടുത്താന്‍ ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് സാധിച്ചില്ല. മൂന്നാം ടി20യിലും സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍ അതിലും റണ്‍സ് സ്‌കോര്‍ ചെയ്യാനായില്ലെങ്കില്‍ സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായേക്കും.